പെര്‍ത്ത്: പതിനെട്ടു ദിവസത്തെ തിരോധാനത്തിനു ശേഷം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയ നാലു വയസുകാരി ക്ലിയോ സ്മിത്തിന്റെ അത്ഭുതകരമായ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ഒരു നാട് മുഴുവന്‍. ക്ലിയോ സ്മിത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന കാര്‍നാര്‍വോണ്‍ മേഖലയാകെ ആഹ്‌ളാദത്തിമിര്‍പ്പിലാണ്.
ക്ലിയോ സ്മിത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലും തെരച്ചിലിലും കുടുംബാംഗങ്ങള്‍ക്കൊപ്പം ആ നാടൊന്നാകെ പങ്കുചേര്‍ന്നിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 16-ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍നിന്ന് കാണാതായ ക്ലിയോ സ്മിത്തിനെ ഇന്നലെ പുലര്‍ച്ചെയാണ് കാര്‍നാര്‍വോണിലെ ഒരു അടച്ചിട്ട വീട്ടില്‍നിന്ന് കണ്ടെത്തിയത്. പൂട്ടു പൊളിച്ച് അകത്തു കടന്ന പോലീസ് അവളെ രക്ഷിക്കുകയായിരുന്നു. ക്ലിയോയെ കണ്ടെത്തിയെന്ന സന്തോഷ വാര്‍ത്ത കേട്ടാണ് ഈ നാട് ഇന്നലെ ഉണര്‍ന്നത്. ഉടനെ അവളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അവര്‍ ആരംഭിച്ചിരുന്നു.
പതിനെട്ടു ദിവസത്തെ തിരോധാനത്തിനു ശേഷം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയ നാലു വയസുകാരി ക്ലിയോ സ്മിത്ത് ആദ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍.
ക്ലിയോ സ്മിത്ത് അവളുടെ മാതാപിതാക്കള്‍ക്കൊപ്പം ഒന്നിച്ചപ്പോള്‍ നാട്ടുകാരും ആ കണ്ണീര്‍ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. അവളെ സ്വാഗതം ചെയ്യാന്‍ വര്‍ണ ബലൂണുകളും തോരണങ്ങളും തൂക്കി ബോര്‍ഡുകളും സ്ഥാപിച്ച് വീടിനു സമീപം അലങ്കരിച്ചിരുന്നു. 5,000 മാത്രം ജനസംഖ്യയുള്ള ശാന്തമായ ഈ പട്ടണം ക്ലിയോ സ്മിത്തിന്റെ തിരോധാനത്തോടെയാണ് മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. 18 ദിവസത്തോളം രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ക്ലിയോയുടെ വീട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. മാധ്യമങ്ങളുടെ വന്‍പടയും ഇവിടെയുണ്ടായിരുന്നു.
കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ആശുപത്രിയില്‍.
സംഭവവുമായി ബന്ധപ്പെട്ട് 36 വയസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയും ഇന്നുമായി രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
കുട്ടിയെ കണ്ടെത്തിയ ഉടനെ വാരിയെടുത്ത പോലീസിനോട് അവള്‍ പുഞ്ചിരിയോടെ പ്രതികരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരൊക്കെ ആനന്ദാശ്രു പൊഴിച്ചു. കുട്ടിയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനും രക്ഷാപ്രവര്‍ത്തകര്‍ക്കും രാജ്യത്തിനുമൊന്നാകെ നല്‍കിയത്.
കാര്‍നാര്‍വോണിലെ കാത്തലിക് സ്‌കൂളിലെ സെന്റ് മേരി സ്റ്റാര്‍ സ്‌കൂളിലാണ് ക്ലിയോ പഠിക്കുന്നത്. ക്ലിയോയുടെ കൂട്ടുകാരുടെ മാതാപിതാക്കളും അധ്യാപകരും ഈ തിരിച്ചുവരവില്‍ വലിയ ആശ്വാസമാണ് പ്രകടിപ്പിച്ചത്. നാലു വയസുകാരിയുടെ തിരോധാനം കടുത്ത ആശങ്കയാണ് അവര്‍ക്കിടയില്‍ സൃഷ്ടിച്ചത്.
നഗരത്തിലൂടെ ഇന്ന് നടന്നപ്പോള്‍ രണ്ടാഴ്ച്ചയായി അനുഭപ്പെട്ടിരുന്ന കാര്‍മേഘം നീങ്ങി എല്ലായിടത്തും സന്തോഷം നിറഞ്ഞുനില്‍ക്കുന്നതായി അനുഭവപ്പെട്ടെന്ന് ക്ലിയോയുടെ ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മ ലെറ്റീഷ്യ ആന്‍ഡ്രിയോളി പറഞ്ഞു.
സ്‌കൂളിലെ ഓരോ അംഗവും രക്ഷാപ്രവര്‍ത്തകരോടു കടപ്പെട്ടിരിക്കുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്റ്റീവ് ഒഹാലോറന്‍ പറഞ്ഞു. ക്ലിയോയ്ക്കും അവളുടെ കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലിയോ സ്മിത്തിനെ സ്വാഗതം ചെയ്യാനായി കാര്‍നാര്‍വോണില്‍ സ്ഥാപിച്ച ബോര്‍ഡ്
ക്ലിയോയെ തിരിച്ചുകിട്ടിയതില്‍ എല്ലാവരും ഏറെ സന്തോഷത്തിലാണെന്നു നാട്ടുകാരിയായ ജെസീക്ക ഫെര്‍ണിഹോ പറഞ്ഞു. കഴിഞ്ഞ 18 ദിവസങ്ങളില്‍ നാട്ടുകാരുടെ മനസില്‍ ക്ലിയോ മാത്രമാണ് ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിറയെ നാല് വയസുകാരിയെക്കുറിച്ച് പോസ്റ്റുകള്‍ മാത്രമായിരുന്നു.
കാര്‍നാര്‍വോണ്‍ കൂടാതെ പെര്‍ത്ത്, എക്സ്മൗത്ത്, ജെറാള്‍ഡ്ടണ്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും സംസ്ഥാനത്തിനു പുറത്തുനിന്നു പോലും നിരവധി ആളുകള്‍ അവളുടെ ക്ഷേമം തിരക്കിയെത്തിയതായി ജെസീക്ക പറഞ്ഞു.
'തടവറ'യിലെ 18 ദിവസങ്ങള്‍
പൂട്ടിയിട്ട വീട്ടില്‍നിന്ന് രക്ഷപ്പെടുത്തിയ ക്ലിയോയെ ഇന്നലെ മുഴുവന്‍ പരിചരിക്കുന്ന തിരക്കിലായിരുന്നു അമ്മ എല്ലി സ്മിത്ത്. ക്ലിയോയുടെ ആരോഗ്യനിലയെക്കുറിച്ച് ഏറെ ആശങ്കയുണ്ടായിരുന്നു. ഇന്നലെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായതിനാല്‍ വീട്ടിലേക്കു വിട്ടു.
കുഞ്ഞു ക്ലിയോയുടെ അസാധാരണമായ അതിജീവന കഥയാണ് മാധ്യമങ്ങളില്‍ ഇന്നലെ നിറഞ്ഞുനിന്നത്. എല്ലാവരുടെയും പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് ക്ലിയോയുടെ അത്ഭുതകരമായ തിരിച്ചുവരവുണ്ടായത്. മാതാപിതാക്കളില്‍ നിന്നു വേര്‍പിരിഞ്ഞ് അപരിചതനായ ഒരു വ്യക്തിക്കൊപ്പം അപകടകരമായ സാഹചര്യത്തില്‍ നാലു വയസുകാരി 18 ദിവസം കഴിഞ്ഞത് അത്ഭുതത്തോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കാണുന്നത്. എങ്കിലും മനസാന്നിധ്യം കൈവിടാതെ പോലീസുകാരോടു പുഞ്ചിരിയോടെ പ്രതികരിച്ച ക്ലിയോയുടെ പക്വതയെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്.
ക്ലിയോ സ്മിത്ത് അമ്മ എല്ലി സ്മിത്തിനൊപ്പം.
കേസ് അന്വേഷണത്തിന്റെ മറ്റൊരു സുപ്രധാന ഘട്ടത്തിലേക്കാണ് ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ കടക്കുന്നത്. 18 ദിവസത്തോളം ക്ലിയോ എങ്ങനെ ആ അടച്ചിട്ട വീട്ടില്‍ കഴിഞ്ഞു, കുട്ടിയെ തട്ടിയെടുത്തതിനു പിന്നിലെ പ്രതിയുടെ ഉദ്ദേശം എന്നിവയ്‌ക്കൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കുട്ടിയുടെ മനോനില സാധാരണ നിലയിലായതിനാല്‍ പതിയെ അവളില്‍നിന്നു വിവരങ്ങള്‍ തേടാനുള്ള ഒരുക്കത്തിലാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസ്.
പ്രായം കണക്കിലെടുക്കുമ്പോള്‍ തീരെച്ചെറിയ കുട്ടിയായതിനാല്‍ ഏറെ ശ്രദ്ധയോടെ വേണം അവളോടു കാര്യങ്ങള്‍ ചോദിച്ചറിയാനെന്ന് ആക്ടിംഗ് കമ്മീഷണര്‍ ബ്ലാഞ്ച് പറഞ്ഞു. ഇതിനായി വിദഗ്ധരായ ചൈല്‍ഡ് കൗണ്‍സലര്‍മാരെ നിയോഗിക്കും. വിവരങ്ങള്‍ ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. ഇപ്പോഴവള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ആ കറുത്ത ദിനങ്ങളെ മറക്കാന്‍ ശ്രമിക്കുകയാണ്.
അമ്മയെ കാണാതെ ഒരു അപരിചിതന്റെ വീട്ടില്‍ 18 ദിവസത്തോളം പേടിച്ചു കഴിഞ്ഞത് കുട്ടിയിലുണ്ടാക്കിയ ആഘാതം എത്രത്തോളമാണെന്നു നിങ്ങള്‍ക്ക് ഊഹിക്കാനാകും. അവളുടെ സന്തോഷം വീണ്ടെടുക്കുന്നതിനാണു മുന്‍ഗണനയെന്ന് ആക്ടിംഗ് കമ്മീഷണര്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഈ ദിവസങ്ങളില്‍ ക്ലിയോയുമായി സംസാരിക്കുമെന്ന സൂചനയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിറ്റക്ടീവ് സൂപ്രണ്ട് റോഡ് വൈല്‍ഡ് നല്‍കിയത്. ക്ലിയോയുടെ ക്ഷേമമാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കുട്ടിയെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ ബലം പ്രയോഗിച്ചു കയറിയ നാലു പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങളും ആക്ടിംഗ് കമ്മീഷണര്‍ പുറത്തുവിട്ടു. തോക്കുകളും ഡിറ്റക്ടീവ് സ്യൂട്ടുകളും ധരിച്ചിട്ടുണ്ടെങ്കിലും ഈ ഉദ്യോഗസ്ഥര്‍ സൗമ്യരായ, ഹൃദയത്തില്‍ നന്മയുള്ള പിതാക്കന്മാരാണ്. 18 ദിവസമായി ക്ലിയോയെ കണ്ടെത്താന്‍ ഉറക്കമില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍.
ഇന്നലെ പോലീസ് പുറത്തുവിട്ട, ക്ലിയോയെ കണ്ടെത്തുന്ന ഹൃദയസ്പര്‍ശിയായ വീഡിയോയില്‍ ഡിറ്റക്ടീവ് സീനിയര്‍ സര്‍ജന്റ് കാമറൂണ്‍ ബ്ലെയ്‌നാണ് കുട്ടിയോട് സംസാരിക്കുന്നതെന്ന് ബ്ലാഞ്ച് വെളിപ്പെടുത്തി. കുറ്റകൃത്യങ്ങളുടെ ലോകത്തു കഴിയുന്ന ഡിറ്റക്ടീവുകള്‍ക്ക് എല്ലായപ്പോഴും ഇത്തരം സന്തോഷകരമായ നിമിഷങ്ങള്‍ ലഭിക്കണമെന്നില്ല. പോലീസിന്റെ ഏറ്റവും ആര്‍ദ്രമായ മുഖമാണ് ആ വീഡിയോയില്‍ നിങ്ങള്‍ കണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യലിനു വിധേയനാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ക്ലിയോയുടെ കുടുംബവുമായി ഇയാള്‍ക്കു ബന്ധമില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരേ കുറ്റമൊന്നും ചുമത്തിയിട്ടില്ല. ക്ലിയോയുടെ തിരോധനത്തിനു പിന്നിലെ ഉദ്ദേശ്യം കണ്ടെത്താന്‍ ഉടന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.
കൂടുതല്‍ വായനയ്ക്ക്:
'നിന്റെ പേരെന്താണ്? എന്റെ പേര് ക്ലിയോ'; 18 ദിവസമായി കാണാതായ നാലു വയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.