തമിഴ്നാട് മന്ത്രിമാരുടെ അഞ്ചംഗ സംഘം മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാന്‍ ഇന്നെത്തും

 തമിഴ്നാട് മന്ത്രിമാരുടെ അഞ്ചംഗ സംഘം മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാന്‍ ഇന്നെത്തും

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും. ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്‍, ധന മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ആര്‍. ചക്രപാണി എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ സംഘമാണ് സന്ദര്‍ശനത്തിന് എത്തുന്നത്.

തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളില്‍ നിന്നുള്ള നിന്നുള്ള എം എല്‍ എ മാരും മന്ത്രിമാര്‍ക്കൊപ്പം ഡാം സന്ദര്‍ശിക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്നിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഐഎഡിഎംകെ ഈ മാസം ഒന്‍പതിന് വിവിധ സ്ഥലങ്ങളില്‍ സമരം നടത്താന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. സന്ദര്‍ശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കാണും.

ഇതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138.80 അടിയായി ഉയരുകയും ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു. സെക്കന്റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണം. അഞ്ചു മണിക്കൂര്‍ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടച്ചിട്ട ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.