തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ച പൊളിഞ്ഞു; മരയ്ക്കാര്‍ റിലീസ് ഒടിടിയില്‍ തന്നെ

തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ച പൊളിഞ്ഞു; മരയ്ക്കാര്‍ റിലീസ് ഒടിടിയില്‍ തന്നെ

കൊച്ചി: മോഹന്‍ലാല്‍ ചിത്രം 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചന്ന് ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ അറിയിച്ചു.

നഷ്ടം ഉണ്ടായാല്‍ നികത്തണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം ഫിയോക് അംഗീകരിച്ചില്ല. സര്‍ക്കാരിനോടും ചര്‍ച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേംബര്‍ ആണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. ഫിയോക്ക് വാശിപിടിക്കരുതെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മരയ്ക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റി വെച്ചിരുന്നു. സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയതെന്നായിരുന്നു വിശദീകരണം.

എല്ലാവര്‍ക്കും സൗകര്യ പ്രദമായ മറ്റൊരു തീയതിയില്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് സിനിമാ സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞതോടെയാണ് സര്‍ക്കാര്‍ ഇടപെടാന്‍ തീരുമാനിച്ചത്.

അഡ്വാന്‍സ് തുകയായി മരയ്ക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 40 കോടി എന്ന ആവശ്യം തള്ളിയതിന് പിന്നാലെ പരാമവധി 10 കോടിയെന്നായിരുന്നു ഫിയോക്കിന്റെ മറുപടി.

ഒടുവില്‍ ചേംബര്‍ ഇടപെടലില്‍ നിര്‍മ്മാതാവ് മുന്‍കൂര്‍ തുക 25 കോടിയാക്കി. പരമാവധി സ്‌ക്രീനുകള്‍ എന്ന നിര്‍മ്മാതാവിന്റെ ആവശ്യം ഫിയോക് അംഗീകരിച്ചിരുന്നു. റിലീസ് സമയം 500 കേന്ദ്രങ്ങളില്‍ മൂന്നാഴ്ച മരയ്ക്കാര്‍ മാത്രം പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു ഉറപ്പ്.

ഒടിടിയില്‍ ആമസോണ്‍ അടക്കമുള്ള പ്ലാറ്റ് ഫോമുകള്‍ മരയ്ക്കാറിന് വെച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ്, തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.