ബെംഗ്‌ളൂരൂ: കര്‍ണാടകയിലെ മത പരിവര്‍ത്തന ബില്ലിനെതിരെ മെത്രാന്മാര്‍ രംഗത്ത്. ക്രിസ്ത്യന്‍ ആരാധനാലയങ്ങളെയും മിഷനറിമാരേയും മറ്റ് ക്രിസ്ത്യന്‍ സ്ഥാപനങ്ങളെയും കുറിച്ച് സര്‍വേ നടത്താനുള്ള ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ബെംഗളൂരു ആര്‍ച്ചുബിഷപ്പ് മാര്‍ പീറ്റര്‍ മച്ചാഡോ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹവും ഒരേ സ്വരത്തില്‍ സര്‍വ്വെ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നു. നിലവിലുള്ള നിയമങ്ങളുടെ മേല്‍ ഏന്തെങ്കിലും വ്യതിചലനം ഉണ്ടായാല്‍ നിരീക്ഷിക്കാന്‍ മതിയായ നിയമസംവിധാനം ഉള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇത്തരമൊരു സര്‍വേയുടെ ആവശ്യകത എന്തിനാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ പീറ്റര്‍ മച്ചാഡോ ചോദിച്ചു.
എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേതിന് സമാനമായി മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കണോ എന്ന് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇത്തരമൊരു മതപരിവര്‍ത്തന വിരുദ്ധ ബില്ല്, നിയമം കൈയിലെടുക്കുന്നതിന് സര്‍ക്കാരിനുള്ള ഒരു ഉപാധി ആയിരിക്കും. പക്ഷെ അത് ആഭ്യന്തര കലാപം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും ബിഷപ് മുന്നറിയിപ്പ് നല്‍കി.
മതപരിവര്‍ത്തനത്തിനായി തങ്ങള്‍ ബല പ്രയോഗമോ മറ്റ് പ്രവര്‍ത്തന രീതികളോ നടത്തിയതിന്റെ എന്തെങ്കിലും തെളിവുകള്‍ വിമര്‍ശനം ഉന്നയിക്കുന്നവരുടെ പക്കല്‍ ഉണ്ടോയെന്നും അദ്ദേഹം വെല്ലു വിളിച്ചു. ജാതി, മത, വര്‍ണ വ്യത്യാസമില്ലാതെ ആയിരക്കണക്കായ രോഗികള്‍ക്ക് തങ്ങളുടെ ആശുപത്രികളില്‍ നിന്നും പരിചരണ കേന്ദ്രങ്ങളില്‍ നിന്നും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ട്.
നിരവധി വിദ്യാര്‍ത്ഥികള്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. അവരില്‍ ആരോടെങ്കിലും മതം മാറി തങ്ങളുടെ മതത്തില്‍ ചേരാന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് തെളിയിക്കാനും ബിഷപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബാംഗ്ലൂര്‍ അതിരൂപതയില്‍ ഏകദേശം 400,000 കത്തോലിക്കരുണ്ട്. 2011ലെ സെന്‍സസ് പ്രകാരം കര്‍ണാടകയില്‍ ആകെ 1.1 ദശലക്ഷം ക്രിസ്ത്യാനികളാണുള്ളത്. എന്നിരുന്നാലും, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയായ 61 ദശലക്ഷത്തില്‍ 2% ല്‍ താഴെ മാത്രമാണ് ക്രിസ്ത്യാനികള്‍. സംസ്ഥാനത്തെ ആകെയുള്ള ജനങ്ങളില്‍ 84% ഹിന്ദുക്കളാണ്, 13% മുസ്ലീങ്ങളാണ്. അതുകൊണ്ടു തന്നെ എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്രസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കായി സര്‍വ്വെ നടത്തുകയും മതപരിവര്‍ത്തന ബില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഒന്നടങ്കം കര്‍ണാടകയിലെ ബില്ലില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്.
എന്തിനാണ് സര്‍വേ ആരംഭിച്ചത്?
സംസ്ഥാനത്ത് നിയമവിരുദ്ധമായ പള്ളികള്‍ കണ്ടെത്തുന്നതിനും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുമായി പള്ളികളില്‍ സര്‍വേ നടത്താനുള്ള ബിജെപി നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിന് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.
ഒക്ടോബര്‍ 25ന് സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ മൂന്നാഴ്ചയ്ക്കകം എതിര്‍പ്പ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് ആവശ്യപ്പെട്ടിരുന്നു.
ജൂലൈയില്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് പള്ളികളെക്കുറിച്ച് സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഏഴിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നോട്ടീസില്‍, ഇത് വെറും വിവരശേഖരണമാണെന്നാണ് വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
പള്ളികള്‍, അവയുടെ വിലാസം, ഭൂമിശാസ്ത്രപരമായ സ്ഥാനം, ഭൂമി സര്‍വേ നമ്പരുകള്‍, ചുമതലയുള്ള പുരോഹിതന്റെ പേര് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമം സംബന്ധിച്ച സംസ്ഥാന നിയമസഭാ കമ്മിറ്റി ഒക്ടോബര്‍ 13ന് സര്‍ക്കാരിനോടും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും പള്ളികളില്‍ മറ്റൊരു സര്‍വേ നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി അനധികൃത സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിയണമെന്നായിരുന്നു നിര്‍ദേശം.
സെപ്റ്റംബര്‍ 21ന് നടന്ന നിയമസഭാ സമ്മേളനത്തില്‍ തന്റെ മണ്ഡലത്തില്‍ സ്വന്തം അമ്മയടക്കം 15,000 മുതല്‍ 20,000 വരെ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് ആരോപണം ഉന്നയിച്ച ബി.ജെ.പി എം.എല്‍.എ ഗൂളിഹട്ടി ശേഖറാണ് സമിതിയുടെ അധ്യക്ഷന്‍ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഗൂളിഹട്ടിയുടെ ആരോപണം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംസ്ഥാനത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ടുവരുമെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരോടും അതത് പ്രദേശങ്ങളിലെ 'അംഗീകൃതവും അനധികൃതവുമായ' പള്ളികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പല പ്രതിപക്ഷ നേതാക്കളും ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രമുഖരും പള്ളികളെക്കുറിച്ചുള്ള സര്‍വേയെയും നിര്‍ദ്ദിഷ്ട മതപരിവര്‍ത്തന വിരുദ്ധ നിയമത്തെയും എതിര്‍ത്ത് രംഗത്ത് വന്നു.
ബംഗളൂരു ആര്‍ച്ചുബിഷപ്പ് മാര്‍ പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തില്‍കത്തോലിക്കാ ബിഷപ്പുമാരുടെ ഒരു പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിര്‍ദിഷ്ട നിയമത്തിനെതിരായ സമൂഹത്തിന്റെ പ്രതിഷേധം അറിയിച്ചിരുന്നു.
സമുദായത്തിനെതിരായ ആരോപണം വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നും മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണം അനാവശ്യമായ വര്‍ഗീയ പ്രശ്‌നങ്ങളും അശാന്തിയും സൃഷ്ടിക്കുമെന്നും പ്രതിനിധി സംഘം വ്യക്തമാക്കി. എന്നാല്‍ 2008ല്‍ കര്‍ണാടകയിലെ പള്ളികള്‍ തകര്‍ക്കുന്ന സമയത്ത് സമുദായത്തെ പിന്തുണച്ച ബൊമ്മൈ തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.
പിന്നീട് ഒക്ടോബര്‍ 14 ന് ബൊമ്മെയ്ക്ക് അയച്ച കത്തില്‍ പള്ളികള്‍ സര്‍വേ ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നതുവരെ സമൂഹം പ്രതിഷേധം തുടരുമെന്ന് ആര്‍ച്ച് ബിഷപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒക്ടോബര്‍ 25 ന് ഓള്‍ ഇന്ത്യ കര്‍ണാടക യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ കേന്ദ്ര സഹമന്ത്രി മാര്‍ഗരറ്റ് ആല്‍വ, മുന്‍ ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്, വിനിഷ നീറോ എംഎല്‍എ എന്നിവരുള്‍പ്പടെ സമുദായത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അപലപിച്ചിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും ആഭ്യന്തര വകുപ്പ് ഉദ്ധരിച്ച 36 നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും ബെംഗളൂരു അതിരൂപത ഉറപ്പു നല്‍കിയിരുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പള്ളികളുടെ എല്ലാ സ്വത്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് ബിഷപ്പ്‌സ് കൗണ്‍സില്‍വ്യക്തമാക്കി. പിന്നീടാണ് സര്‍വേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പിയുസിഎല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സര്‍വേയെന്നും എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ ശത്രുതാപരമായ വിവേചനത്തോടെ മാറ്റി നിര്‍ത്തുന്നതെന്നും പിയുസിഎല്‍ ചോദിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.