മെൽബൺ: ദേശീയതലത്തിൽ വാടക ഗർഭധാരണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ കത്തോലിക്കാ ബിഷപ്പുമാർ രംഗത്ത്.ഒരു തരത്തിലുള്ള വാടക ഗർഭധാരണവും അംഗീകരിക്കാനാവില്ലെന്ന് ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓസ്‌ട്രേലിയൻ നിയമ പരിഷ്കരണ കമ്മീഷനെ (ALRC) അറിയിച്ചു.
എഎൽആർസി പ്രസിഡന്റ് ജസ്റ്റിസ് മൊർദെക്കായ് ബ്രോംബർഗിനും അസിസ്റ്റന്റ് കമ്മീഷണർ റോൺലി സിഫ്രിസിനും സമർപ്പിച്ച ഒമ്പത് പേജുള്ള നിവേദനത്തിലാണ് വാടക ഗർഭധാരണത്തിനെതിരെ ബിഷപ്പ് ടോണി പെഴ്‌സി അധ്യക്ഷനായുള്ള സംഘടനയുടെ ബിഷപ്പുമാർ ശക്തമായ നിലപാടെടുത്തത്.
വിദേശ വാണിജ്യ വാടക ഗർഭധാരണത്തിന് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം കൂടുതൽ ശക്തമായി നടപ്പിലാക്കണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു. വാടക ഗർഭധാരണത്തിന്റെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന ഒരു നിയന്ത്രണ ചട്ടക്കൂടും രാജ്യത്ത് ഇല്ലെന്ന് ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി. വന്ധ്യതയുടെ വേദന യഥാർത്ഥവും അനുകമ്പ അർഹിക്കുന്നതുമാണെങ്കിലും വാടക ഗർഭധാരണം ന്യായമല്ല. അത് പലതരത്തിലുള്ള ദോഷങ്ങൾ കൊണ്ടുവരുന്നെന്ന് ബിഷപ്പുമാർ പറഞ്ഞു.
വാടക ഗർഭധാരണം സ്ത്രീകളെയും കുട്ടികളെയും ആരോഗ്യപരമായ പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. അത് പലതരത്തിലുള്ള വൈകാരിക ആഘാതത്തിന് കാരണമാവുകയും ചൂഷണത്തിനുള്ള വാതിൽ തുറക്കുകയും ചെയ്യുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് ഐഡന്റിറ്റി, രക്ഷാകർതൃത്വം തുടങ്ങിയവ ഉൾപ്പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതാണ്, ഇവ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷൻ സ്ഥിരീകരിച്ച അവകാശങ്ങളാണെന്നും ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയൻ നിയമത്തിന് കീഴിൽ കഴിയുന്ന ഓരോ കുട്ടികളുടെ അവകാശങ്ങൾക്ക് പരമ പ്രധാനമായ പ്രാധാന്യം നൽകണം. ഓരോ മനുഷ്യ വ്യക്തിയുടെയും അന്തസ് സംരക്ഷിക്കുകയും ദുർബലരായ സ്ത്രീകളെ ചൂഷണത്തിൽ നിന്നും ഉപദ്രവത്തിൽ നിന്നും സംരക്ഷിക്കുകയും വേണം.
ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ പ്രത്യാഘാതങ്ങൾ വഹിക്കുന്നത് കുട്ടികളാണ്. കരാർ വ്യവസ്ഥയിലൂടെയല്ല ഗർഭധാരണം നടക്കേണ്ടത് സ്നേഹത്തിലൂടെയായിരിക്കണമെന്നും ബിഷപ്പുമാർ പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.