റഡാറുകളുടെ ചാരക്കണ്ണുകള്‍ വെട്ടിച്ച് ലോകത്ത് എവിടെയുമെത്തി ആക്രമണം നടത്തും; സ്വന്തം ബോംബര്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ

റഡാറുകളുടെ ചാരക്കണ്ണുകള്‍ വെട്ടിച്ച് ലോകത്ത് എവിടെയുമെത്തി ആക്രമണം നടത്തും; സ്വന്തം ബോംബര്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്ത് എവിടെ വേണമെങ്കിലും ചെന്ന് ആക്രമണം നടത്താന്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരുന്ന ബോംബര്‍ വിമാനങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. 12,000 കിലോ മീറ്റര്‍ വരെ പറന്ന് ചെന്ന് ആക്രമണം നടത്താന്‍ കഴിയുന്ന സ്റ്റെല്‍ത്ത് ശേഷിയുള്ള ബോംബറുകളാണ് ഇന്ത്യ വികസിപ്പിക്കുന്നതെന്നാണ് പ്രതിരോധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്കാണ് ലോകത്തിന്റെ ഏത് കോണിലുമെത്തി ആക്രമണം നടത്താന്‍ പറ്റിയ ബോംബര്‍ വിമാനങ്ങള്‍ സ്വന്തമായുള്ളത്. പുതിയ നിര്‍മാണ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇന്ത്യയും ആ പട്ടികയില്‍ ഇടം നേടും.

അള്‍ട്രാ ലോങ് റേഞ്ച് സ്ട്രൈക്ക് എയര്‍ക്രാഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ബോംബര്‍ വിമാന പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. എങ്കിലും കുറഞ്ഞത് 12,000 കിലോ മീറ്റര്‍ ദൂരം വരെ പറന്ന് ചെന്ന് ആക്രമണം നടത്താന്‍ കഴിയുന്ന ബോംബര്‍ വിമാനമാണ് വികസിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റഷ്യയുടെ ടി.യു 160, അമേരിക്കയുടെ ബി 21 തുടങ്ങിയ ബോംബര്‍ വിമാനങ്ങളുടെ ഡിസൈനുകളില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഇന്ത്യയുടെ തദ്ദേശീയ സ്ട്രാറ്റജിക് ബോംബര്‍ വികസിപ്പിക്കുക എന്നാണ് പ്രാഥമിക വിവരം.

റഡാര്‍ നിരീക്ഷണങ്ങളെ മറികടക്കുന്ന സ്റ്റെല്‍ത്ത് ശേഷി, വന്‍തോതില്‍ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി എന്നിവ ഇന്ത്യയുടെ അള്‍ട്രാ ലോങ് റേഞ്ച് സ്ട്രൈക്ക് എയര്‍ക്രാഫ്റ്റിനുണ്ടാകും. നിലവില്‍ ആണവ പ്രത്യാക്രമണത്തിന് ഇന്ത്യയുടെ പക്കല്‍ ഭൂഖണ്ഡാന്തര മിസൈലുകളാണ് ഉള്ളത്. ഇവയുടെ പരിമിതികളെ മറികടക്കുന്നവയാണ് സ്ട്രാറ്റജിക് ബോംബറുകള്‍.

12,000 കിലോയോളം ആയുധങ്ങള്‍ വഹിച്ചുകൊണ്ട് 12,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന അള്‍ട്രാ ലോങ് റേഞ്ച് സ്ട്രൈക്ക് എയര്‍ക്രാഫ്റ്റാണ് വികസിപ്പിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ് എന്‍ജി സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, അഗ്‌നി-1 പി ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍, ലേസര്‍ ഗൈഡഡ് ബോബുകള്‍, റഡാര്‍ സംവിധാനങ്ങളെ കണ്ടെത്തി നശിപ്പിക്കുന്ന ആന്റി റേഡിയേഷന്‍ മിസൈലുകള്‍ എന്നിവ വഹിക്കാനുള്ള ശേഷിയാണ് ഇന്ത്യയുടെ ബോംബര്‍ വിമാനത്തിനായി വിഭാവനം ചെയ്തിരിക്കുന്നത്.

ഇതിനായി സാങ്കേതിക സഹായങ്ങള്‍ റഷ്യയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ഫ്രെയിം രൂപകല്‍പ്പന, പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ എന്നിവ വികസിപ്പിക്കാനാവശ്യമായ അറിവുകള്‍ റഷ്യയില്‍ നിന്ന് സ്വായത്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ബോംബര്‍ വിമാനത്തിനാവശ്യമായ ഏവിയോണിക്സ്, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ എന്നിവയ്ക്കാവശ്യമായ വിവരങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ലഭിച്ചേക്കും. ശത്രുരാജ്യങ്ങളുടെ വ്യോമ മേഖലയിലേക്ക് കടന്നു കയറുമ്പോള്‍ പരമാവധി അതിജീവനം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.

12 ടണ്‍ ഭാരമുള്ള ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയാണ് പ്രാഥമിക ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്. എന്നാല്‍ റഷ്യന്‍ ബോംബറിന് 40 ടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. അമേരിക്കയുടെ ബി 21 ബോംബറിന് 10 ടണ്‍ ആണ് ആയുധ വാഹക ശേഷി.

എന്‍.കെ 32 എന്ന റഷ്യന്‍ ബോംബറിന്റെ എഞ്ചിനാണ് ഇന്ത്യന്‍ ബോംബറിനും ഉദേശിക്കുന്നത്. 245 കിലോന്യൂട്ടണ്‍ ത്രസ്റ്റ് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന കരുത്തുറ്റ എഞ്ചിനാണിത്. അല്ലെങ്കില്‍ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ ജി.ഇ 414 എഞ്ചിനെ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കാമെന്നാണ് കരുതുന്നത്. ഇതിന് നിലവില്‍ 98 കിലോ ന്യൂട്ടണ്‍ ത്രസ്റ്റ് മാത്രമേ ഉല്‍പാദിപ്പിക്കാനാകു.

വലിയ തോതില്‍ ആയുധങ്ങള്‍ വഹിക്കുന്ന ബോംബര്‍ വിമാനത്തിന് കൂടുതല്‍ ത്രസ്റ്റ് ഉല്‍പാദിപ്പിക്കാനാകുന്ന എഞ്ചിന്‍ വേണം. അതിന് ജി.ഇ 414 എഞ്ചിനെ പരിഷ്‌കരിക്കേണ്ടി വരും. എങ്കിലും പ്രാഥമിക ലക്ഷ്യം റഷ്യന്‍ എന്‍ജിനാണെന്നാണ് വിവരങ്ങള്‍. രണ്ട് അല്ലെങ്കില്‍ നാല് എന്‍ജിനുകള്‍ ഉള്ള യുദ്ധ വിമാനമായിരിക്കും. ഏത് എന്‍ജിനാണ് എന്നത് പരിഗണിച്ച് അവസാനഘട്ട ഡിസൈനില്‍ മാറ്റമുണ്ടാകും.

നിലവില്‍ ഇന്ത്യയ്ക്ക് മൂന്ന് തരത്തില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയാണുള്ളത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍, അന്തര്‍വാഹിനിയില്‍ നിന്ന് പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധ വിമാനങ്ങളില്‍ നിന്ന് പ്രയോഗിക്കാവുന്ന ഷോര്‍ട്ട് റേഞ്ച് മിസൈലുകള്‍ എന്നിവയാണവ.

എന്നാല്‍ ഒരു സ്ട്രാറ്റജിക് ബോംബര്‍ ഉണ്ടായാല്‍ ലോകത്ത് എവിടെ വേണമെങ്കിലും കര മാര്‍ഗമോ, സമുദ്ര മാര്‍ഗത്തിലൂടെയോ ആകാശ മാര്‍ഗത്തിലൂടെയോ ആണവാക്രമണം നടത്താനുള്ള ശേഷി ഇന്ത്യ ആര്‍ജിക്കും. മറ്റ് രാജ്യങ്ങളുടെ വ്യോമതാവളങ്ങളില്‍ ഇറങ്ങി ഇന്ധനം നിറച്ച് വീണ്ടും പറക്കേണ്ടി വരിക എന്ന പരിമിതി മറികടക്കാനാകും. മാത്രമല്ല ഒറ്റ ദൗത്യത്തില്‍ തന്നെ വലിയ തോതിലുള്ള ആക്രമണം നടത്താനുമാകും.

ആയുധങ്ങള്‍ വഹിക്കാനുള്ള പ്രത്യേക അറ എങ്ങനെയുണ്ടാകണമെന്ന കാര്യത്തില്‍ ഡിസൈന്‍ ഘട്ടം കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോംബര്‍ വിമാനത്തിന്റെ പ്രാഥമിക ഡിസൈന്‍ വരും വര്‍ഷങ്ങളില്‍ പുറത്തുവിടും. 2035 ല്‍ തന്നെ പ്രോട്ടോടൈപ്പ് പരീക്ഷണം ആരംഭിക്കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വികസന പദ്ധതികള്‍ നടക്കുന്നത്.

പൂര്‍ത്തിയായാല്‍ ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയായി ഇത് മാറും. കുറഞ്ഞത് 12 മുതല്‍ 14 ബോംബര്‍ വിമാനങ്ങള്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്. ശത കോടികളാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.