'വിശുദ്ധ നാട്ടില്‍ ശാന്തി പുലരണം': മാര്‍പാപ്പയുടെ തുണ തേടി പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ്

 'വിശുദ്ധ നാട്ടില്‍ ശാന്തി പുലരണം': മാര്‍പാപ്പയുടെ തുണ തേടി പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ്

വത്തിക്കാന്‍ സിറ്റി: ഇസ്രായേലുമായുള്ള ഭിന്നത മൂലം വിശുദ്ധ നാട്ടില്‍ നിലനില്‍ക്കുന്ന അസമാധാനത്തിന് പരിഹാര മാര്‍ഗ്ഗം തേടി പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വത്തിക്കാന്‍ കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ച് അദ്ദേഹം ചര്‍ച്ച നടത്തി.

ദ്വിരാഷ്ട്ര രൂപീകരണം ഔദ്യോഗികമായി സാധ്യമാക്കാന്‍ ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യമാണ് ആശയ വിനിമയങ്ങളില്‍ മുന്നിട്ടുനിന്നത്. മുമ്പ് പലതവണ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിട്ടുള്ള അബ്ബാസ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെട്രോ പരോളിനുമായും വിദേശകാര്യ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ബിഷപ് പോള്‍ ഗല്ലഗറുമായും ചര്‍ച്ചകള്‍ നടത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയെയും പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് സന്ദര്‍ശിച്ചു.

മാര്‍പ്പാപ്പയും അബ്ബാസും സമ്മാനങ്ങള്‍ കൈമാറി. അബ്ബാസ് മാര്‍പ്പാപ്പയ്ക്ക് നല്ല ആരോഗ്യവും ശക്തിയും ആശംസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. വത്തിക്കാനിലെത്തി ആറാമത്തെ തവണയാണ് അബ്ബാസ് മാര്‍പ്പാപ്പയെ കാണുന്നതെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രോട്ടോ ഓഫ് നേറ്റിവിറ്റിയുടെ ആമ്പറില്‍ തീര്‍ത്ത മനോഹര ശില്‍പ്പം അബ്ബാസ് മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിച്ചു.

പാലസ്തീന്‍ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ശക്തമായ നീക്കത്തിന്റെ സഹായത്തോടെ, ഉഭയ കക്ഷി സംഭാഷണം വീണ്ടും സജീവമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ ഊന്നിപ്പറഞ്ഞു. ഏറ്റുമുട്ടലുകളുടെ ഇടമാകാതെ സമന്വയത്തിന്റെ സ്ഥലമായി ജറുസലേമിനെ എല്ലാവരും അംഗീകരിക്കണം. മൂന്ന് അബ്രഹാമിക് മതങ്ങളുടെയും വിശുദ്ധ നഗരമെന്ന നിലയില്‍ അതിന്റെ സ്വത്വവും സാര്‍വത്രിക മൂല്യവും നിലനിര്‍ത്തണമെന്നും വത്തിക്കാന്‍ അഭിപ്രായപ്പെട്ടു.

സമാധാന ചര്‍ച്ചകള്‍ക്കായുള്ള ധാരണ ഇപ്പോഴുമില്ലെങ്കിലും അനുരഞ്ജന നീക്കം പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനും തങ്ങള്‍ക്കുള്ള താല്‍പ്പര്യം അടുത്തിടെ അബ്ബാസിനെ സന്ദര്‍ശിച്ച മൂന്ന് ഇസ്രായേലി കാബിനറ്റ് മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന് ദശാബ്ദങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിക്കുന്ന കാര്യത്തില്‍ താല്‍പ്പര്യമില്ലാത്തത് ഔപചാരിക നയതന്ത്ര ചര്‍ച്ചയ്ക്കായുള്ള ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുമെന്ന് മഹ്മൂദ് അബ്ബാസ് നിരീക്ഷിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.