വാഷിംഗ്ടണ്‍ :ബഹിരാകാശത്ത് നട്ടു വളര്‍ത്തിയ മുളക് കൊണ്ട് ബഹിരാകാശ നിലയത്തില്‍ തന്നെ സ്വാദിഷ്ട ഭക്ഷണമുണ്ടാക്കി. ഈ മുളക് ചേര്‍ത്ത് മെക്‌സിക്കന്‍ ഭക്ഷണമായ ടാക്കോസ്് ആണ് ആദ്യമായി തയ്യാറാക്കിയതെന്ന് നാസ അറിയിച്ചു. മുളകിന്റേയും ചെടിയുടേയും അതുകൊണ്ടുണ്ടാക്കിയ ടാക്കോസിന്റെയും ചിത്രങ്ങള്‍ ബഹിരാകാശ ഗവേഷകയായ മേഗന്‍ മക് ആര്‍തര്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.
ടാക്കോസിന്റെ ഫില്ലിങ്ങിനാണ് ബഹിരാകാശ മുളക് ഉപയോഗിച്ചത്. തക്കാളിയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ബഹിരാകാശ കേന്ദ്രങ്ങളില്‍ യാത്രികര്‍ സാധാരണയായി പായ്ക്ക് ചെയ്ത ആഹാരമാണ് കഴിക്കാറുള്ളത്. ഭക്ഷണം ചൂടാക്കാനും തിളപ്പിക്കാനുമായി നിലയങ്ങളില്‍ ഓവനുകളും മറ്റുമുണ്ട്. ന്യൂഡില്‍സ്, മാംസാഹാരങ്ങള്‍ എന്നിവയാണ് ഇവരുടെ പ്രധാന ഭക്ഷണം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കൃഷി ചെയ്യുന്ന പദ്ധതി പ്ലാന്റ് ഹാബിറ്റാറ്റ് 04 എന്നാണ് അറിയപ്പെടുന്നത്. ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ ചരിത്ര പ്രാധാന്യമാര്‍ന്ന സംരംഭം. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ മുളക് തൈകള്‍ നട്ടത്. ബഹിരാകാശത്ത് വിളവെടുത്ത ഏതാനും മുളകുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. വിളവെടുത്ത മുളകുകളുടെ രുചി, പോഷണം എന്നിവയെക്കുറിച്ച് പഠനം നടത്തി വരികയാണ്.
സതേണ്‍ ന്യു മെക്‌സിക്കോയിലെ സാന്‍ഡിയ എന്ന മുളകിന്റേയും വടക്കന്‍ മെക്‌സിക്കോയില്‍ വളരുന്ന ലാന്‍ഡ്രേസ് മുളകിന്റെയും സങ്കരയിനം മുളകാണ് ജൂലൈ മുതല്‍ ബഹിരാകാശ കേന്ദ്രത്തില്‍ വളരുന്നത്.ബഹിരാകാശ ഗവേഷണ സംഘം ഇത് സംബന്ധിച്ച് വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.