ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചതിനു പിന്നാലെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈനികന് കൈമാറിയ ആ കുഞ്ഞിനെ തേടി മാതാപിതാക്കള്‍.
കാബൂള്‍ വിമാനത്താവളത്തിലെ തിക്കി തിരക്കിനിടെയാണ് ഓഗസ്റ്റ് 19 നാണ് സൊഹൈല്‍ എന്ന രണ്ട് മാസം മാത്രം പ്രായമുള്ള തങ്ങളുടെ കുരുന്നിനെ മിര്‍സാ അലിയും ഭാര്യ സുരയ്യയും മതിലിനു മുകളിലൂടെ അമേരിക്കന്‍ സൈനികന് കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അന്താരാഷ്ട്ര മാധ്യമങ്ങളിലുടെയും സോഷ്യല്‍ മീഡിയയിലുടെയും വന്‍ പ്രചാരം നേടിയിരുന്നു.
വിമാനത്തില്‍ കയറിപ്പറ്റാനുള്ള വെപ്രാളത്തിനിടെയാണ് ദമ്പതികള്‍ കുഞ്ഞിനെ മതില്‍ക്കെട്ടിനു മുകളിലൂടെ സൈനികര്‍ക്ക് കൈമാറിയത്. പ്രധാന കവാടത്തിലെത്തുമ്പോള്‍ തിരികെ വാങ്ങാമെന്നാണ് കരുതിയത്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും കുട്ടിയെ കുറിച്ച് ഒരു വിവരവും ഇല്ല.
താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ പതിനായിരക്കണക്കിനാളുകളാണ് രക്ഷപ്പെടാനായി വിമാനത്താവളത്തിലെത്തിയത്. മിര്‍സ അലിയും ഭാര്യ സുരയ്യയും അഞ്ച് മക്കളും വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തിരക്കില്‍ കൈക്കുഞ്ഞിന് അപകടം സംഭവിക്കാതിരിക്കാനാണ് കുട്ടിയെ കൈമാറിയത്. എന്നാല്‍ തിരക്കില്‍ നിന്ന് മാറി പ്രധാന കവാടത്തിലെത്തിയ ശേഷം കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിമനത്താവളം അന്ന് അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലായിരുന്നു. നിരവധി രക്ഷാകര്‍ത്താക്കള്‍ ഇതുപോലെ തങ്ങളുടെ കുട്ടികളെ കൈമാറിയിരുന്നു. അവര്‍ക്കൊക്കെ കുട്ടികളെ പിന്നീട് തിരികെ കിട്ടുകയും ചെയ്തു. എന്നാല്‍ തന്റെ കുട്ടിയെ മാത്രം കിട്ടിയില്ലെന്ന് മിര്‍സ പറയുന്നു. നിരവധി ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
അമേരിക്കന്‍ എംബസിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു മിര്‍സ. വിമാനത്താവളത്തിലുണ്ടായിരുന്ന സൈനികരുമായി ചേര്‍ന്ന് മുഴുവന്‍ സ്ഥലത്തും പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കുട്ടിയെ അമേരിക്കന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ് കൈമാറിയത്. ഇംഗ്ലീഷ് ഭാഷ അറിയാത്തതുകൊണ്ട് അദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ മിര്‍സയ്ക്ക് അറിയില്ലായിരുന്നു. കുട്ടിയെ കിട്ടിയില്ലെങ്കിലും മിര്‍സയ്ക്കും കുടുംബത്തിനും അവിടെ നിന്ന് രക്ഷപ്പെടേണ്ടി വന്നു. അഭയാര്‍ഥികളുമായി ഖത്തറിലേക്ക് പോയ ഒരു വിമാനത്തില്‍ കയറി അവിടെ നിന്ന് ജര്‍മനിയിലേക്ക് പോയ കുടുംബം ഇപ്പോള്‍ അമേരിക്കയിലാണ് ഉള്ളത്.
അമേരിക്കയിലെത്തി അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന മിര്‍സയും ഭാര്യയും ഇപ്പോഴും തങ്ങളുടെ കുട്ടിയെ തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ്. കാണുന്ന ഓരോ ഉദ്യോഗസ്ഥരോടും തങ്ങളുടെ കുട്ടിയെ കുറിച്ച് ഇവര്‍ പറയുന്നു.
കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടുത്തി 'മിസിംഗ് ബേബി' എന്നൊരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പരമാവധി ആളുകളിലേക്ക് എത്തിക്കുകയാണ് ഇവര്‍. അമേരിക്കന്‍ അധികൃതര്‍ ഇതിന് സഹായവും നല്‍കുന്നുണ്ട്. എന്നെങ്കിലും കുട്ടിയെ തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.