കോടമഞ്ഞില്‍ പൊതിഞ്ഞ സുന്ദരി; സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയായി മറയൂര്‍

കോടമഞ്ഞില്‍ പൊതിഞ്ഞ സുന്ദരി; സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയായി മറയൂര്‍

വിനോദ സഞ്ചാരികളെ മനംമയക്കി കോടമഞ്ഞില്‍ കുളിച്ച് മറയൂർ. യാത്രകൾ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് നല്ല മഴയും പിന്നാലെ മഞ്ഞുമായി മനോഹരമായ ദൃശ്യാനുഭവം നൽകുകയാണ് മറയൂർ കാഴ്ചകൾ. സമയം ചിലവഴിക്കാൻ മറയൂരില്‍ എത്തുന്ന ആളുകള്‍ക്ക് ഇത് കൗതുകക്കാഴ്ചയാണ്.

അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും നിരവധി വിനോദ് സഞ്ചാരികളാണ് കോടമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന കാന്തല്ലൂരിലെ ഭംഗി ആസ്വദിക്കാനായി എത്തുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മറയൂരിലേക്ക് മൂന്നാറില്‍ നിന്നും വെറും 40 കിലോമീറ്റര്‍ ദൂരമേയുള്ളൂ. 

ട്രെക്കിങ്ങും വനയാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് മറയൂര്‍. മുനിയറയും ഗുഹാചിത്രങ്ങൾ നിറഞ്ഞ എഴുത്തുപുരയും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. രാമായണത്തിലെയും മഹാഭാരതത്തിലേയും ദൃശ്യങ്ങള്‍ പ്രകൃതിദത്ത ചായങ്ങള്‍ ഉപയോഗിച്ച് ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

പ്രകൃതിദത്തമായ ചന്ദനക്കാടുകള്‍ കാണപ്പെടുന്ന കേരളത്തിലെ ഒരേയൊരു സ്ഥലമാണ് ഇവിടം. ഏകദേശം 65,000ത്തോളം ചന്ദനമരങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ലോക പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയും ഇവിടെയുള്ള കരിമ്പിന്‍ തോട്ടങ്ങളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. 1,500 ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കരിമ്പു തോട്ടങ്ങള്‍ ഇവിടെ കാണാം. കൂടാതെ, വനംവകുപ്പ് നടത്തുന്ന സാന്‍ഡല്‍ വുഡ് ഫാക്ടറിയും ആനമുടി മലനിരകളില്‍ നിന്നൊഴുകി വന്ന് മറയൂർ, കാന്തല്ലൂർ ഗ്രാമങ്ങൾക്കിടയിലൂടെ ഒഴുകുന്ന പാമ്പാറിന്‍റെ അതിമനോഹരമായ ദൃശ്യവും തേയിലത്തോട്ടങ്ങളുടെ കാഴ്ചയുമെല്ലാമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.