ഹൂസ്റ്റണിലെ ആസ്ട്രോവേള്‍ഡ് സംഗീതോത്സവം ദുരന്തമായി മാറിയതിനു പിന്നില്‍ ദുരൂഹത: അഗ്‌നിശമന വകുപ്പ് മേധാവി

ഹൂസ്റ്റണിലെ ആസ്ട്രോവേള്‍ഡ് സംഗീതോത്സവം ദുരന്തമായി മാറിയതിനു പിന്നില്‍  ദുരൂഹത: അഗ്‌നിശമന വകുപ്പ് മേധാവി


ഹൂസ്റ്റണ്‍ :റാപ്പ് താരം ട്രാവിസ് സ്‌കോട്ടിന്റെ ആസ്ട്രോവേള്‍ഡ് സംഗീതോത്സവം എട്ട് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത മാറ്റാനും യഥാര്‍ത്ഥ കാരണം കണ്ടെത്താനും വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഹൂസ്റ്റണ്‍ അഗ്‌നിശമന വകുപ്പ് മേധാവി സാമുവല്‍ പെന അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തീ പിടുത്തം കണ്ട് പരക്കംപാഞ്ഞവരുടെ തിക്കിലും തിരക്കിലും പെട്ടാണ് എട്ട് പേര്‍ മരിക്കുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. അതേസമയം, വേദിയിലേക്ക് ആരാധകര്‍ ഇരച്ചുകയറിയതോടെയാണ് ദുരന്തമുണ്ടായതെന്ന് പിന്നീടു വ്യക്തമായി. അപകടത്തിന്റെ നടുക്കത്തിലും ഭീതിയിലും 11 പേര്‍ക്ക് ഹൃദയാഘാതം ഉണ്ടായതായും ഇവരെ ആശുപത്രിയിലെത്തിച്ചതായും എമര്‍ജന്‍സി വിഭാഗം അറിയിച്ചു.സദസ്സില്‍ മയക്കുമരുന്ന് കുത്തിവയ്പ്പ് നടന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് നരഹത്യ- മയക്കുമരുന്ന് കേസുകള്‍ അന്വേഷിക്കുന്ന ഡിറ്റക്ടീവുകളുമായി തന്റെ വകുപ്പ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് ചീഫ് ട്രോയ് ഫിന്നര്‍ പറഞ്ഞു.

പതിനാലു മുതല്‍ 27 വയസുവരെയുള്ളവരാണ് മരിച്ചത്.ഇവരില്‍ ചിലരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സൂചന. 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.528 ഹൂസ്റ്റണ്‍ പോലീസ് ഓഫിസര്‍മാരും 755 സെക്യൂരിറ്റി ജീവനക്കാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നതായി മേയര്‍ അറിയിച്ചു. 'ഞാന്‍ 27 വര്‍ഷമായി ഈ ജോലി ചെയ്യുന്നു. പക്ഷേ, ഇതുപോലൊരു സംഭവം ഇതുവരെ കണ്ടിട്ടില്ല. സൂക്ഷ്മമായ അന്വേഷണം തന്നെ നടത്തും'- ഹൂസ്റ്റണ്‍ അഗ്‌നിശമന വകുപ്പ് മേധാവി പറഞ്ഞു.


ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗായകനും നിര്‍മ്മാതാവുമായ സ്‌കോട്ടിന്റെ പ്രകടനത്തിനിടെയാണ് എന്‍ആര്‍ജി പാര്‍ക്കില്‍ ദുരന്തമുണ്ടായത്. അര ലക്ഷത്തോളം പേര്‍ സദസിലുണ്ടായിരുന്നു. പലപ്പോഴും ജനങ്ങളുടെ അനിയന്ത്രിതമായ പെരുമാറ്റം നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരിപാടിക്ക് സമീപം ജീവന്‍രക്ഷാ യൂണിറ്റുകളും അഗ്‌നിശമന സംഘങ്ങളും ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാഞ്ഞത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.

2003 ല്‍ റോഡ് ഐലന്‍ഡിലെ സംഗീതനിശയ്ക്കിടെ ഉണ്ടായ തീപിടുത്തമാണ് ആസ്ട്രോവേള്‍ഡ് സംഗീതോത്സവം ദുരന്തത്തില്‍ കലാശിച്ചതോടെ രാജ്യം ാേര്‍മ്മിച്ചത്. അന്ന് നൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതിന് ശേഷം സംഗീതോത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ ഏറ്റവും വലിയ അപകടമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.