പാവങ്ങളേയും അനാഥരേയും കൈപിടിച്ചു നടത്തിയ വിശുദ്ധ ഗോഡ്ഫ്രെ

പാവങ്ങളേയും അനാഥരേയും കൈപിടിച്ചു നടത്തിയ വിശുദ്ധ ഗോഡ്ഫ്രെ

അനുദിന വിശുദ്ധര്‍ - നവംബര്‍ 08

ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്ത് 1066 ല്‍ ഒരു കുലീന കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായിട്ടാണ് ഗോഡ്‌ഫ്രെയുടെ ജനനം. വളരെ ചെറുപ്പത്തിലെ തന്നെ അമ്മ മരിച്ചു. പിന്നീട് ഗോഡ്‌ഫ്രെയുടെ പിതാവ് സന്യാസ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു.

തന്റെ അഞ്ചാമത്തെ വയസില്‍ തന്നെ മുത്തച്ഛന്‍ അധിപനായായ ബെനടിക്ടന്‍ ആശ്രമമായ മോണ്ട് സെന്റ് കിന്റിനില്‍ ചേര്‍ന്നു. മറ്റുളളവരെ സ്‌നേഹിക്കുവാനുളള താല്‍പര്യവും ഓരോ വ്യക്തിയിലും യേശുവിന്റെ മുഖം ദര്‍ശിക്കുവാനുള്ള പരിശ്രമവും അദ്ദേഹത്തെ ഏവരുടേയും പ്രിയങ്കരനാക്കി മാറ്റി.

വളരെ പെട്ടെന്നു തന്നെ സഭാവസ്ത്ര സ്വീകരണത്തിന് അദ്ദേഹം അര്‍ഹനാവുകയും ആശ്രമത്തിലെ കുഞ്ഞു സന്യാസിയായി മാറുകയും ചെയ്തു. അവിടെ രോഗികളുടെ കാര്യങ്ങള്‍ നോക്കുവാനും പാവപ്പെട്ട രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാനുള്ള ചുമതലയുമായിരുന്നു ഗോഡ്‌ഫ്രെയ്ക്ക്. തന്നെ ഏല്‍പ്പിച്ച കാര്യങ്ങളെല്ലാം വളരെ മനോഹരമായി അദ്ദേഹം പൂര്‍ത്തിയാക്കി.

ആശ്രമത്തില്‍ വച്ച് വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചതിനാല്‍ ഇരുപത്തഞ്ചാം വയസില്‍ നോയോണിലെ മെത്രാന്റെ കൈവയ്പ്പു വഴി ദൈവത്തിന്റെ ദാസനായി അഭിഷിക്തനായി. ശേഷം ഷാംപെയ്‌നിലെ നോജന്റ് സൂസ് കൊസിയുടെ മഠാധിപതിയായി നിയമിതനായി.

ആത്മീയവും ഭൗതീകവുമായ മേഖലകളില്‍ ആശ്രമത്തെ കൂടുതല്‍ സമൃദ്ധിയിലേക്ക് ഗോഡ്‌ഫ്രെ കൈ പിടിച്ച് നടത്തി. അവിടുത്തെ ആശ്രമവാസികള്‍ക്കെല്ലാം വളരെ ഇഷ്ടമായിരുന്ന അദ്ദേഹത്തിന്റെ ജീവിത മാതൃക ഉള്‍കൊണ്ട് ഒട്ടേറെ പേര്‍ ആശ്രമത്തില്‍ എത്തുകയും ആശ്രമം ആധ്യാത്മികതയുടെ സുപ്രധാന കേന്ദ്രമാവുകയും ചെയ്തു

ഫ്രാന്‍സിലെ അറിയപ്പെടുന്ന റെയിംസ് രൂപതയുടെ സഹായക മെത്രാനായി വൈകാതെ ഗോഡ്‌ഫ്രെ നിയമിതനായി. താന്‍ വളര്‍ത്തിയെടുത്ത തന്റെ ആശ്രമം വിട്ടുപോകുവാന്‍ അദ്ദേഹത്തിന്റെ മനസ് അനുവദിച്ചില്ലെങ്കില്‍ കൂടിയും ദൈവേഷ്ടം നിറവേറ്റുവാന്‍ വിശുദ്ധന്‍ റെയിംസിലെ ജനങ്ങളുടെ ആത്മീയ ഗുരുവായി. വളരെ ലളിതമായ ജീവിതം നയിച്ച അദേഹം പാവങ്ങളേയും അനാഥരേയും കൈപിടിച്ചു വഴി നടത്തുന്ന നല്ല അപ്പനായി.

തന്റെ ജനങ്ങളുടെ മദ്യപാന ശീലത്തേയും മറ്റും കഠിനമായി എതിര്‍ത്ത ഗോഡ്‌ഫ്രെ അവയില്‍ നിന്ന് പിന്‍തിരിയുവാന്‍ ജനങ്ങളെ ഉത്‌ബോധിപ്പിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇതില്‍ കുപിതരായ ഒരു പറ്റം ആളുകള്‍ അദ്ദേഹത്തെ അക്രമിക്കുവാനും വധിക്കുവാനും ശ്രമം നടത്തി. മെത്രാന്‍ സ്ഥാനത്ത് നിന്ന് രാജി വച്ച് സന്യാസിയായി ജീവിക്കുവാന്‍ ആഗ്രഹിച്ച ഗോഡ്‌ഫ്രെ രാജി വയ്ക്കുന്നതിന് മുന്‍പ് 1115 ല്‍ തന്റെ 49 ാം വയസില്‍ നിത്യ സമാനത്തിനായി വിളിക്കപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ക്ലാരൂസ്

2. സിംഫോറിയന്‍

3. ഡേവൂസ് ഡേഡിത്ത്

4. വെയില്‍സിലെ കൂബി

5. ഐറിഷുവിലെ ജെര്‍വാഡിയൂസ്

6. സ്വിറ്റ്‌സര്‍ലന്‍ഡിലെ അയിന്‍സീഡെനിലുള്ള ഗ്രിഗറി

7. കസ്‌തോരിയൂസ്, ക്ലാവുടിയൂസ് , നിക്കൊസ്ട്രാത്തൂസ്, സിംപ്ലീസിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.