മെല്‍ബണ്‍: കൊലപാതകം മുതല്‍ കൈക്കൂലി കേസില്‍ വരെ പ്രതിയായവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ മത്സരിക്കുമ്പോള്‍, ഓസ്‌ട്രേലിയയില്‍ ചെയ്ത തെറ്റിന് പ്രായച്ഛിത്തമായി പാര്‍ലമെന്റ് അംഗം നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമാകുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന്റെ പേരില്‍ ആക്ഷേപം ഉയര്‍ന്നപ്പോള്‍ രാഷ്ട്രീയം വിടാനൊരുങ്ങുകയാണ് വിക്ടോറിയ സംസ്ഥാനത്തെ ലിബറല്‍ എംപി. പൊതുജീവിതത്തില്‍ ഇനി മദ്യപിക്കില്ലെന്നും അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്നും എം.പി ടിം സ്മിത്ത് പ്രഖ്യാപിച്ചു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെതുടര്‍ന്നാണ് എംപി വിവാദത്തിലായത്. ഒരാഴ്ച്ച മുന്‍പാണ് ടിം സ്മിത്തിന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം നിശ്ചിത പരിധിയില്‍നിന്ന് രണ്ടു മടങ്ങ് കൂടുതലായിരുന്നുവെന്നു കണ്ടെത്തി. സംഭവം വിവാദമായതിനെതുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് വലിയ അതൃപ്തി നേരിടേണ്ടി വന്നിരുന്നു. ഷാഡോ കാബിനറ്റില്‍ നിന്ന് ടിം സ്മിത്തിന് രാജിവയ്‌ക്കേണ്ടിയും വന്നു.
അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ടിം സ്മിത്തിനെ നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവായ മാത്യു ഗൈ നിലപാടു വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ആദ്യം മൗനം പാലിച്ച എം.പി പാര്‍ട്ടി സമ്മര്‍ദത്തെതുടര്‍ന്നാണ് പരസ്യ പ്രതികരണം നടത്തിയത്.
പൊതുജീവിതത്തില്‍ ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് ടിം സ്മിത്ത് വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതിജ്ഞ ചെയ്തു. വരുന്ന തെരഞ്ഞെടുപ്പില്‍ ക്യൂ സീറ്റിലേക്കു മത്സരിക്കില്ലെന്നും രാഷ്ട്രീയത്തില്‍നിന്നു പിന്മാറുമെന്നും അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയ ജീവിതത്തില്‍ ലിബറല്‍ പാര്‍ട്ടി അംഗങ്ങളില്‍നിന്നു ലഭിച്ച പ്രോത്സാഹനം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി മുന്‍ ഷാഡോ അറ്റോര്‍ണി ജനറലായ ടിം സ്മിത്ത് പറഞ്ഞു. നല്ല സമയത്തും മോശം സമയത്തും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. എംപിയെന്ന നിലയില്‍ താന്‍ പലരെയും നിരാശപ്പെടുത്തി. താന്‍ മൂലം പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തില്‍ വീണ്ടും ക്ഷമ ചോദിക്കുന്നു.
പ്രതിപക്ഷ നേതാവ് മാത്യു ഗയ് സ്മിത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചു. എംപി എന്ന നിലയില്‍ ടിം സ്മിത്ത് അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും സേവനം ചെയ്തിട്ടുണ്ട്. ചെയ്ത തെറ്റ് അദ്ദേഹം തിരിച്ചറിഞ്ഞതായും അതു തിരുത്താന്‍ അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടി വന്നതായും മാത്യു ഗയ് പറഞ്ഞു. എം.പി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും മാത്യു ഗയ് അഭ്യര്‍ഥിച്ചു.
ലിബറല്‍ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള ക്യൂ സീറ്റിലേക്ക് സ്മിത്തിന് പകരക്കാരനാകാന്‍ സാധ്യതയുള്ളവരെ തേടിയുള്ള അന്വേഷണം പാര്‍ട്ടി ആരംഭിച്ചുകഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.