യൂറോപ്പിലെ കോവിഡ് വ്യാപനം; കേരളത്തിനും മുന്നറിയിപ്പ്

യൂറോപ്പിലെ കോവിഡ് വ്യാപനം; കേരളത്തിനും മുന്നറിയിപ്പ്

തിരുവനന്തപുരം: . യൂറോപ്പിലെ കോവിഡ് വ്യാപനം കേരളത്തിനും മുന്നറിയിപ്പാണെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് ഒന്നും രണ്ടും തരംഗങ്ങൾ യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിൽ കേരളത്തിലുമുണ്ടായി.

എന്നാൽ കേരളത്തിൽ ആദ്യ ഡോസ് വാക്സിനേഷൻ ഇപ്പോഴും പൂർത്തിയാകാത്തതും രണ്ടാം ഡോസ് വാക്സിനിലെ മെല്ലെപ്പോക്കും വെല്ലുവിളിയാകുമെന്നാണു മുന്നറിയിപ്പ്. റഷ്യ, ജർമനി, നെതർലൻഡ്സ് ഉൾപ്പെടെ രാജ്യങ്ങളിലാണു കോവിഡ് വീണ്ടും പടരുന്നത്.

കേരളത്തിൽ മൂന്നാം തരംഗം ഉണ്ടാകാനിടയുണ്ടെങ്കിലും മരണങ്ങൾ കുറയുമെന്ന് കോവിഡ് വിദഗ്ധസമിതി അംഗം ഡോ.ടി.എസ്.അനീഷ് പറഞ്ഞു. അതേസമയം, മാസ്ക്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള സുരക്ഷാ മുൻ കരുതലുകളിൽ വീഴ്ചയുണ്ടായാൽ വ്യാപനത്തിന്റെ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ 12 ലക്ഷത്തോളം പേർ ഇപ്പോഴും ആദ്യ ഡോസ് വാക്സിൻ എടുക്കാനുണ്ട്. ആകെ വാക്സിൻ എടുക്കേണ്ടവർ 2.66 കോടിയാണ്. ഇന്നലെ വരെ ആദ്യ ഡോസ് എടുത്തവർ 2.54 കോടിയാണ്. വാക്സിൻ ആവശ്യത്തിനുണ്ടെങ്കിലും ആരോഗ്യ, മതപരമായ കാര്യങ്ങളാണു കുത്തിവയ്പ് എടുക്കാതിരിക്കാനുള്ള കാരണമായി പറയുന്നത്. രണ്ടാം ഡോസ് എടുത്തത് 1.44 കോടി പേർ മാത്രമാണ്.

യൂറോപ്പിലും വാക്സിൻ എടുക്കാത്തവരിലാണു രോഗം ഗുരുതരമാകുന്നതെന്നും കേരളം ഇക്കാര്യത്തിൽ ഭേദപ്പെട്ട നിലയിലാണെന്നും കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ ഡോ.ബി.ഇക്ബാൽ പറഞ്ഞു. പുതിയ വകഭേദങ്ങൾ വന്നിട്ടില്ല. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ വീണ്ടും പടർന്നാൽ കേരളത്തിനും ഭീഷണിയാണ്. കിടപ്പുരോഗികൾ വാക്സിൻ എടുക്കാതിരിക്കുന്നതു മരണനിരക്ക് കൂട്ടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.