ഇന്ത്യ മറന്ന ഡോ.കമല്‍ രണദിവെയുടെ തിളക്കം പ്രസരിപ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യ മറന്ന ഡോ.കമല്‍ രണദിവെയുടെ തിളക്കം പ്രസരിപ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

ന്യൂയോര്‍ക്ക്: കമൽ രണദിവെയെ ജന്മനാടായ ഇന്ത്യ മറന്നെങ്കിലും ഗൂഗിള്‍ ആദരിച്ചു. ആരാണ് ഗൂഗിള്‍ ഡൂഡിലില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട കമൽ രണദിവെ എന്ന ചര്‍ച്ചയുണ്ട് സമൂഹമാദ്ധ്യമങ്ങളില്‍. ഗൂഗിള്‍ ഡൂഡില്‍ ആദരമര്‍പ്പിക്കുന്ന ഇന്ത്യന്‍ സെല്‍ ബയോളജിസ്റ്റായ ഡോ.കമൽ  രണദിവെ എന്ന ശാസ്ത്രജ്ഞയുടെ 104ാം ജന്മദിനമാണിന്ന്.ഇന്ത്യന്‍ ശാസ്ത്രലോകം ഓര്‍ത്തിരിക്കേണ്ട പ്രഗത്ഭ.

സ്തനാര്‍ബുദവും പാരമ്പര്യവും തമ്മിലുള്ള ബന്ധം നിര്‍ദ്ദേശിക്കുകയും ക്യാന്‍സറുകളും ചില വൈറസുകളും തമ്മിലുള്ള ബന്ധം തിരിച്ചറിയുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഗവേഷകരില്‍ ഒരാളാണ് രണദിവെ.കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കാരണമായ പല നീക്കങ്ങളും ഡോ.കമലിന് സ്വന്തം.ഇന്ത്യന്‍ ശാസ്ത്രലോകത്തിന് പറയത്തക്ക നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത കാലത്തു തിളങ്ങിയ ശാസ്ത്രജ്ഞ.

കുഷ്ഠരോഗം ലോകത്തെ നിരവധി ജീവനുകളെ കീഴ്പ്പെടുത്തിയ സമയത്ത് കമൽ രണദിവെ കുഷ്ഠരോഗത്തിന് കാരണമാകുന്ന മൈകോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയെക്കുറിച്ച് പഠിക്കുകയും വാക്സിന്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു.രാജ്യത്തെ ആദ്യത്തെ ടിഷ്യൂകള്‍ച്ചര്‍ ലബോറട്ടറിയുടെ സ്ഥാപക കൂടിയാണ് ഈ മഹാരാഷ്ട്രക്കാരി.

1973-ല്‍ ഡോ. കമൽ രണദിവെയും 11 സഹപ്രവര്‍ത്തകരും ചേര്‍ന്ന് ശാസ്ത്രമേഖലകളിലെ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യന്‍ വിമന്‍ സയന്റിസ്റ്റ്സ് അസോസിയേഷന്‍ (IWSA) സ്ഥാപിച്ചു.നിലവില്‍ ഇന്ത്യയിലുടനീളം 11 ശാഖകളുള്ള ഐഡബ്ല്യുഎസ്എ സ്ത്രീകളായ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

സ്വന്തം രാജ്യത്തിലേക്കുള്ള സംഭവാനകള്‍ അതുകൊണ്ടൊന്നും അവസാനിപ്പിച്ചില്ല ഡോ. കമൽ. വിദേശത്തുള്ള ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥികളെയും ശാസ്ത്രജ്ഞരേയും മാത്യരാജ്യത്തേക്ക് തിരിച്ചു വരാന്‍ പ്രേരിപ്പിച്ചു. സ്വന്തം രാജ്യത്ത് ഗവേഷണങ്ങള്‍ നടത്താനും നിര്‍ദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.