ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ ഉള്‍പ്പെടെ മരിച്ച കേസിന്റെ അന്വേഷണത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്. പുതിയ റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഒരു പുരോഗതിയുമില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്ന നിര്‍ദേശം പാലിച്ചില്ല. കേസില്‍ 68 സാക്ഷികളുണ്ടെന്ന് പറയുന്നു. എന്നാല്‍ അവരുടെ മൊഴികള്‍ റിപ്പോര്‍ട്ടിലില്ല. പത്തു ദിവസം സമയം നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു പ്രതിയുടേത് ഒഴികെ മറ്റുള്ള പ്രതികളുടെ മൊബൈല്‍ഫോണ്‍ എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് കോടതി ആരാഞ്ഞു. അവര്‍ക്കാര്‍ക്കും ഫോണ്‍ ഇല്ലേയെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി ചോദിച്ചു. മറ്റുള്ളവര്‍ക്ക് സെല്‍ഫോണ്‍ ഇല്ലെന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മറുപടി നല്‍കിയത്. വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്ന അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള രണ്ടു ജഡ്ജിമാരുടെ പേരും കോടതി സൂചിപ്പിച്ചു. ഇതില്‍ തീരുമാനം അറിയിക്കാന്‍ സാവകാശം വേണമെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹരീഷ് സാല്‍വെ അറിയിച്ചു.
തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കകം തീരുമാനം അറിയിക്കാന്‍ സുപ്രീംകോടതി യു പി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ട സംഭവം പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു. ഇതു കര്‍ഷകരുടെ കൊലപാതകവുമായി ചേര്‍ക്കരുത്. തെളിവുകള്‍ കൂടിക്കലരുന്നില്ലെന്ന് ഉറപ്പുവരുത്തണം. മൂന്നും പ്രത്യേകം അന്വേഷിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘം പരാജയപ്പെട്ടതായും കോടതി അഭിപ്രായപ്പെട്ടു.
കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ 13 പേര്‍ അറസ്റ്റിലായി. മൂന്നു പേര്‍ മരിച്ചു. കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.