അജഗണങ്ങള്‍ക്ക് ഇടയനായി മാര്‍ ജോസഫ് പാംപ്ലാനി അഭിഷിക്തനായിട്ട് നാലാണ്ട്...!

അജഗണങ്ങള്‍ക്ക് ഇടയനായി മാര്‍ ജോസഫ് പാംപ്ലാനി അഭിഷിക്തനായിട്ട് നാലാണ്ട്...!

കെ സി ബി സി മാധ്യമ കമ്മീഷന്റെ ചെയര്‍മാനും തലശേരി അതിരൂപതയുടെ പ്രഥമ സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകത്തിന്റെ നാലാം വാര്‍ഷികമാണിന്ന്. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിര്‍ത്തി 2017 നവംബര്‍ 8 നാണ് തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പള്ളിയില്‍ പ്രത്യേകം തയറാക്കിയ വേദിയില്‍ അദ്ദേഹത്തിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.

തലശേരി അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആര്‍ച്ച് ബിഷപ് ഡോ. എ. സൂസൈപാക്യം, മാര്‍ ലോറന്‍സ് മുക്കുഴി തുടങ്ങി 34ഓളം മെത്രാന്‍മാരും സന്നിഹിതരായിരുന്നു. കര്‍ഷകരോടും പ്രകൃതിയോടും പ്രത്യേക താല്പര്യവും സ്‌നേഹവുമുള്ള മാര്‍ ജോസഫ് പാംപ്ലാനി മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനമായി വൃക്ഷ തൈകള്‍ നല്‍കിയത് ശ്രദ്ധേയമായി.

തലശേരി കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ 1997 ഡിസംബര്‍ 30 നാണ് അദ്ദേഹം പട്ടം സ്വീകരിച്ചത്. അതിരൂപതയുടെ ചരിത്രത്തില്‍ ആദ്യമായി, അന്ന് മംഗലപ്പുഴയില്‍ പഠിച്ച അതിരൂപതാംഗങ്ങളായ എല്ലാ ഡീക്കന്മാര്‍ക്കും ഒരുമിച്ചാണ് വൈദിക തിരുപ്പട്ടം നല്‍കിയത്. സാധുവായ ഒരുവ്യക്തിയുടെ ചികിത്സയ്ക്കു വേണ്ടി പട്ടത്തിന്റെ ചെലവുകളൊക്കെ ചുരുക്കാന്‍ ഡീക്കന്‍മാരെല്ലാം ചര്‍ന്ന് തീരുമാനമെടുത്തതു കൊണ്ട് വളരെ ലളിതമായ ചടങ്ങുകളോടെയാണ് പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ നടന്നത്. സ്വന്തം ഇടവകയില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചത്. ഒരു ചെറിയ ഹാര്‍മോണിയം മാത്രം ഉപയോഗിച്ച് വളരെ ലളിതമായാണ് നടത്തിയതെന്ന് ഇടവക ജനങ്ങള്‍ ഓര്‍ക്കുന്നു.

പേരാവൂര്‍ ഇടവകയിലെ അസിസ്റ്റന്റ് വികാരി, അരീക്കല്‍മല ഇടവകയില്‍ വികാരി എന്നീ നിലകളില്‍ സേവനം ചെയ്തതിന് ശേഷം ബൈബിള്‍ പഠനത്തിനായി അദ്ദേഹത്തെ മാര്‍ ജോര്‍ജ് വലിയമറ്റം ലുവൈന്‍ സര്‍വ്വകലാശാലയിലേക്ക് അയച്ചു. മടങ്ങി വന്നതിനു ശേഷം തലശേരി രൂപതയുടെ ബൈബിള്‍ അപ്പോസ്തലേറ്റിന്റെ ഡയറക്ടര്‍ ആയി ചുമതലയേറ്റു.

ആ കാലത്താണ് ദൈവ ശാസ്ത്ര പരിശീലനം അല്‍മായരിലേക്ക് എത്തിക്കുന്നതിനായി ആല്‍ഫ സെന്റര്‍ ഫോര്‍ തിയോളജി ആന്റ് സയന്‍സ് തുടങ്ങിയത്. അത് കേരള കത്തോലിക്ക സഭയില്‍ വലിയൊരു മുന്നേറ്റമായിരുന്നു. ആല്‍ഫ ഇന്‍സ്റ്റിട്യൂട്ടിന്റെ അമരക്കാരനായിരിക്കുമ്പോഴാണ് തലശേരി രൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ സീറോ മലബാര്‍ സഭാ സിനഡ് നിയമിക്കുന്നത്.

കേരള കത്തോലിക്കാ സഭയുടെ, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ ആധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് മാര്‍ ജോസഫ് പാംപ്ലാനി നല്‍കുന്ന സംഭാവന വിസ്മരിക്കാന്‍ ആവില്ല. 2018 ല്‍ റോമില്‍ നടന്ന ആഗോള കത്തോലിക്ക സഭയുടെ യൂത്ത് സിനഡില്‍ കേരള സഭയെ പ്രതിനിധികരിച്ച് നടത്തിയ പ്രഭാഷണം മാര്‍പ്പാപ്പയുടെ പ്രത്യേക പരാമര്‍ശം നേടുകയുണ്ടായി. കൂടാതെ ഹങ്കറിയില്‍ ഈ വര്‍ഷം നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കേരള സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും അദ്ദേഹമാണ്. കേരള സഭയുടെ ദൈവശാസ്ത്ര നയ രൂപീകരണത്തിലും ഇതര ക്രൈസ്തവ സഭാ വിഭാങ്ങളുമായുള്ള ആശയ വിനിമയത്തിനും അദ്ദേഹം ഏറെ പ്രാധാന്യം കല്‍പ്പിക്കാറുണ്ട്. കൂടാതെ സഭയില്‍ നിന്ന് വ്യതിചലിച്ച് പോയവരെ തിരികെ എത്തിക്കാനും മാര്‍ ജോസഫ് പാംപ്ലാനി മുന്‍കൈ എടുക്കുന്നു.

കെ സി ബി സി യുടെ മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സഭയുടെ മാധ്യമ സംസ്‌കാരം രൂപപ്പെടുത്തിടാനും, പൊതു നന്മയ്ക്കും സഭയ്ക്കും വേണ്ടി ശബ്ദിക്കുന്ന അനേകരെ പ്രോത്സാഹിപ്പിക്കാനും പിതാവ് പരിശ്രമിക്കുന്നു.

സാമൂഹിക സേവന രംഗത്ത് അദ്ദേഹം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച് കര്‍ഷകര്‍ക്കു വേണ്ടിയുള്ള ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണ്. മലയോര മേഖലയുടെ ശബ്ദമായിട്ടാണ് പിതാവ് പലപ്പോഴും നിലകൊണ്ടിട്ടുള്ളത്. തലശേരി രൂപതയില്‍ നിന്നുള്ള ആദ്യത്തെ പിതാവ് എന്ന നിലയില്‍ കുടിയേറ്റ മേഖലയുടെ ഉന്നമനത്തിനായി എന്നും നിലകൊണ്ട വ്യക്തിയാണ് അദ്ദേഹം. കൂടാതെ രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്ക്ക് ഉതകുന്ന ചുവടു വെപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതിരൂപതയുടെ മികച്ച വളര്‍ച്ച ലക്ഷ്യമാക്കി ആര്‍ച്ച് ബിഷപ്പിന്റെ സഹായത്തോടു കൂടി വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലകളിലും പല ചുവടുവെപ്പുകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ് മാര്‍ ജോസഫ് പാംപ്ലാനി.

റബറിന്റെ വിലയിടിവിനെതിരെ കര്‍ഷകരെ സംഘടിപ്പിച്ച് നടത്തിയ സമരം, കാട്ടു മൃഗങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിന് അദ്ദേഹം നടത്തിയ സമരങ്ങള്‍ എല്ലാം വളരെയേറെ ജനശ്രദ്ധ നേടുകയും കളക്ടറുടെ ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുള്ളത് മറക്കാന്‍ ആവില്ല. ജാതിമത ഭേദമന്യേ ഒരു സാര്‍വത്രിക ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാന്‍ പിതാവ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ പല മതസ്തരുടെയും ചടങ്ങുകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെയും സാമൂഹ്യമൈത്രിയുടേയുമൊക്കെ വക്താവായാണ് പിതാവ് നിലകൊള്ളുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.