നടന്‍ ജോജുവിന്റെ കാര്‍ ആക്രമിച്ച കേസ്; ടോണി ചമ്മണി ഉള്‍പ്പടെ അഞ്ച് പേര്‍ റിമാന്‍ഡില്‍

നടന്‍ ജോജുവിന്റെ കാര്‍ ആക്രമിച്ച കേസ്; ടോണി ചമ്മണി ഉള്‍പ്പടെ അഞ്ച് പേര്‍ റിമാന്‍ഡില്‍

കൊച്ചി: റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അക്രമിച്ച സംഭവത്തില്‍ പൊലീസില്‍ കീഴടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ കോടതി 22 വരെ റിമാന്‍ഡ് ചെയ്തു. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് മരട് പൊലീസ് സ്റ്റേഷനില്‍ ഇന്ന് കീഴടങ്ങിയത്. ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് പ്രതികള്‍ കീഴടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. നേതാക്കള്‍ക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണെന്നും ഇതിന് പകരം ചോദിക്കുമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മരട് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം പൊലീസ് വഴിയില്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു.

ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്നമുണ്ടായത്. ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിന് എതിരെയായിരുന്നു ജോജു ജോര്‍ജിന്റെ പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തകര്‍ത്തു.

ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എട്ട് പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.