ഔഗഡോഗോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ക്രൂരത സംബന്ധിച്ച റിപ്പോര്‍ട്ടുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്.
നൈജറിന്റെ അതിര്‍ത്തിയിലുള്ള രണ്ട് ഗ്രാമങ്ങളില്‍ നിന്ന് എട്ടു ഗര്‍ഭിണികളും, കുട്ടികളും ഉള്‍പ്പെടെ 147 ക്രൈസ്തവര്‍ സാഹലിന്റെ തലസ്ഥാനമായ ഡോറിയിലേയ്ക്ക് ഇസ്ലാമിക തീവ്രവാദികളെ ഭയപ്പെട്ട് ഒക്ടോബര്‍ അവസാനം പലായനം ചെയ്തുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ക്രൈസ്തവര്‍ക്ക് അഭയം നല്‍കുന്ന ആളുകളെയും തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. തങ്ങളുടെ ഉറ്റവരില്‍ ചിലര്‍ ഇപ്പോഴും ഗ്രാമങ്ങളില്‍ ജീവിക്കുന്നുണ്ടെന്നും അവരുടെ സ്ഥിതി എന്താകും എന്നോര്‍ത്ത് ആശങ്കയുണ്ടെന്നും പലായനം ചെയ്ത ക്രൈസ്തവരില്‍ ചിലര്‍ സംഘടനയോട് വെളിപ്പെടുത്തി.
തീവ്രവാദികള്‍ ഗ്രാമങ്ങളില്‍ പ്രവേശിച്ച് കന്നുകാലികളുടെ എണ്ണത്തിനനുസരിച്ച് കരം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇസ്ലാം മതസ്ഥരെ ഒഴിവാക്കി ക്രൈസ്തവരെ കൊലചെയ്യാന്‍ ആളുകളുടെ മതം ചോദിച്ചുവെന്നും പ്രദേശ വാസികളെ ഉദ്ധരിച്ച് എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യമെമ്പാടും അക്രമങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, കൊലപാതകങ്ങളും നടക്കുന്നുണ്ടെന്ന് ഡോറിയിലെ മെത്രാനായ ലോറന്റ് ബിര്‍ഫുറേ ഡാബിറേ സംഘടനയോട് പറഞ്ഞു. തങ്ങള്‍ക്ക് തോന്നുന്നതനുസരിച്ച് ആളുകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയാണ്. ഇതില്‍ ചിലരെ അവര്‍ വധിക്കുകയും ചിലരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിട്ടയയ്ക്കുകയും ചെയ്യുന്നു.
ഒക്ടോബര്‍ 31നു ഡോറിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന വാഹനങ്ങള്‍ തീവ്രവാദികള്‍ തടഞ്ഞിട്ട കാര്യവും അദ്ദേഹം വിവരിച്ചു. രാജ്യത്തെ മെത്രാന്‍ സമിതി അധ്യക്ഷന്‍ കൂടിയായ ബിഷപ്പ് ലോറന്റ് ബിര്‍ഫുറേയുടെ രൂപതയില്‍ 2018 ല്‍ നിന്നും 2019 ലേക്ക് എത്തിയപ്പോള്‍ 250% അക്രമ സംഭവങ്ങളാണ് വര്‍ധിച്ചത്. ഇപ്പോഴത്തെ വിഷമകരമായ അവസ്ഥയെ അതിജീവിക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് മെത്രാന്‍ ആഹ്വാനം ചെയ്തു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും വേണ്ടി 28 പദ്ധതികള്‍ ഡോറി രൂപതയില്‍ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് നടപ്പിലാക്കിയിരുന്നു. രാജ്യത്ത് ഇതിന് മുന്‍പും ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് നിരവധി തവണ ക്രൈസ്തവര്‍ പലായനം ചെയ്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.