അഫ്ഗാനില്‍ പട്ടിണിയകറ്റാന്‍ ഏക മാര്‍ഗ്ഗം കറുപ്പ് കൃഷി; താലിബാന്റെ വിലക്കിനു പുല്ലുവില

 അഫ്ഗാനില്‍ പട്ടിണിയകറ്റാന്‍ ഏക മാര്‍ഗ്ഗം കറുപ്പ് കൃഷി; താലിബാന്റെ വിലക്കിനു പുല്ലുവില

കാബൂള്‍: അഫ്ഗാനിസ്താനില്‍ കറുപ്പ്, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉത്പാദനം നിരോധിക്കാനുള്ള താലിബാന്റെ ശ്രമങ്ങള്‍ അടിമുടി പാളുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ട്.അതേസമയം, പട്ടിണിയകറ്റാനുള്ള ഏക മാര്‍ഗമായാണ് രാജ്യത്തെ കര്‍ഷകര്‍ കറുപ്പ് ഉത്പാദനത്തെ കാണുന്നത്. സ്വാഭാവികമായും മയക്കുമരുന്നു വ്യാപനം ഭീഷണിയായി മാറിയിട്ടുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതു മൂലം ആശങ്ക ഏറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തില്‍ കറുപ്പ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താന്‍. വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന രാജ്യത്തെ കര്‍ഷകര്‍ കറുപ്പ് ഉത്പാദിപ്പിച്ച് വലിയ രീതിയില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നു. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായാണ് പലരും ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ താലിബാന്റെ മുന്നറിയിപ്പിനെ അവഗണിച്ച് കറുപ്പ് കൃഷി തുടരുകയാണ്.

അഫ്ഗാനിസ്താനില്‍ മയക്കുമരുന്ന് വ്യാപാരം അനുവദിക്കില്ലെന്ന് ഓഗസ്റ്റില്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു. ' താലിബാന്‍ എന്നും മയക്കുമരുന്നിന് എതിരാണ്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനില്‍ നിന്ന് മയക്കുമരുന്ന് ഉന്മൂലനം ചെയ്യും. കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകരെ ശാക്തീകരിക്കും, അവര്‍ക്ക് സാമ്പത്തികമായി മെച്ചമുണ്ടാക്കുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കും '- സബിഹുള്ള പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ താലിബാന്‍ തങ്ങളെ ഒരു രീതിയിലും സഹായിക്കുന്നില്ലെന്നും, ഭക്ഷണം വാങ്ങാന്‍ വേണ്ടി മാത്രമാണ് കറുപ്പ് കൃഷി ചെയ്യുന്നതെന്നും കര്‍ഷകര്‍ പറയുന്നു. കറുപ്പ് കൃഷി നടത്താന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ല എന്നതും പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നു.ഒരു വര്‍ഷത്തിനകം കറുപ്പ് കൃഷി രാജ്യത്ത് 37 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം കൂടി ആയതിനാല്‍, ഇവ സംസ്‌കരിക്കാനുള്ള പ്ലാന്റുകളും ഇവിടെ സജീവമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2019ല്‍ മാത്രം കറുപ്പ് കൃഷിയിലൂടെ 1,20,000 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.