അഫ്ഗാനിസ്ഥാന്‍ സുരക്ഷ: ഡല്‍ഹിയിലെ ബഹുരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൈന

അഫ്ഗാനിസ്ഥാന്‍ സുരക്ഷ: ഡല്‍ഹിയിലെ ബഹുരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൈന

ബെയ്ജിങ്: അഫ്ഗാനുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൈന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിക്കുന്ന മേഖലയിലെ സുരക്ഷാ അവലോകന യോഗം ബുധനാഴ്ചയാണ് നടക്കുക.

‘ക്രമപ്പട്ടിക’യിലെ അസൗകര്യം മൂലമാണു പിന്മാറ്റമെന്നാണു വിശദീകരണം. റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളും അഞ്ചു മധ്യേഷ്യൻ രാജ്യങ്ങളുമാണ് ബുധനാഴ്ച നടക്കുന്ന ആശയവിനിമയത്തിൽ പങ്കെടുക്കുക.

അതേസമയം യോഗത്തിനെത്തില്ലെന്ന് പാകിസ്താന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ ചൈനയും സമാനമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. ഇറാനും റഷ്യയും പങ്കെടുക്കുന്നത് ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമാണ്. നാളെ നടക്കുന്ന യോഗം ഇന്ത്യയുടെ പദവി ഉയര്‍ത്തുന്നതാണ്. ചൈനയ്ക്ക് കനത്ത തിരിച്ചടിയുമാണ്. 

അഫ്ഗാനിൽ ഓഗസ്റ്റിൽ താലിബാൻ അധികാരം ഏറ്റെടുത്തശേഷം ഭീകരവാദം, ലഹരി ഉൽപന്നങ്ങളുടെ കടത്ത് തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭീഷണിക്കെതിരെ സമാന സ്വഭാവത്തിലുള്ള നിലപാടുകൾ സ്വീകരിക്കാനാണ് ആശയവിനിമയത്തിലൂടെ ലക്ഷ്യമിടുന്നത്.  

‘ക്രമപ്പട്ടികയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ ചൈനയ്ക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്’ എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും ആശയവിനിമയത്തിൽ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.