ഓസ്‌ട്രേലിയയില്‍ കുപ്രസിദ്ധ മാഫിയ തലവന്‍ അറസ്റ്റില്‍; പിടികൂടിയത് ട്രക്കിനുള്ളിലെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

ഓസ്‌ട്രേലിയയില്‍ കുപ്രസിദ്ധ മാഫിയ തലവന്‍ അറസ്റ്റില്‍; പിടികൂടിയത്  ട്രക്കിനുള്ളിലെ  കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് മാഫിയ തലവന്‍ മൊസ്തഫ ബലൂച്ച് പിടിയില്‍. ജാമ്യത്തിലിരിക്കെ ഒരു ട്രക്കിനുള്ളിലെ കാറില്‍ ഒളിച്ചിരുന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ന്യൂ സൗത്ത് വെയില്‍സ്-ക്വീന്‍സ്ലന്‍ഡ് അതിര്‍ത്തിക്കു സമീപം ഇയാള്‍ പോലീസ് പിടിയിലായത്.

ന്യൂ സൗത്ത് വെയില്‍സ് പോലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മൊസ്തഫ ബലൂച്ച് (33) ഓസ്‌ട്രേലിയിലെ കുപ്രസിദ്ധനായ മയക്കുമരുന്ന് കടത്തുകാരനാണ്. ഇക്വഡോറില്‍ നിന്ന് 270 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 900 കിലോഗ്രാം കൊക്കെയ്ന്‍ ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം ലഭിക്കുകയായിരുന്നു. ജാമ്യത്തിലിരിക്കെ ഇയാളുടെ കണങ്കാലില്‍ ഘടിപ്പിച്ചിരുന്ന ട്രാക്കിംഗ് ഉപകരണം മുറിച്ചുനീക്കിയാണ് ഒക്ടോബര്‍ 25 മുതല്‍ ഒളിവില്‍ പോയത്.

ന്യൂ സൗത്ത് വെയില്‍സ് അതിര്‍ത്തി കടന്ന പ്രതിയെ ഇന്നു പുലര്‍ച്ചെയാണ് ക്വീന്‍സ്ലന്‍ഡ് പോലീസ് കണ്ടെത്തിയത്. ട്രക്കിലെ കണ്ടെയ്നറിനുള്ളിലുണ്ടായിരുന്ന ചാരനിറത്തിലുള്ള മെഴ്സിഡസ് കാറിലാണ് മൊസ്തഫ അതിവിദഗ്ധമായി ഒളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്. ക്വീന്‍സ്ലാന്‍ഡില്‍ എത്തിയ ശേഷം വിദേശത്തേക്കു രക്ഷപ്പെടാനായിരുന്നു പദ്ധതി.


ട്രക്കിനുള്ളിലെ കണ്ടെയ്നറില്‍ കണ്ടെത്തിയ കാര്‍. ഈ കാറില്‍ ഒളിച്ചിരുന്നാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ബലൂച്ച് ഒരു ട്രക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നു പോലീസ് ഡിറ്റക്ടീവുകള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ഡസന്‍ കണക്കിന് ട്രക്കുകള്‍ ഇന്നലെ രാത്രി പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാല്‍ കൃത്യമായി പൂട്ടാത്ത നിലയില്‍ ഒരു ട്രക്ക് അതിര്‍ത്തി കടന്നത് ക്വീന്‍സ്ലാന്‍ഡ് പോലീസ് കോണ്‍സ്റ്റബിളിന്റെ കണ്ണില്‍പെട്ടു. നിര്‍ത്തിയിട്ട ട്രക്കിന്റെ ഒരു വശത്ത് പോലീസ് കോണ്‍സ്റ്റബിള്‍ തട്ടിയപ്പോള്‍ തിരിച്ചും തട്ടുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രക്കിലെ കണ്ടെയ്നറിനുള്ളില്‍ കാറില്‍ ഒളിച്ചിരുന്ന മൊസ്തഫ ബലൂച്ച് പിടിയിലായത്.

മൊസ്തഫ ഒരുപക്ഷേ രക്ഷപ്പെടാനായി ഇവിടെ ഇറങ്ങാന്‍ ഉദ്ദേശിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. രക്ഷപ്പെടാനുള്ള സിഗ്നലാണെന്നു പ്രതി കരുതി. പോലീസാണെന്നു മനസിലാകാതെയാണ് പ്രതി തിരിച്ചു ശബ്ദമുണ്ടാക്കിയത്. തുടര്‍ന്ന് അമ്പരപ്പോടെ ഇറങ്ങിവന്ന ബലൂച്ചിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ക്വീന്‍സ്‌ലന്‍ഡ് പോലീസില്‍നിന്നു വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ ന്യൂ സൗത്ത് വെയില്‍സ് പോലീസ് ആരംഭിച്ചു.

ക്വീന്‍സ്ലന്‍ഡ്-ന്യൂ സൗത്ത് വെയില്‍സ് പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് സ്മിത്ത് പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാള്‍ക്കു വേണ്ടിയുള്ള വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു.

പ്രതിയെ പിടികൂടിയതില്‍ ന്യൂ സൗത്ത് വെയില്‍സ് പോലീസ് മന്ത്രി ഡേവിഡ് എലിയട്ട് ആശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന് അപമാനകരമായ സംഭവമായിരുന്നു പ്രതിയുടെ രക്ഷപ്പെടല്‍.

ട്രക്കിന്റെ വശത്ത് ഇടിക്കാന്‍ തോന്നിയ ക്വീന്‍സ് ലന്‍ഡ് പോലീസ് കോണ്‍സ്റ്റബിളിന് അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ താന്‍ സ്വീകരണം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ബേവ്യൂവിലെ പ്രതിയുടെ വാട്ടര്‍ഫ്രണ്ട് വീട്ടില്‍ കഴിയണമെന്ന വ്യവസ്ഥയോടെ നാലു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ജാമ്യത്തിലാണ് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചത്.


കണ്ടെയ്നറിലെ കാറില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച മൊസ്തഫ ബലൂച്ചിനെ പോലീസ് പിടികൂടിയപ്പോള്‍.

ബലൂച്ചിനെ രക്ഷപ്പെടാന്‍ സഹായിച്ച ട്രക്കിന്റെ ഡ്രൈവറെയും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയെയും അറസ്റ്റ് ചെയ്തു. പോലീസ് തെരയുന്ന പ്രതിയെ ഒളിപ്പിച്ചതിന് ഇവരുടെ മേല്‍ കുറ്റം ചുമത്തും. വരും ദിവസങ്ങളില്‍ ബലൂച്ചിന്റെ കൂടുതല്‍ കൂട്ടാളികള്‍ അറസ്റ്റിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥര്‍ സിഡ്നിയിലെ ഇയാളുടെ രണ്ട് വസ്തുക്കള്‍ റെയ്ഡ് ചെയ്യുകയും പണം, മയക്കുമരുന്ന്, മൊബൈല്‍ ഫോണുകള്‍, പണം എണ്ണുന്ന യന്ത്രങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.