'ജയ് ഭീം'ന് പ്രശംസ; 'ലിജോമോൾക്ക് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക': കെ കെ ശൈലജ

'ജയ് ഭീം'ന്  പ്രശംസ; 'ലിജോമോൾക്ക് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക': കെ കെ ശൈലജ

തിരുവനന്തപുരം: തമിഴ് ചിത്രം 'ജയ് ഭീം'നെ പ്രശംസിച്ച്‌ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ് ചിത്രമെന്നും സെങ്കനിയായി ലിജോമോള്‍ ജോസഫ് പരകായപ്രവേശനം ചെയ്യുകയായിരുന്നെന്നും മന്ത്രി കുറിച്ചു. ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക എന്ന് ചോദിക്കുകയാണ് ശൈലജ. രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠനെയും കുറിപ്പില്‍ അഭിനന്ദിച്ചിട്ടുണ്ട്.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്.ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിവിവേചനത്തിന്റെയും ഭരണകൂടഭീകരതയുടെയും നേര്‍കാഴ്ചയാണത്.

ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേല്‍കോയ്മയുടെ ദുരനുഭവങള്‍ നാം കാണുന്നുണ്ട്.
സമഭാവനയുടെ കണിക പോലും മനസില്‍ ഉണരാതിരിക്കുമ്പോള്‍ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യമനസ്സിന് വിഹരിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്തപോലീസ്‌ മര്‍ദ്ദനമുറകള്‍ ചൂണ്ടികാട്ടുന്നത്.
അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പോലീസ് സ്റ്റേഷനുകളും വേദിയായത് ജയ് ഭീമില്‍ കണ്ട ഭീകര മര്‍ദ്ദന മുറകള്‍ക്കാണ്.

സ്വാതന്ത്ര്യത്തിന്റെ ദീര്‍ഘമേറിയ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതര്‍ക്ക് വെളിച്ചത്തിലേക്ക് വരാന്‍ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യംമൂലമാണ്.

ജസ്റ്റിസ് ചന്ദ്രു എന്ന കമ്മൂണിസ്റ്റ് പാവങ്ങള്‍ക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിന്‍റെ യഥാര്‍ത്ഥ അനുഭവങ്ങളാണ് ജ്ഞാനവേല്‍ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ അതുല്യമായ പ്രകടനത്തില്‍ ജീവിതത്തിന്റെ നേര്‍കാഴ്ചയായതും.

ലിജോമോള്‍ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു. ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക.ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്നു.രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠന്‍ മനസ്സില്‍ നിന്ന് അത്രവേഗത്തില്‍ മഞ്ഞു പോകില്ല.
പ്രകാശ് രാജും പോലീസ്കാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം.

മാര്‍ക്സാണ് എന്നെ അംബേദ്കറില്‍ എത്തിച്ചതെന്നു പറഞ്ഞ യഥാര്‍ഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു)നാടിന്റെ അഭിമാനമായി മാറുന്നു. മനുഷ്യമന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിര്‍മ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.