മതപീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണം: യു.എസ് മത സ്വാതന്ത്ര്യ കമ്മീഷന്‍

മതപീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണം:  യു.എസ് മത സ്വാതന്ത്ര്യ കമ്മീഷന്‍

ക്രൈസ്തവ പീഡനം രൂക്ഷമായ ലോക രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോര്‍സ് സംഘടനയുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത്


വാഷിംങ്ടണ്‍ ഡിസി: മതപീഡനം അതിരൂക്ഷമായി നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷന്‍. കമ്മീഷന്റെ വിദഗ്ധ സമിതിയാണ് വിഷയത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ഉപദേശം നല്‍കുന്നത്.

അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി മതപീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഏതെല്ലാം രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം തീരുമാനമെടുത്തേക്കും. ഇന്ത്യയെ കൂടാതെ റഷ്യ, സിറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമന്നാണ് മത സ്വാതന്ത്ര്യ കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമടക്കമുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വരും. അഫ്ഗാനിസ്ഥാന്‍, അല്‍ജീരിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളെ സ്‌പെഷ്യല്‍ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ ആവശ്യം പിന്‍വലിക്കാന്‍ മതസ്വാതന്ത്ര്യ കമ്മീഷന് മേല്‍ വലിയ സമ്മര്‍ദ്ദവുമുണ്ടായി.

വാഷിംങ്ടണിലുളള തങ്ങളുടെ പ്രതിനിധികളെ ഉപയോഗിച്ച് സംഘടനയുടെ മേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതില്‍ ആശങ്കയുണ്ടെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് അധ്യക്ഷന്‍ ജോണ്‍ പ്രഭുദോസ് കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ക്രൈസ്തവര്‍ക്കെതിരെയുളള അക്രമ സംഭവങ്ങളില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. ക്രൈസ്തവ പീഡനം രൂക്ഷമായ ലോക രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോര്‍സ് സംഘടനയുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.