'അവള്‍ ഒരു പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്ന് കരുതി'; മലാലയുടെ വിവാഹം ഞെട്ടിച്ചെന്ന് തസ്ലീമ നസ്റിന്‍

'അവള്‍ ഒരു പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്ന് കരുതി'; മലാലയുടെ വിവാഹം ഞെട്ടിച്ചെന്ന് തസ്ലീമ നസ്റിന്‍

ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് ഒരു പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ച വാര്‍ത്ത ഞെട്ടിച്ചെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷ് യുവാവിനെ മലാല വിവാഹം കഴിക്കുമെന്നാണ് കരുതിയതെന്ന് തസ്ലീമ ട്വിറ്ററില്‍ കുറിച്ചു.

'മലാല ഒരു പാകിസ്താനിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അവള്‍ക്ക് 24 വയസ് മാത്രമാണ് പ്രായം. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോയ അവള്‍ ഒരു സുന്ദരനായ പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നാണ് ഞാന്‍ കരുതിയത്. 30 വയസിനുമുമ്പ് വിവാഹം കഴിക്കുമെന്നും കരുതിയില്ല', അവര്‍ പറഞ്ഞു.

ചില സ്ത്രീവിരുദ്ധ താലിബാന്‍കാര്‍ മലാലയുടെ വിവാഹത്തില്‍ സന്തുഷ്ടരാണെന്നും അവര്‍ പറഞ്ഞു. കാരണം മലാല ഒരു പാകിസ്ഥാനി മുസ്ലീമിനെ വിവാഹം കഴിച്ചു. അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ.

സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുന്നതിന് മുമ്പ് വിവാഹം കഴിക്കരുതെന്നും അവര്‍ പറഞ്ഞു. വിവാഹത്തെക്കുറിച്ച് മലാല മുന്‍പ് നടത്തിയ അഭിപ്രായ പ്രകടനം ചൂണ്ടിക്കാട്ടി, 'ജൂലൈയില്‍ അവര്‍ക്ക് കൂടുതല്‍ പക്വതയുണ്ടായിരുന്നെ'ന്നും തസ്ലിമ പരിഹസിച്ചു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക്കിനെയാണ് മലാല വിവാഹം കഴിച്ചത്. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിക്കുന്നത്. വിവാഹിതയായ കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ മലാല തന്നെയാണ് പങ്കുവെച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.