വെല്ലിംഗ്ടണ്‍: ലോകമെങ്ങും നിരവധി ആരാധകരുള്ള നേതാവാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍. ഏറെ സ്വാഭാവികതയോടെ ജനങ്ങളോട് ഇടപഴകാനുള്ള അവരുടെ സവിശേഷമായ കഴിവാണ് ജസീന്തയെ പ്രിയങ്കരിയാക്കുന്നത്. കുഞ്ഞുമകളുടെ വിശേഷങ്ങളുമായി പ്രധാനമന്ത്രി ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ജസീന്തയുടെ ലൈവ് സ്ട്രീമിങ്ങിനിടെ മമ്മിയെ ശല്യപ്പെടുത്തുന്ന മൂന്നുവയസുകാരി മകള്‍ 'നീവ്' ആണ് സമൂഹ മാധ്യമങ്ങളിലെ താരം.
കോവിഡ് നിയന്ത്രണങ്ങളിലെ പുതിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് മന്ത്രിസഭായോഗത്തിലെടുത്ത നിര്‍ണായക തീരുമാനങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് നീവ് അമ്മയെ ബുദ്ധിമുട്ടിലാക്കിയത്. അമ്മ ലൈവ് സ്ട്രീമിങ്ങ് നടത്തുന്നതിനിടെയാണ് മമ്മീ..എന്ന ചിണുങ്ങലുമായി നീവ് വിളിച്ചത്.
ലൈവ് സ്ട്രീമിങ്ങ് ആരംഭിച്ച് മിനുട്ടുകള്‍ കഴിഞ്ഞപ്പോഴാണ് നീവിന്റെ വിളിയെത്തുന്നത്. പതിഞ്ഞ സ്വരത്തിലുള്ള മമ്മീ എന്ന വിളിയല്ലാതെ നീവ് വീഡിയോ ദൃശ്യത്തില്‍ പതിഞ്ഞിട്ടില്ല. ഇത് ഉറങ്ങാനുള്ള സമയമാണെന്നും ബെഡിലേക്ക് പൊയ്‌ക്കോളൂ, ഒരു മിനിറ്റിനുള്ളില്‍ അമ്മ വരാം എന്ന് ജസീന്ത മകളോട് പറയുന്നതും കേള്‍ക്കാം. ഇതൊരു 'ബെഡ് ടൈം ഫെയില്‍' ആണെന്ന് പറഞ്ഞ ജസീന്ത, നിങ്ങള്‍ക്കുണ്ടോ ഇതുപോലെ ഉറക്കത്തില്‍ നിന്ന് മൂന്നൂം നാലും തവണ എഴുന്നേറ്റുവരുന്ന കുട്ടികളെന്നും ചോദിക്കുന്നുണ്ട്.
ലൈവ് നീണ്ടുപോയതിന് മകളോട് ക്ഷമ ചോദിക്കുന്ന ആര്‍ഡണ്‍ മകള്‍ നീവിനെ ഉറക്കാന്‍ തനിക്ക് പോകേണ്ടതുണ്ടെന്നും ലൈവ് അവസാനിപ്പിക്കുകയാണെന്നും പറഞ്ഞുനിര്‍ത്തുകയാണ്. ലൈവ് തടസപ്പെട്ടതിനും ക്ഷമ ചോദിക്കുന്നുണ്ട്.
ഇതാദ്യമായല്ല കുഞ്ഞു നീവ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 2018 സെപ്റ്റംബറില്‍ ഐക്യരാഷ്ടസഭയുടെ പൊതുസഭയില്‍ ജസീന്ത ആര്‍ഡണ്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ കൂടെ നീവുമുണ്ടായിരുന്നു. കൈക്കുഞ്ഞിനെയും കയ്യിലെടുത്ത് നടത്തിയ പ്രസംഗം യു.എന്‍ ചരിത്രത്തില്‍ തന്നെ ആദ്യ ചിത്രമായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജന്മം കൊടുത്തതും ജസീന്തയുടെ വാര്‍ത്താപ്രാധാന്യം വര്‍ധിപ്പിച്ചിരുന്നു.
ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ ഭര്‍ത്താവ്. ഒരു പരിപാടിക്കിടെയാണ് ഗേഫോഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു.
2008-ലാണ് ജസീന്ത ആര്‍ഡണ്‍ ആദ്യമായി ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ചു തവണയും അവര്‍ ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ ന്യൂസിലന്‍ഡ് പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ചു. 2017 ഒക്ടോബറിലാണ് ജസീന്ത ന്യൂസിലന്‍ഡിന്റെ നാല്‍പ്പതാമത് പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്. കോവിഡ് നിയന്ത്രിക്കാനുള്ള നടപടികള്‍ ജസീന്തയ്ക്ക് ന്യൂസീലന്‍ഡില്‍ ആദ്യഘട്ടത്തില്‍ താരപരിവേഷം നല്‍കിയിരുന്നു.
എന്നാല്‍ ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം അടുത്തിടെ രാജ്യത്ത് വീണ്ടും കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായിട്ടുണ്ട്. കോവിഡ് നിയന്ത്രിക്കാന്‍ ഭരണകൂടം പാടുപെടുന്നതിനിടെയാണ് രണ്ട് പുതിയ സര്‍വേയില്‍ ജസീന്തയുടെ ജനപ്രീതി ഇടിഞ്ഞതായി കണ്ടെത്തിയത്.
ടാള്‍ബോട്ട് മില്‍സ് റിസര്‍ച്ചിന്റെ സര്‍വേ പ്രകാരം ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയില്‍ അഞ്ച് പോയിന്റ് ഇടിവുണ്ടായി. മറ്റൊരു സര്‍വേയില്‍ ലേബര്‍ പാര്‍ട്ടിക്കുള്ള പിന്തുണ ആറ് പോയിന്റ് കുറഞ്ഞ് 39 ശതമാനമായതായി കണ്ടെത്തി. പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിക്കുള്ള പിന്തുണ നാല് പോയിന്റ് ഉയര്‍ന്ന് 26 ശതമാനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.