രക്ഷിതാക്കള്‍ക്കെതിരെ കുട്ടികളുടെ വ്യാജ ലൈംഗിക പീഡന പരാതി; ആശങ്ക അറിയിച്ച് ഹൈക്കോടതി

രക്ഷിതാക്കള്‍ക്കെതിരെ കുട്ടികളുടെ വ്യാജ ലൈംഗിക പീഡന പരാതി; ആശങ്ക അറിയിച്ച് ഹൈക്കോടതി

കൊച്ചി: മാതാപിതാക്കള്‍ക്കെതിരായ കുട്ടികളുടെ വ്യാജ ലൈംഗിക പീഡന പരാതികളില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി. ഇത്തരം വ്യാജ പരാതികള്‍ അപകടമാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേസില്‍ രക്ഷിതാവ് കുറ്റമുക്തനായാലും ജീവിതം തകര്‍ന്ന് പോകുമെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ വയനാട് സ്വദേശിയായ അച്ഛനെ കുറ്റ മുക്തനാക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. രണ്ടാനമ്മ മകളെ ഉപയോഗിച്ച് നല്‍കിയത് വ്യാജ പരാതി ആണെന്ന വാദം കോടതി അംഗീകരിച്ചു.

ഏഴ് വയസായ മകളെ പീഡിപ്പിച്ച കേസില്‍ കല്‍പ്പറ്റ പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വയനാട് സ്വദേശിയായ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ രണ്ടാം ഭാര്യ പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപയോഗിച്ച് നടത്തിയ വ്യാജ പരാതിയാണ് കേസ് എന്നായിരുന്നു പ്രതിയുടെ വാദം. മെഡിക്കല്‍ രേഖകള്‍ ഇത് ശരിവെക്കുന്നുവെന്നും അച്ഛന്‍ വാദിച്ചു.

വിചാരണ ജഡ്ജി പരാതി ഉന്നയിച്ച കുട്ടിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ടിരുന്നതായും അച്ഛന്‍ ലൈംഗിക ചൂഷണം നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വിചാരണ ജഡ്ജി ഇരയെ നേരിട്ട് കണ്ടെന്നും അത് മതി തെളിവായി എന്നുമുള്ള വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.