സിഡ്നി: ഓസ്‌ട്രേലിയയിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് മാഫിയ തലവന്‍ മൊസ്തഫ ബലൂച്ച് പിടിയിലായത് തായ്ലന്‍ഡിലേക്കു കപ്പലില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ. 16 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന മൊസ്തഫ ബലൂച്ചിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ക്വീന്‍സ്ലാന്‍ഡ് അതിര്‍ത്തിക്കു സമീപം ഒരു ട്രക്കിലെ കണ്ടെയ്‌നറിനുള്ളില്‍നിന്നു പിടികൂടിയത്. കണ്ടെയ്‌നറിനുള്ളില്‍ ഒരു മെഴ്സിഡസ് കാറിലാണ് ഇയാള്‍ ഒളിച്ചിരുന്നത്.
മൊസ്തഫ ബലൂച്ച്
ഇക്വഡോറില്‍ നിന്ന് 270 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 900 കിലോഗ്രാം കൊക്കെയ്ന്‍ ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിരിക്കെ സിഡ്നിയിലെ ആഡംബര വസതിയില്‍നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ പോയി. കണങ്കാലില്‍ ഘടിപ്പിച്ചിരുന്ന ട്രാക്കിംഗ് ഉപകരണം നീക്കിയാണ് രക്ഷപ്പെട്ടത്. പോലീസ് നിരീക്ഷണത്തിലിരിക്കെ പ്രതി രക്ഷപ്പെട്ടത് ന്യൂ സൗത്ത് വെയില്‍സ് പോലീസിന് വലിയ നാണക്കേടു സൃഷ്ടിച്ചിരുന്നു.
ന്യൂ സൗത്ത് വെയില്‍സ്-ക്വീന്‍സ്‌ലാന്‍ഡ് പോലീസ് സംയുക്തമായി നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള പ്രതിയെ പിടികൂടിയത്.
ആദ്യം തായ്ലന്‍ഡിലേക്കു പോയി അവിടെനിന്ന് യൂറോപ്പിലെ ബാള്‍ക്കനിലേക്കു പോകാനായിരുന്നു പ്രതിയുടെ പദ്ധതി. അവിടെ അധോലോകവുമായി ബന്ധമുള്ള സുഹൃത്തുക്കളെ കാണുകയായിരുന്നു ഇയാളുടെ ഉദ്ദേശമെന്ന് പോലീസ് അറിയിച്ചു.
രാജ്യത്തുനിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് ഒരു മുതിര്‍ന്ന ഡിറ്റക്ടീവ് പറഞ്ഞു. ഇപ്പോള്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ പ്രതിയെ തിരികെ ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേനെ. ഇതുകൂടാതെ ദശലക്ഷക്കണക്കിന് ഡോളറും അന്വേഷണത്തിനായി ചെലവഴിക്കേണ്ടി വന്നേനെ-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ക്വീന്‍സ്ലാന്‍ഡ് പോലീസിനെ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോട്ടെറ്റ് അഭിനന്ദിച്ചു.
അതേസമയം ബലൂച്ചിനെ രക്ഷപ്പെടാന്‍ സഹായിച്ച ട്രക്ക് ഡ്രൈവര്‍ ജോണ്‍ കിറ്റാനോവ്സ്‌കിയെ ക്വീന്‍സ്ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇയാള്‍ ബലൂച്ചിനെ പിടികൂടിയ സ്ഥലത്തുനിന്ന് 200 കിലോമീറ്ററോളം സഞ്ചരിച്ചശേഷം ന്യൂ സൗത്ത് വെയില്‍സിലെ ഗ്രാഫ്ടണില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സിഡ്നിക്കു സമീപം ലിവര്‍പൂളില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ് ബ്രോസ് ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥനാണ് ജോണ്‍. ഇന്നലെ അറസ്റ്റിലായ ശേഷം ഗ്രാഫ്റ്റണ്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു. പോലീസ് ജോണിന്റെ സ്ഥാപനത്തിലും ഇയാളുടെ ഉടമസ്ഥതയിലുള്ള ട്രക്കുകളിലും വിശദമായ പരിശോധന നടത്തി.
കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത മൊസ്തഫ ബലൂച്ച് കനത്ത പോലീസ് സുരക്ഷയില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. പ്രതിയെ റിമാന്‍ഡ് ചെയ്യാനും നവംബര്‍ 12-നോ അതിനുമുമ്പോ സിഡ്നി സെന്‍ട്രല്‍ ലോക്കല്‍ കോടതിയില്‍ ഹാജരാക്കാനും മജിസ്ട്രേറ്റ് മാര്‍ക്ക് ഹൗഡന്‍ ഉത്തരവിട്ടു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് റോബര്‍ട്ട് ക്രിച്ച്ലോ പറഞ്ഞു.
ബലൂച്ച് ഒരു ട്രക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നു പോലീസ് ഡിറ്റക്ടീവുകള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ഡസന്‍ കണക്കിന് ട്രക്കുകള്‍ കഴിഞ്ഞ ദിവസം രാത്രി പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാല്‍ കൃത്യമായി പൂട്ടാത്ത നിലയില്‍ ഒരു ട്രക്ക് അതിര്‍ത്തി കടന്നത് ക്വീന്‍സ്ലാന്‍ഡ് പോലീസ് കോണ്‍സ്റ്റബിളിന്റെ കണ്ണില്‍പെട്ടു. നിര്‍ത്തിയിട്ട ട്രക്കിന്റെ ഒരു വശത്ത് പോലീസ് കോണ്‍സ്റ്റബിള്‍ തട്ടിയപ്പോള്‍ തിരിച്ചും തട്ടുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രക്കിലെ കണ്ടെയ്നറിനുള്ളില്‍ ചാരനിറത്തിലുള്ള മെഴ്സിഡസ് കാറില്‍ ഒളിച്ചിരുന്ന മൊസ്തഫ ബലൂച്ച് പിടിയിലായത്.
മൊസ്തഫ ഒരുപക്ഷേ രക്ഷപ്പെടാനായി ഇവിടെ ഇറങ്ങാന്‍ ഉദ്ദേശിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. രക്ഷപ്പെടാനുള്ള സിഗ്നലാണെന്നു പ്രതി കരുതി. പോലീസാണെന്നു മനസിലാകാതെയാണ് പ്രതി തിരിച്ചു ശബ്ദമുണ്ടാക്കിയത്. തുടര്‍ന്ന് അമ്പരപ്പോടെ ഇറങ്ങിവന്ന ബലൂച്ചിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതല്‍ വായനയ്ക്ക്:
ഓസ്‌ട്രേലിയയില്‍ കുപ്രസിദ്ധ മാഫിയ തലവന്‍ അറസ്റ്റില്‍; പിടികൂടിയത് ട്രക്കിനുള്ളിലെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26