തിരുവന്തപുരം: മോഹന്‍ലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.
ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ വേണ്ടെന്നു വച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
ചിത്രം ഒടിടി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ചര്‍ച്ച നടത്തുകയായിരുന്നു. തിയേറ്റര്‍ റിലീസിന് സമ്മതിച്ച ആന്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാന്‍ പറഞ്ഞു. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.
തിയറ്ററിലെ സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാവും. ഒടിടിയിലേക്ക് സിനിമകള്‍ പോകരുത്, ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇനി വരുന്ന പ്രധാന സിനിമകള്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാമെന്ന് നിര്‍മാതാക്കളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.