തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്

 തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്. അന്തിമ കണക്കുകള്‍ പ്രകാരം 70.91 ശതമാനം പേരാണ് ഒന്നാം ഘട്ടത്തില്‍ വോട്ട് ചെയ്തത്. 2020 നേക്കാള്‍ കുറവാണ് ഇത്തവണത്തെ പോളിങ്. 73.79 ആയിരുന്നു 2020 ലെ പോളിങ് ശതമാനം..

കോവിഡ് സമയത്തായിരുന്നു 2020 ല്‍ വോട്ടെടുപ്പ് നടന്നത്. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കൊടുവിലാണ് ഇത്തവണ ആദ്യഘട്ട വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ ഇത്തവണ 70.91 ശതമാനം പോളിങാണ് ലഭിച്ചത്. എറണാകുളത്താണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംത്തിട്ട ജില്ലയിലും ആണ്.

2020 പോളിങ് ശതമാനം

തിരുവനന്തപുരം- 70.02 ശതമാനം
കൊല്ലം- 73.51 ശതമാനം
പത്തനംതിട്ട- 69.72 ശതമാനം
ആലപ്പുഴ- 77.39 ശതമാനം
കോട്ടയം- 73.95 ശതമാനം
ഇടുക്കി- 74.68 ശതമാനം
എറണാകുളം- 77.28 ശതമാനം

2025 ലെ പോളിങ് ശതമാനം

തിരുവനന്തപുരം- 67.47 ശതമാനം
കൊല്ലം- 70.35 ശതമാനം
പത്തനംതിട്ട- 66.78 ശതമാനം
ആലപ്പുഴ- 73.80 ശതമാനം
കോട്ടയം- 70.86 ശതമാനം
ഇടുക്കി- 71.78 ശതമാനം
എറണാകുളം- 74.57 ശതമാനം

അതേസമയം ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന ഏഴ് ജില്ലകളിലും കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ മുന്നോട്ട് പോകുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പുകളിലെ മുന്‍കാല മേധാവിത്വം തുടരാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. വോട്ടുവിഹിതം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

തിരുവനന്തപുരം ജില്ലയില്‍ നിലവിലെ ആധിപത്യം തുടരാന്‍ ആകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ കൈവിട്ടുപോയ ഭൂരിപക്ഷ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ യുഡിഎഫും പുലര്‍ത്തുന്നു. കോര്‍പ്പറേഷനിലും വര്‍ക്കല നഗരസഭയിലും അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ് വോട്ടിങ് ശതമാനം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരവും എറണാകുളത്തെ മികച്ച പോളിങും ജില്ലയില്‍ യുഡിഎഫിന് അനുകൂലമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

കൊച്ചി കോര്‍പറേഷനില്‍ തുടര്‍ ഭരണം ഉറപ്പാണെന്നും ജില്ലയില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ്. കൊല്ലത്ത് എല്‍ഡിഎഫും യുഡിഎഫും വലിയ പ്രതീക്ഷയിലാണ്. ഒപ്പം ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. സമാനതകളില്ലാത്ത പ്രചരണം നടത്തിയിട്ടും പോളിങ് വര്‍ധിക്കാത്തത് എങ്ങനെ ബാധിക്കുമെന്നാണ് ആശങ്ക.

പത്ത് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണ ആലപ്പുഴയില്‍ രേഖപ്പെടുത്തിയത്. ജില്ലയില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട മുന്‍സിപ്പാലിറ്റികള്‍ അടക്കം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയില്‍ യുഡിഎഫ് നില്‍ക്കുമ്പോള്‍ ഭരണം നിലനിര്‍ത്തും എന്ന് അടിയുറച്ച് വിശ്വസിക്കുകയാണ് എല്‍ഡിഎഫ്.
കേരളാ കോണ്‍ഗ്രസുകളുടെ തട്ടകത്തില്‍ പ്രകടനം മെച്ചപ്പെടുത്താനാകുമെന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആത്മവിശ്വാസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.