കൊവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി; റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍

കൊവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി; റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍

ലണ്ടന്‍: കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്സിന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് അന്തര്‍ദേശീയ പഠന റിപ്പോര്‍ട്ട്. കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാര്‍സ് കോവ്-2 വൈറസിന്റെ (കൊറോണ) എല്ലാ വകഭേദങ്ങള്‍ക്കുമെതിരെ കൊവാക്സിന്‍ 70.8 ശതമാനം കാര്യക്ഷമമാണെന്നും ഈ വാക്‌സിന്‍ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണ പ്രകാരം കൊവാക്സിന്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രദമാണ്. 25 കേന്ദ്രങ്ങളില്‍ നിന്നായി 25,800ഓളം സന്നദ്ധപ്രവര്‍ത്തകരാണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായത്. കൊറോണ വാക്സിനുമായി ബന്ധപ്പെട്ടു നടന്ന ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണമാണിത്.

ലോകത്തിലെ ഏറ്റവും അംഗീകാരമുള്ള മെഡിക്കല്‍ ജേണലുകളില്‍ ഒന്നാണ് ലാന്‍സെറ്റ്. കൊവാക്സിന് മികച്ച ഫലപ്രാപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മറ്റ് വാക്സിനുകളെക്കാള്‍ ഫലപ്രാപ്തി കൊവാക്സിനുണ്ടെന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം ആദ്യമാണ് കൊവാക്സിന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.

നിലവില്‍ 17 രാജ്യങ്ങളില്‍ കൊവാക്സിന് ഉപയോഗാനുമതിയുണ്ട്.മറ്റു വാക്‌സിനുകള്‍ വളരെ കുറഞ്ഞ താപനിലയിലേ സൂക്ഷിക്കാനാകൂ.കൊവാക്സിന് ആ പ്രശ്‌നമില്ല.ഇക്കാരണത്താല്‍ തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമായ കോവിഡ് വാക്‌സിനാണിതെന്ന അഭിപ്രായമാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ളത്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.