ആരാധനക്രമത്തിനു വേണ്ടി അവകാശ സംരക്ഷണറാലിയോ?

ആരാധനക്രമത്തിനു വേണ്ടി അവകാശ സംരക്ഷണറാലിയോ?

വിശുദ്ധ കുർബാനയും അവകാശസംരക്ഷണവും ഒരിക്കലും ഒരുമിച്ച് പോകില്ല എന്നാണ്. കാരണം സഭ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും വിശുദ്ധ കുർബാന ഒരു അവകാശമല്ല, മറിച്ച് ദാനം ആണെന്നാണ്.

ജനാഭിമുഖ ബലിയർപ്പണ രീതിക്ക് വേണ്ടി ഇന്ന് ചില വൈദികരുടെ നേതൃത്വത്തിൽ കുറച്ചു പേർ കൂട്ടംകൂടി നിന്ന് സമരം ചെയ്യുന്നത് കാണാനിടയായി. അതിലെ ഒരു ബാനറിൽ എഴുതിയിരിക്കുന്നത് ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടി 'അവകാശ സംരക്ഷണ റാലി' എന്നാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്ന് വിശുദ്ധ കുർബാനയും അവകാശസംരക്ഷണവും ഒരിക്കലും ഒരുമിച്ച് പോകില്ല എന്നാണ്. കാരണം സഭ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും വിശുദ്ധ കുർബാന ഒരു അവകാശമല്ല, മറിച്ച് ദാനം ആണെന്നാണ്. കൂദാശകളുടെയെല്ലാം സ്വഭാവവും അങ്ങനെ തന്നെയാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വിശുദ്ധ കുർബാനയ്ക്ക് വേണ്ടി അവകാശ സംരക്ഷണ റാലി നടത്തുന്നു എന്ന് പറയുന്നത് ഒരേസമയം വിരോധാഭാസവും വൈരുദ്ധ്യവും ആണ്!
ജനസ്വരം ദൈവസ്വരം (Vox Populi Vox Dei)
ഈ റാലിയിൽ പ്രസംഗിച്ച ഒരു വൈദികൻ പറഞ്ഞത് ജനസ്വരം ദൈവസ്വരം എന്നാണ്. ഈയൊരു പഴമൊഴി ഏതൊക്കെ കാര്യങ്ങളിൽ ബാധകമാണ് എന്നത് ചിന്തനീയമാണ്. കത്തോലിക്കാ സഭയെ സംബന്ധിച്ച് വിശ്വാസവും ധാർമികവുമായ കാര്യങ്ങളിൽ സഭയുടെ പ്രബോധന അധികാരമാണ് നിർണായകമായത് . അത് വോട്ടിനിട്ട് തീരുമാനിക്കാവുന്ന തല്ല. ഉദാഹരണമായി ഗർഭച്ഛിദ്രം അനുവദനീയമാണോ അല്ലയോ എന്നത് ഒരിക്കലും ജനങ്ങളുടെ ഇടയിൽ വോട്ടിനിട്ട് തീരുമാനിക്കേണ്ട ഒന്നല്ല. സഭയ്ക്ക് അതിനെക്കുറിച്ച് വ്യക്തമായ പഠനം ഉണ്ട്. വിശ്വാസത്തെ സംബന്ധിക്കുന്ന കാര്യങ്ങളിലും വോട്ടിനിട്ടല്ല വിശ്വാസ സത്യങ്ങൾ രൂപീകരിക്കുന്നത്. തിരുസഭയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരമമായ നിയമം വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും സഭയുടെ പ്രബോധന അധികാരവും തമ്മിൽ പരിശുദ്ധാത്മാവ് സൃഷ്ടിച്ചിട്ടുള്ള പരസ്പര പൂരകമായ ഒരു ഐക്യത്തിൽ നിന്നുണ്ടാകുന്നു. ഇതിനർത്ഥം ഈ മൂന്ന് ഘടകങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട് എന്നാണ്.(Ref. വിശ്വാസവും യുക്തിയും, ജോൺ പോൾ രണ്ടാമൻ മാർപാപ്പ, No.55).
അതിനാൽ, ഇവിടെ മദ്ബഹാ അഭിമുഖ കുർബാന വേണോ ജനാഭിമുഖ കുർബാന വേണോ എന്നത് ജനങ്ങളുടെ അഭിപ്രായം തേടിയോ വൈദികരുടെ അഭിപ്രായം തേടിയോ തീരുമാനിക്കേണ്ട ഒരു കാര്യമല്ല. മുൻകാലങ്ങളിൽ അങ്ങനെ തീരുമാനിച്ചിട്ടുമില്ല. രണ്ടാംവത്തിക്കാൻ കൗൺസിൽ ഉൾപ്പെടെയുള്ള സഭയുടെ ഒരു പൊതു സൂനഹദോസിലും എല്ലാ ജനങ്ങളെയും ഒരുമിച്ച് കൂട്ടിയിട്ടല്ല കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. അതിനു പകരമായി പ്രതിനിധികളാണ് കാര്യങ്ങൾ നിശ്ചയിച്ചിരുന്നത്. നമ്മുടെ സഭയിലും മെത്രാൻമാരുടെ സമ്മേളനവും വൈദികരുടെ സമ്മേളനവും അല്മായരുടെ സമ്മേളനവും ഉണ്ട്.

ലത്തീൻ സഭയിലെ ജനാഭിമുഖ രീതിയുടെ അനുകരണമെന്നോണം 1965 നു ശേഷം സീറോ മലബാർ സഭയിലെ ചില രൂപതകളിൽ ജനാഭിമുഖ കുർബാന ആരംഭിച്ചത് അന്നത്തെ ചില മെത്രാന്മാരുടെ താൽപര്യാർത്ഥം ആയിരുന്നു. നിയതമായ ഒരു നേതൃത്വം സീറോ മലബാർ സഭയിൽ ഇല്ലാതിരുന്ന അക്കാലത്ത് സ്വാഭാവികമായും പല രൂപതകളിലും ക്രമേണ പലവിധ ശൈലികൾ രൂപപ്പെട്ടുവന്നു. ചിലർ തങ്ങൾ തുടർന്നുപോന്ന മദ്ബഹാ അഭിമുഖ കുർബാന നിലനിർത്തിയപ്പോൾ മറ്റുചിലർ ജനാഭിമുഖമായി ബലിയർപ്പിക്കാൻ ആരംഭിച്ചു. പിന്നീട് ആരാധനക്രമ പുനരുദ്ധാരണത്തിന് ശേഷം പകുതി ജനാഭിമുഖമായും പകുതി അൾത്താരാഭിമുഖമായും ബലിയർപ്പിക്കുന്ന രീതിയും നിലവിൽ വന്നു. സീറോ മലബാർ സഭയിൽ എപ്രകാരം വിശുദ്ധ കുർബാന അർപ്പിക്കണം എന്നതിനെപ്പറ്റി പൗരസ്ത്യ തിരുസംഘം കൃത്യമായ നിർദ്ദേശങ്ങൾ നൽകിയെങ്കിലും രൂപതകൾ തങ്ങൾ തുടർന്നുവന്ന രീതികൾ നിർത്തിയില്ല. അതിനാൽ ഇന്ന് സീറോ മലബാർ സഭയിൽ നിലനിൽക്കുന്ന വ്യത്യസ്തങ്ങളായ വിശുദ്ധ കുർബാന അർപ്പണ രീതികൾ ഏതെങ്കിലും വ്യക്തിക്കോ രൂപതയ്ക്കോ സ്വന്തമെന്ന് അവകാശപ്പെടാനാവില്ല.

1992 ൽ സീറോ മലബാർ സഭ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ ആയപ്പോഴാണ് നിയതമായ ഒരു നേതൃത്വം ഉണ്ടാവുകയും തുടർന്ന് സഭയിൽ എല്ലായിടത്തും ഏകീകൃത ബലിയർപ്പണ രീതിക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾ തുടങ്ങിയതും.1998ലെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ അല്മായ സഹോദരങ്ങൾ ആവശ്യപ്പെട്ടതും വിശുദ്ധ കുർബാനയിലെ ഐക്യം ആയിരുന്നു.

കൽദായവൽക്കരണം എന്ന വാക്ക്!
റാലിയിൽ കേട്ട ഒരു വാക്കാണ് 'കൽദായവൽക്കര ണം' എന്നത് . വാസ്തവത്തിൽ ഈ വാക്കു കൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത്? മദ്ബഹായ്ക്ക് അഭിമുഖമായി ബലിയർപ്പിക്കുന്നത് കൽദായവൽക്കരണം ആണെങ്കിൽ ലത്തീൻ സഭയും 1965 ന് മുമ്പ് കൽദായവൽക്കരണത്തിന് കീഴിലായിരുന്നു! കാരണം ലത്തീൻ സഭയും 1965നു മുമ്പ് മദ്ബഹായ്ക്ക് അഭിമുഖമായിട്ടായിരുന്നു ബലിയർപ്പിച്ചിരുന്നത്. ലത്തീൻ സഭയുടെ കൂടി പൈതൃകമായ മദ്ബഹായ്ക്ക് അഭിമുഖമായി ബലിയർപ്പിക്കുന്നതിനെ കൽദായവൽക്കരണം എന്ന് വിളിച്ച് അപഹസിക്കുന്നത് ചരിത്ര യാഥാർഥ്യങ്ങളോടുള്ള വെല്ലു വിളിയാണ്.
'കൽദായ വൽക്കരണം ' എന്ന വാക്ക് നിരന്തരമായി പ്രയോഗിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ കത്തോലിക്കാ സഭയുടെ സഭാ വിജ്ഞാനീയത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. കത്തോലിക്കാ സഭ എന്നത് സഭകളുടെ കൂട്ടായ്മ ആണെന്നും ഈ കൂട്ടായ്മയിലെ 24 വ്യക്തി സഭകൾക്കും തുല്യ പദവിയും സ്ഥാനവും ആണ് ഉള്ളതെന്നുമുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങൾക്ക് വിരുദ്ധമായാണ് ഇത്തരക്കാർ നിലകൊള്ളുന്നത്. കൽദായ വൽക്കരണം എന്ന വാക്ക് നിരന്തരമായി ഉരുവിട്ടുകൊണ്ട് വിശ്വാസികളിൽ ഭീതി സൃഷ്ടിക്കാനും (ക്രൂശിതരൂപം മാറ്റും, നൊവേനകൾ മാറ്റും, ജപമാല മാറ്റും തുടങ്ങിയ വ്യാജപ്രചാരണങ്ങൾ നടത്തിക്കൊണ്ട്) സഭയുടെ പഠനങ്ങളെ അട്ടിമറിക്കാനുമാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നത് വേദനാജനകമാണ്. സഭയുടെ പഠനങ്ങളെയോ പ്രതീകങ്ങളെയോ അംഗീകരിക്കാൻ സാധിക്കാത്തവരാണ് ഇത്തരം വ്യാജ പ്രചാരണങ്ങളിൽ മുഴുകുന്നത്.

കാലഘട്ടത്തിന്റെ അടിമകൾ ആകുന്നവർ?
ജനാഭിമുഖരീതിക്ക് വേണ്ടി അവകാശസംരക്ഷണറാലി നടത്തിയവർ Versus Populum ഞങ്ങളുടെ അവകാശമാണ് എന്ന് ബാനർ ഉയർത്തിപ്പിടിച്ചിരുന്നു. Versus Populum എന്ന ലത്തീൻ വാക്ക് സൂചിപ്പിക്കുന്നത് ജനാഭിമുഖമെന്നാണ്. 1920-കളിൽ ചില യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച ലിറ്റർജിക്കൽ മൂവ്മെന്റിന്റെ ഭാഗമെന്നോണം ആണ് ജനാഭിമുഖ ബലിയർപ്പണ രീതി ലത്തീൻ സഭയിൽ ആവിർഭവിച്ചത്. പിന്നീട് രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം അത് പ്രചുരപ്രചാരം നേടി. വിശുദ്ധ കുർബാന അർപ്പണത്തിലെ വിരുന്ന് എന്ന ഘടകത്തിന് അമിത പ്രാധാന്യം നൽകിയപ്പോഴാണ് ഇത്തരം രീതി പ്രചാരത്തിലായത്. ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം ലത്തീൻ സഭയുടെ കൂടി അപ്പസ്തോലിക പാരമ്പര്യമായ മദ്ബഹാ അഭിമുഖ ബലിയർപ്പണം (Ad Orientem) ആ സഭയിൽ ഒരിക്കലും നിരോധിച്ചിട്ടില്ല എന്നതാണ്. മെത്രാന്റെ അനുവാദത്തോടെ ഇന്നും മദ്ബഹായ്ക്ക് അഭിമുഖമായി ബലിയർപ്പിക്കുന്ന ദൈവാലയങ്ങൾ ലത്തീൻ സഭയിൽ ഉണ്ട്. അതിനാൽ മദ്ബഹായ്ക്ക് അഭിമുഖമായി ബലിയർപ്പിക്കുന്നത് 'കൽദായ വൽക്കരണം' ആണെന്നുള്ള വാദം പൊള്ളയായ ഒന്നാണ് .

സീറോ മലബാർ സഭയിലെ ഇന്നത്തെ സ്ഥിതിവിശേഷത്തിൽ സഭയുടെ സിനഡ് നിർദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണത്തിന് വലിയ പ്രസക്തിയുണ്ട്. കാരണം കാലങ്ങളായി രണ്ടു വിരുദ്ധ ഗ്രൂപ്പുകൾ പോലെയാണ് സിറോ മലബാർ സഭയിലെ അംഗങ്ങൾ നിലകൊള്ളുന്നത്.പ രിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളാൻ പോലും ഇവിടെ പലരും തയ്യാറാകുന്നില്ല എന്നതാണ് ദയനീയം. ഓരോരുത്തരും തങ്ങളുടെ പാരമ്പര്യത്തിലോ തങ്ങളുടെ കാലഘട്ടത്തിലോ ഒതുങ്ങിക്കൂടിയാൽ പിന്നെ സഭ എന്നതിന് യാതൊരു പ്രസക്തിയുമില്ല! "ഞങ്ങളുടെ രൂപതയിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല"എന്ന് ചിലരെങ്കിലും ജല്പനങ്ങൾ നടത്തുമ്പോൾ സഭ എന്ന കാഴ്ചപ്പാടാണ് ഇവിടെ മങ്ങിപ്പോകുന്നത്! ഇപ്രകാരം സഭാധികാരികളുടെ നിർദ്ദേശങ്ങൾക്കെ തിരായി നിലകൊള്ളുന്നവർ ഒരു പ്രത്യേക കാലഘട്ടത്തിന്റെ അടിമകളായിത്തീ രുകയാണ് ചെയ്യുന്നത്! സീറോ മലബാർ സഭ എന്ന വ്യക്തി സഭ സാർവത്രിക സഭയിലെ വിലമതിക്കാനാവാത്ത ഒരു രത്നമാണ്. ഈ സഭയുടെ ആരാധനക്രമം എന്നത് ഏതെങ്കിലും വൈദികർ കൂടിയോ വിശ്വാസികൾ കൂടിയോ രൂപതകൾ കൂടിയോ തീരുമാനിക്കേണ്ട ഒന്നല്ല. കാലാകാലങ്ങളിൽ
ആരാധനക്രമ വുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഓരോ വ്യക്തി സഭയുടെയും മെത്രാൻസംഘമാണ് നൽകുന്നത്.ആ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് സഭയെ ശക്തിപ്പെടുത്തുക എന്നതാണ് ഓരോ വിശ്വാസിയുടെയും കടമ. ആരാധനക്രമ ത്തെക്കുറിച്ച് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് നിർത്തട്ടെ.

" മഹത്തായ യാഥാർഥ്യം നമ്മുടെയടുത്തേക്ക് കൊണ്ടുവരുന്ന മഹാവിരുന്നിനെ നാം തന്നെ നിർമ്മിക്കുകയല്ല;മറിച്ച്, ഒരു ദാനമായി നാം സ്വീകരിക്കുകയാണ് ചെയ്യുന്നത്...... വ്യക്തികളുടെ മനസ്സുകളിലും ആസൂത്രണ വേദികളിലും ഉദിക്കുന്നത് എന്തോ അതിൽ നിന്നല്ല ആരാധനക്രമത്തിൽ ജീവൻ വരുന്നത്. മറിച്ച്, ഇത് യഥാർത്ഥ വിമോചനത്തിന്റെ ഉറവിടമായ ദൈവത്തിന്റെ ഭൂമിയുടെ മേലുള്ള അവരോഹണമാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറക്കാൻ അവന് മാത്രമേ സാധിക്കുകയുള്ളൂ. വൈദികരും വിശ്വാസികളും തങ്ങളെത്തന്നെ എത്രമാത്രം വിനീതമായി സമർപ്പിക്കുന്നുവോ അത്രത്തോളം കൂടുതൽ ആരാധനക്രമം സ്ഥിരമായി നവമായിരിക്കും ". (Ref.ലിറ്റർജിയുടെ ചൈതന്യം - ഭാഗം 4, അധ്യായം 1).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.