ആന്‍ജലോ സെക്കി: നക്ഷത്രങ്ങളുടെ തോഴന്‍

ആന്‍ജലോ സെക്കി: നക്ഷത്രങ്ങളുടെ തോഴന്‍

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം.

പ്രസക്തമായ കാര്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുക എന്നത് ബുദ്ധിയുടെ അളവുകോലാണ്. ഒരു വ്യക്തിയുടെ ധൈഷണിക പ്രഭാവത്തിന്റെ സൂചനയാണ് ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവെങ്കില്‍ ഉന്നതമായ ധൈഷണിക ശക്തിയുള്ള ആളാണ് ആന്‍ജലോ സെക്കി.

മറ്റൊരാളും ചോദിക്കാത്ത കാര്യങ്ങള്‍ ചോദിക്കാനും അവയുടെ ഉത്തരങ്ങള്‍ അന്വേഷിക്കാനും തീക്ഷ്ണത പുലര്‍ത്തിയ ആളാണ് സെക്കി. മുന്‍പുള്ള ശാസ്ത്രജ്ഞര്‍ ആകാശ ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സഞ്ചാരപഥങ്ങള്‍ മാത്രം ചിന്തിച്ചിരുന്നപ്പോള്‍ അവയുടെ അസ്തിത്വത്തെപ്പറ്റി ചിന്തിച്ച ആളാണ് സെക്കി. ഇതാണ് അസ്ട്രോഫിസിക്‌സില് മാറ്റങ്ങള്‍ കൊണ്ടുവന്ന ചിന്ത.

1818 ജൂണ്‍ 28 ന് വടക്കേ ഇറ്റലിയിലെ റെജിയോ എമിലിയ എന്ന സ്ഥലത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് ആന്‍ജലോ സെക്കി ജനിക്കുന്നത്. പതിനഞ്ചാം വയസില്‍ തന്നെ റോമിലെ ജെസ്യൂട്ട് നോവിഷ്യറ്റ് കോളേജില്‍ ചേര്‍ന്നു. പഠനത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യവും കഴിവും അധികാരികള്‍ മനസിലാക്കി.

1839 മുതല്‍ അദ്ദേഹം റോമിലെ ജെസ്യൂട്ട് കോളേജില്‍ ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവും പഠിപ്പിക്കുന്നുണ്ടായിരുന്നു. 1844 ല്‍ ദൈവശാസ്ത്ര പഠനം ആരംഭിച്ച അദ്ദേഹം 1847 ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

തന്റെ ദൈവശാസ്ത്ര പഠനത്തിനിടക്കും തന്നോടൊപ്പമുള്ള സഹോദര ശാസ്ത്രഞ്ജ വൈദികരുടെ സഹായിയായി അദ്ദേഹം ജോലി ചെയ്തു. 1848 ല്‍ ഇറ്റലിയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമയത്ത് ജെസ്യൂട്ട് വൈദികര്‍ കൂട്ടമായി മാറേണ്ടി വന്ന സാഹചര്യതില്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി.

ആദ്യം കുറച്ചു കാലം സ്റ്റോണിഹുര്‍സ്‌റ് കോളേജില്‍ ഗണിതം പഠിച്ചു. പിന്നീട് ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്തു. 1852 ല്‍ അദ്ദേഹം റോമില്‍ തിരിച്ചെത്തി. റോമന്‍ കോളേജില്‍ അദ്ദേഹം ഒരു വാനനിരീക്ഷണ സംവിധാനം സ്ഥാപിച്ചു. മരണം വരെയും ഈ വാനനിരീക്ഷണ സംവിധാനത്തിന്റെ തലവനും അദ്ദേഹമായിരുന്നു.

1870 ല്‍ വത്തിക്കാന്റെ ഭൂമി (Papal states ) ഇറ്റലി പിടിച്ചെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ തലവന്‍ സ്ഥാനം മാറ്റണമെന്ന് അവര്‍ ആഗ്രഹിച്ചെങ്കിലും യുക്തനായ ഒരു പകരക്കാരന്‍ ഇല്ലാത്തതിനാലും പുറത്താക്കിയാല്‍ അദ്ദേഹം മറ്റു രാജ്യങ്ങളില്‍ സമാനമായ നിരീക്ഷണ കേന്ദ്രങ്ങളുടെ തലപ്പത്തു എത്തുമെന്ന് മനസിലാക്കിയതിനാലും അദ്ദേഹത്തെ അവര്‍ പുറത്താക്കിയില്ല. 1872 ഫെബ്രുവരി 26 നു തന്റെ മരണം വരെ സെക്കി റോമില്‍ തുടര്‍ന്നു.

ജെസ്യൂട്ട് കോളേജില്‍ അദ്ദേഹം സ്ഥാപിച്ച ടെലെസ്‌കോപ് ജര്‍മനിയില്‍ നിര്‍മിച്ചതാണ്. ഇത് ഉപയോഗിച്ചാണ് നക്ഷത്രങ്ങളുടെ സ്വഭാവത്തെക്കുറിച്ചു പഠിച്ചത്. ഒരു തിളങ്ങുന്ന പ്രകാശം പ്രിസത്തിലൂടെ കടത്തിവിട്ടു അതിന്റെ മൂല നിറങ്ങള്‍ വേര്‍തിരിച്ചെടുത്ത് അതില്‍ ഉള്‍പ്പെടുന്ന രാസപദാര്‍ത്ഥങ്ങള്‍ അറിയാന്‍ സാധിക്കും എന്ന കണ്ടുപിടുത്തം അദ്ദേഹത്തിനും മുന്‍പേ ഉള്ളതാണെങ്കിലും ഈ തന്ത്രം നക്ഷത്രങ്ങളില്‍ ആദ്യം ഉപയോഗിക്കുന്നത് ആന്‍ജലോ സെക്കിയാണ്.

സ്പെക്ട്രോസ്‌കോപി എന്ന് പറയുന്ന ഈ രീതി ഉപയോഗിച്ചു നക്ഷത്രങ്ങളെ സമാന പ്രത്യേകതകള്‍ ഉള്ളതിനനുസരിച്ചു ഗണം തിരിച്ചു. അദ്ദേഹം സ്വീകരിച്ച വേര്‍തിരിക്കല്‍ സമ്പ്രദായം പരക്കെ  അംഗീകരിക്കപ്പെട്ടു.

ആന്‍ജലോ സെക്കിയുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച ഒരു നക്ഷത്രമാണ് സൂര്യന്‍. സൂര്യന്‍ ഒരു നക്ഷത്രമാണെന്ന് ആദ്യം പറഞ്ഞ ശാസ്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം. സ്പെക്ട്രോസ്‌കോപിയിലൂടെ സൂര്യന്റെ പ്രകാശത്തെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സൂര്യപ്രകാശത്തിന്റെ അളവും ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ വ്യത്യാസവും തമ്മിലുള്ള ബന്ധം അദ്ദേഹം മനസിലാക്കി. ഇതാണ് സൂര്യ കളങ്കങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്ക് നയിച്ചത്. 1860 ല്‍ സൂര്യഗ്രഹണ ചിത്രം പകര്‍ത്തുമ്പോള്‍ അത് ചെയ്യുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി.

ഈ ചിത്രം വഴിയായി സൂര്യന്റെ ബാഹ്യഭാഗം (കൊറോണ) വെറും കാഴ്ചയുടെ സൃഷ്ടിയല്ല മറിച്ച്, യാഥാര്‍ഥ്യമാണന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. സൗരകേന്ദ്രം വായു ആണെന്നും കേന്ദ്രം മുതല്‍ പുറത്തേക്ക് ചൂട് കുറഞ്ഞു വരുന്നെനും അദ്ദേഹം പറഞ്ഞു. പത്തൊന്‍പതാം നൂറ്റാണ്ടിലെ സൗര പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് 1870 ല്‍ അദ്ദേഹം പുറത്തിറക്കിയ the soleil. ശനിയുടെ വലയങ്ങളും അദ്ദേഹം നിരീക്ഷിച്ചിരുന്നു. മൂന്നു ധൂമകേതുക്കള്‍ അദ്ദേഹം നിരീക്ഷിച്ചു. അതിലൊന്നിന് സെക്കി ധൂമകേതു (comet secchi) എന്നാണ് പേര്.

Heliospectrograph, Star spectrograph, telespectroscope എന്നിവ അദ്ദേഹമാണ് കണ്ടുപിടിച്ചത്. ചന്ദ്രമുഖത്തെ പാടുകളെപ്പറ്റി അദ്ദേഹം ഏറെ പഠിച്ചു. ബഹിരാകാശമേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ഒരു ഛിന്നഗ്രഹം, ചന്ദ്രഗര്‍ത്തം, ചൊവ്വയിലെ ഗര്‍ത്തം എന്നിവക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയിട്ടുണ്ട്. ബഹിരാകാശകാര്യങ്ങള്‍ മാത്രം ചിന്തിച്ചിരുന്ന ഒരു ശാസ്ത്രജ്ഞന്‍ അല്ല സെക്കി. മറിച്ച്, ലോകത്തു നടക്കുന്ന പുതിയ ശാസ്ത്രീയ വളര്‍ച്ചകളെ സാധാരണക്കാരില്‍ കൂടി എത്തിക്കാന്‍ താത്പര്യപ്പെട്ട ഒരാളായിരുന്നു.

1851 ല്‍ പാരീസില്‍ ലിയോണ്‍ ഫുക്കോ ഒരു പെന്‍ഡുലം തൂക്കി ഭൂമിയുടെ ഭ്രമണം തെളിയിച്ചപ്പോള്‍ സമാനമായ രീതിയില്‍ റോമില്‍ ഇഗ്നേഷ്യസിന്റെ പള്ളിയുടെ മുകളില്‍നിന്നും 105 അടി നീളമുള്ള പെന്‍ഡുലം ഉപയോഗിച്ച് അദ്ദേഹം അതേ പരീക്ഷണം ആവര്‍ത്തിച്ചു. കടലിനെക്കുറിച്ചുള്ള പഠനത്തിലും വ്യാപൃതനായിരുന്ന അദ്ദേഹം ഭൂമിയുടെ കാന്തിക മണ്ഡലത്തെ കൃത്യമായി നിരീക്ഷിക്കാന്‍ 1858 ല്‍ റോമില്‍ ഒരു കാന്തിക നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു.

ശാസ്ത്രജ്ഞര്‍ തങ്ങളുടെ ശാസ്ത്രത്വര ആത്മീയ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി കാണരുത് എന്നതാണ് അദ്ദേഹം നമുക്ക് നല്‍കുന്ന വലിയൊരു സന്ദേശം. ശാസ്ത്രം മനസിലാക്കാനുള്ള കഴിവും പരിശുദ്ധാത്മാവ് നല്‍കുന്ന കൃപയാണെന്നു അദ്ദേഹം ഉറച്ചു പ്രഖ്യാപിച്ചു.

ശാസ്ത്രം പഠിക്കുന്നത് നമുക്ക് ശേഷം ജീവിച്ചവരെക്കാള്‍ അറിവുണ്ടെന്നു വരുത്താനോ, അതില്‍ അഹങ്കരിക്കാനോ അല്ല. മറിച്ച് ദൈവം സൃഷ്ടിച്ച ലോകത്തെ നന്നായി മനസിലാക്കാനാണെന്ന് അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രം അറിയാന്‍ ആഗ്രഹിക്കുന്നതിന്റെ അവസാന ലക്ഷ്യം ദൈവത്തെ കൂടുതല്‍ അടുത്തറിയുക എന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംശയിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന നല്ല വ്യക്തിത്വമാണ് ആന്‍ജലോ സെക്കി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.