രക്ഷപ്പെട്ട ആയിരക്കണക്കിന് ആളുകളുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളുടെയും അനേകം സാക്ഷ്യ പത്രങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിജീവിച്ച 150 ലധികം പേര്‍ വാക്കാലുള്ള സാക്ഷ്യം നല്‍കി. അതേസമയം ആയിരക്കണക്കിന് പേര്‍ രേഖാ മൂലമോ ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയോ തെളിവുകള്‍ സമര്‍പ്പിച്ചു.
ന്യൂഡല്‍ഹി: ലോകത്തിന് മുന്‍പില്‍ ഇന്ത്യ നാണംകെട്ട് തല കുനിച്ച മണിപ്പൂര്‍ കലാപത്തിന്റെ നിഷ്പക്ഷമായ റിപ്പോര്‍ട്ട് ഒടുവില്‍ പുറത്തു വന്നു. മണിപ്പൂരില്‍ നടന്നത് പെട്ടന്നുണ്ടായ വംശീയ കലാപം അല്ലെന്നും കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ നരവേട്ടയാണെന്നുമാണ് കണ്ടെത്തല്‍.
കലാപം അന്വേഷിക്കുന്നതിനായി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) 2024 ല്‍ സ്ഥാപിച്ച സ്വതന്ത്ര ജനകീയ ട്രൈബ്യൂണലാണ് 2025 ഓഗസ്റ്റ് 20 ന് 694 പേജുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അക്രമം സ്വമേധയാ സംഭവിച്ചതല്ല, മറിച്ച് ആസൂത്രിതവും വംശീയമായി ലക്ഷ്യമിടുന്നതും ഭരണകൂട പരാജയങ്ങളാല്‍ അരങ്ങേറിയതുമാണ് എന്നാണ് ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ട്രൈബ്യൂണലിന്റെ പ്രധാന കണ്ടെത്തലുകളും ശുപാര്‍ശകളും
2023 മെയ് മൂന്നിന് ആരംഭിച്ച അക്രമം ആസൂത്രിതവും വംശീയമായി ലക്ഷ്യമിട്ടുള്ളതുമായിരുന്നു. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അവരുടെ ഭരണഘടനാപരമായ കടമകളില്‍ പരാജയപ്പെട്ടുവെന്ന് ട്രൈബ്യൂണല്‍ ആരോപിച്ചു.
മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിനെതിരെ പ്രത്യേക വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. “The voices we heard paint a picture of systemic impunity and targeted brutality” എന്നാണ് ജൂറി എഴുതിയിരിക്കുന്നത്. അരാംബായി തെങ്കോള്‍, മെയ്‌തേയ് ലീപുന്‍ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കും അവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിഷ്‌ക്രീയത്വവും ട്രൈബ്യൂണല്‍ എടുത്തു പറഞ്ഞു.
പക്ഷപാതപരമായ റിപ്പോര്‍ട്ടിങിലൂടെയും പ്രത്യേകിച്ച് ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിലൂടെയും മാധ്യമങ്ങള്‍ പിരിമുറുക്കം വര്‍ധിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 27 മാസത്തെ അക്രമങ്ങള്‍ക്ക് ശേഷവും 60,000 ത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിത പൂര്‍ണമായ ക്യാമ്പുകളില്‍ കഴിയുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിയും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ അക്രമം അനുവദിക്കുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്തുവെന്നാണ് അതിജീവിച്ച പലരും ഇപ്പോഴും വിശ്വസിക്കുന്നത്. അക്രമം, സുരക്ഷാ സേനയുടെ പങ്ക്, വിദ്വേഷ പ്രസംഗം എന്നിവ അന്വേഷിക്കാന്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കണമെന്ന് ട്രൈബ്യൂണല്‍ ശുപാര്‍ശ ചെയ്തു.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പ് വരുത്താനായി മണിപ്പൂരിന് പുറത്തു നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഈ എസ്‌ഐടി പ്രതിമാസം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത്തരം വിഷയങ്ങളില്‍ ഇന്ത്യയുടെ ജുഡീഷ്യറി, പാര്‍ലമെന്റ്, സിവില്‍ സൊസൈറ്റി എന്നിവയ്ക്കുള്ള ഉത്തരവാദിത്വം പ്രകടമാകേണ്ടതിന്റെ ആവശ്യകത ട്രൈബ്യൂണല്‍ ഊന്നിപ്പറഞ്ഞു.
നിഷ്പക്ഷത ഉറപ്പ് വരുത്തുന്നതിനായി മണിപ്പൂരിന് പുറത്തു നിന്ന് തിരഞ്ഞെടുത്ത ജൂറിയുടെ അധ്യക്ഷന്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരുന്നു. ജസ്റ്റിസ് കെ. കണ്ണന്‍, ജസ്റ്റിസ് അഞ്ജന പ്രകാശ്, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദേവ സഹായം, സ്വരാജ് ബീര്‍ സിങ്്, ഉമാ ചക്രവര്‍ത്തി, വിര്‍ജിനിയസ് സാക്‌സ, മനുഷ്യാവകാശ പ്രവര്‍ത്തകരായ മഞ്ജുള പ്രദീപ്, ഹെന്റി ടിഫാഗ്‌നെ, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആകാര്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ട്രൈബ്യൂണല്‍ അംഗങ്ങളായിരുന്നു.
രക്ഷപ്പെട്ട ആയിരക്കണക്കിന് ആളുകളുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളുടെയും അനേകം സാക്ഷ്യ പത്രങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിജീവിച്ച 150 ലധികം പേര്‍ വാക്കാലുള്ള സാക്ഷ്യം നല്‍കി. അതേസമയം ആയിരക്കണക്കിന് പേര്‍ രേഖാ മൂലമോ ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയോ തെളിവുകള്‍ സമര്‍പ്പിച്ചു.
മണിപ്പൂര്‍ കലാപത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 250 ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ അഗ്നിക്കിരയായി. ആയിരക്കണക്കിന് വീടുകളാണ് കൊള്ളയടിക്കുകയും തീ വച്ച് നശിപ്പിക്കുകയും ചെയ്തത്. അമ്പതിനായിരത്തിലധികം പേര്‍ക്കാണ് ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വന്നത്.
മണിപ്പൂരില്‍ സംഭവിച്ചത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശീയ കലാപമാണെന്ന റിപ്പോര്‍ട്ടുകളെല്ലാം ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് പി.യു.സി.എല്ലിന്റെ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.