മൈറ്റ്ലാന്‍ഡ്-ന്യൂകാസില്‍ കത്തോലിക്കാ രൂപത ബിഷപ്പ് വില്യം റൈറ്റ് അന്തരിച്ചു

മൈറ്റ്ലാന്‍ഡ്-ന്യൂകാസില്‍ കത്തോലിക്കാ രൂപത ബിഷപ്പ് വില്യം റൈറ്റ് അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മൈറ്റ്ലാന്‍ഡ്-ന്യൂകാസില്‍ കത്തോലിക്കാ രൂപത മെത്രാന്‍ ബിഷപ്പ് വില്യം റൈറ്റ് അന്തരിച്ചു. 69-ാം വയസിലാണ് വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി അദ്ദേഹം അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മൈറ്റ്ലാന്‍ഡ് ഹോസ്പിറ്റലിലാണ് ശനിയാഴ്ച്ച വൈകിട്ട് അന്ത്യം സംഭവിച്ചത്. സംസ്‌കാരം പിന്നീട് നടക്കും.

തന്റെ അനാരോഗ്യത്തെക്കുറിച്ച് ബിഷപ്പ് വില്യം റൈറ്റ് സെപ്റ്റംബറില്‍ വത്തിക്കാനില്‍ അറിയിക്കുകയും ഫ്രാന്‍സിസ് പാപ്പയ്ക്ക് രാജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

വിശ്വാസ തീക്ഷണതയുള്ള വ്യക്തിയായിരുന്നു ബിഷപ്പ് വില്യം ജോസഫ് റൈറ്റെന്ന് രൂപതയുടെ വികാരി ജനറല്‍ റവ. ആന്‍ഡ്രൂ ഡൂഹാന്‍ പറഞ്ഞു. രൂപതയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കത്തോലിക്ക സഭയ്ക്കും വിശ്വാസ സമൂഹങ്ങള്‍ക്കും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയതായി വികാരി ജനറല്‍ അനുസ്മരിച്ചു. ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിലെ ഏറ്റവും ആദരണീയനായ വ്യക്തിയായിരുന്നു ബിഷപ്പ് വില്യം റൈറ്റ്.

യുഎസിലെ വാഷിംഗ്ടണ്‍ ഡിസിയിലാണ് ബിഷപ്പ് വില്യം ജോസഫ് റൈറ്റ് ജനിച്ചത്. ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ കുടുംബം ഓസ്ട്രേലിയയിലേക്കു കുടിയേറി.

പിംബിളിലെ സിസ്റ്റേഴ്സ് ഓഫ് മേഴ്സിയിലും മില്‍സണ്‍സ് പോയിന്റിലെ ഈശോ സഭാ സ്ഥാപനമായ സെന്റ് അലോഷ്യസ് കോളജില്‍നിന്നുമാണ് വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് ലണ്ടനിലെ ജെസ്യൂട്ട് സ്ഥാപനമായ വിംബിള്‍ഡണ്‍ കോളജിലും രണ്ട് വര്‍ഷം വിദ്യാര്‍ഥിയായിരുന്നു.

സ്പ്രിംഗ് വുഡിലെ സെന്റ് കൊളംബാസ് കോളജിലും (1971-73), മാന്‍ലിയിലെ സെന്റ് പാട്രിക്‌സ് കോളജിലുമാണ് (1974-77) വൈദിക പഠനം നടത്തിയത്. 1977 ഓഗസ്റ്റ് 20-ന് സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ചാണ് ബിഷപ്പ് വില്യം ജോസഫ് റൈറ്റ് പൗരോഹിത്യം സ്വീകരിച്ചത്.

സ്ഥാനാരോഹണത്തിനുശേഷം, അദ്ദേഹം സിഡ്നി സര്‍വകലാശാലയില്‍നിന്നു ചരിത്രത്തില്‍ ബിഎ (ഓണേഴ്സ്) നേടി.

സ്റ്റാന്‍മോര്‍, മൗണ്ട് ഡ്രൂയിറ്റ്, ഫെയര്‍ഫീല്‍ഡ്, എന്‍മോര്‍, ഡല്‍വിച്ച് ഹില്‍, ബോണിറിഗ്, മോറി, സതര്‍ലാന്‍ഡ്, ലിവര്‍പൂള്‍ എന്നീ ഇടവകകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

മാന്‍ലിയിലെ സെന്റ് പാട്രിക്‌സ് കോളജിന്റെ വൈസ് റെക്ടറായിരുന്നു (1985-1991) ബിഷപ്പ് വില്യം ജോസഫ് റൈറ്റ്. 1995ല്‍ കാന്‍ബറയില്‍ നടന്ന ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.

2011 ജൂണ്‍ 15-ന് ഹാമില്‍ട്ടണ്‍ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ വെച്ച് സിഡ്നി മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് പെല്‍ അദ്ദേഹത്തെ മൈറ്റ്ലാന്‍ഡ്-ന്യൂകാസില്‍ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി നിയമിച്ചു.

ബിഷപ്പായി സ്ഥാനാരോഹണം ചെയ്തതു മുതല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നാഷണല്‍ കമ്മിറ്റിയുടെ കോ-ചെയര്‍മാനായും 2013 മുതല്‍ 2018 വരെ ബിഷപ്പ് ട്രൂത്ത് ജസ്റ്റിസ് ആന്‍ഡ് ഹീലിംഗ് കൗണ്‍സിലില്‍ അംഗമായും സേവനമനുഷ്ഠിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26