ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. വെള്ളിയാഴ്ച മാത്രമാണ് തമിഴ്നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങള്‍ ലഭിച്ചതെന്നും ഇതിന് മറുപടി നല്‍കുന്നതിന് കുറച്ചു കൂടി സമയം വേണമെന്നും കേരളം കോടതിയെ അറിയിച്ചു.
ജലനിരപ്പും ഡാം സുരക്ഷയും സംബന്ധിച്ചു കേരളത്തിന്റെ വാദങ്ങള്‍ കേള്‍ക്കാമെന്നു വ്യക്തമാക്കിയാണ് ജഡ്ജിമാരായ എ.എം. ഖാന്‍വില്‍ക്കറും സി.ടി. രവികുമാറും ഉള്‍പ്പെട്ട ബെഞ്ച് ഇന്നലെ മുല്ലപ്പെരിയാര്‍ കേസ് കേള്‍ക്കാനിരിക്കുന്നത്. എന്നാല്‍, വാദം തുടങ്ങിയപ്പോള്‍ കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാം കേസില്‍ ചോര്‍ച്ച അടക്കമുള്ള പുതിയ വസ്തുതകള്‍ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ ജലനിരപ്പ് താഴ്ത്താന്‍ കോടതി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
അണക്കെട്ടിന്റെ ബലക്ഷയം ബോദ്ധ്യമാകാന്‍ ചോര്‍ച്ചയുടെ (സീപ്പേജ്) കണക്കുകള്‍ ലഭ്യമാക്കണമെന്ന് ഹര്‍ജിക്കാരനായ പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയും തമിഴ്‌നാട് എതിര്‍ക്കുകയും ചെയ്തപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.
ചോര്‍ച്ചക്കണക്കുകള്‍ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി
24 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ടു. കേസ് നവംബര്‍ 22-നു വീണ്ടും പരിഗണിക്കും. അതേസമയം, കേസ് പരിഗണിക്കുന്നതു വരെ ഒക്ടോബര്‍ 28-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ്വ് പ്രകാരം നവംബര്‍ 20 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 141 അടിയാണ്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തമിഴ്നാട് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തമിഴ്നാട് മറുപടിയായി നല്‍കിയത്. മരം മുറിക്കുന്നതും റോഡ് നന്നാക്കുന്നതും ഉള്‍പ്പെടെയുള്ള പ്രധാന കാര്യങ്ങളാണ് തമിഴ്നാട് ഉന്നയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.