ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് രണ്ടുമണിക്ക് തുറക്കും; മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടി

ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് രണ്ടുമണിക്ക്  തുറക്കും; മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടി

ഇടുക്കി: മഴ കനത്തതിനെത്തുടര്‍ന്ന് ഇന്ന് രണ്ടുമണിക്ക് ഇടുക്കി ഡാം തുറക്കും. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പുറത്തേയ്‌ക്കൊഴുക്കും. മൂന്നാമത്തെ ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഉച്ചയോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തനസജ്ജമാണ്.

നിലവില്‍ 2398.76 ആണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നു. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 24 മണിക്കൂറിനുള്ളില്‍ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിരുന്നു. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഒന്‍പതു മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നത്.

ഇന്നലെ വൈകുന്നേരം മുതല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയായിരുന്നു. 140 അടി കവിഞ്ഞതോടു കൂടിയാണ് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയത്.

അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. അങ്ങിനെയെങ്കില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് അധിക ജലം ഒഴുക്കി കളഞ്ഞേക്കും.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ നദീതീരങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.