മണിപ്പൂരില്‍ തീവ്രവാദികള്‍ വധിച്ചത് മയക്കമരുന്ന് മാഫിയയോട് നിര്‍ഭയം പോരാടിയ കേണലിനെ

മണിപ്പൂരില്‍ തീവ്രവാദികള്‍ വധിച്ചത് മയക്കമരുന്ന് മാഫിയയോട് നിര്‍ഭയം പോരാടിയ കേണലിനെ

ഗുവാഹത്തി: മണിപ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് മിടുക്കനായ യുവ സൈനിക ഓഫീസറെ. 46 അസം റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ വിപ്ലവ് ത്രിപാഠി സേനയിലെ സൗമ്യനായ വ്യക്തിത്വമായിരുന്നു.

ഇന്നലെയാണ് മണിപ്പുരില്‍ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിക്കും അദ്ദേഹത്തിന്റെ സുരക്ഷാച്ചുമതലയുള്ള നാല് സൈനികര്‍ക്കും വീരമൃത്യു സംഭവിച്ചത്. ആകമണത്തില്‍ ത്രിപാഠിയുടെ ഭാര്യ അനൂജയും നാലു വയസുള്ള മകനും കൊല്ലപ്പെട്ടു. നാലുപേര്‍ക്കു പരുക്കേറ്റു.

മ്യാന്‍മാര്‍ അതിര്‍ത്തിക്കു സമീപം തെക്കന്‍ മണിപ്പുരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഇന്നലെ രാവിലെ 11നായിരുന്നു അസം റൈഫിള്‍സ് 46-ാം ബറ്റാലിയനു നേരെയുള്ള ആക്രമണം. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കമാന്‍ഡിങ് ഓഫീസര്‍. ചുരാചന്ദ്പൂരില്‍ നിന്ന് 50 കിലോമീറ്ററോളം അകലെ ഉള്‍പ്രദേശത്താണ് സംഭവമുണ്ടായത്.

കുഴിബോംബ് സ്‌ഫോടനം നടത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. കമാന്‍ഡിങ് ഓഫീസറുടെ ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ), മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എം.എന്‍.പി.എഫ്) എന്നീ സംഘടനകള്‍ ഏറ്റെടുത്തു. സംയുക്ത പ്രസ്താവനയിലാണ് ഇരു സംഘടനകളും ഉത്തരവാദിത്തമേറ്റത്. കേണലിന്റെ ഭാര്യയും മകനും വാഹനവ്യൂഹത്തോടൊപ്പം ഉണ്ടായിരുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്ന് സംഘടനകള്‍ പറഞ്ഞു.

മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വിഭജിച്ച് പ്രത്യേക രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ 1978ല്‍ രൂപീകൃതമായ സംഘടനയാണ് പി.എല്‍.എ. യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടില്‍ നിന്ന് വിഘടിച്ചാണ് സംഘടനയുടെ രൂപീകരണം.

ഭീരുത്വമാര്‍ന്ന ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെവിടില്ലെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആക്രമണത്തെ ശക്തമായി അപലപിച്ചു. 'വീരമൃത്യു വരിച്ച സൈനികര്‍ക്കും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഇത് ഒരിക്കലും മറക്കാനാവില്ല.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ഞാന്‍ പങ്കുചേരുന്നു'-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


ഏറ്റെടുത്ത ദൗത്യങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥനായിരുന്നു വിപ്ലവ് ത്രിപാഠി. കഴിഞ്ഞ ജൂലൈ വരെ മിസോറമിലായിരുന്നു അദ്ദേഹം. ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ കന്നുകാലി കടത്ത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠി സ്വീകരിച്ചത്. അതിര്‍ത്തി കടത്തി കൊണ്ടുവന്ന നിരവധി ആയുധങ്ങളും ഇവര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠിയുടേത്.

സദാസമയവും പുഞ്ചിരിക്കുന്ന മുഖവുമായി മാത്രം പ്രത്യക്ഷപ്പെടാറുളള ത്രിപാഠി സൈന്യവുമായി ബന്ധപ്പെട്ട സേവന പ്രവര്‍ത്തനങ്ങളിലും മുന്‍പിലുണ്ടായിരുന്നു. 2020 നവംബറില്‍ മിസോറമിലെ ഐസ്വാളില്‍ ഭിന്നശേഷിക്കാരായ സ്‌കൂള്‍ കുട്ടികള്‍ക്കായി വീല്‍ചെയറും പഠനോപകരണങ്ങളും കേള്‍വിക്കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളുമെല്ലാം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴുമുണ്ട്. ഗിലെഡ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഇവ അന്ന് നല്‍കിയത്.

മിസോറാമില്‍ പ്രദേശവാസികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ത്രിപാഠിയും സംഘവും 2021 ജനുവരിയില്‍ ഇവിടെ നടത്തിയ ലഹരി വിരുദ്ധ കാമ്പെയ്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ബറ്റാലിയന്‍ പ്രദേശത്തെ യുവാക്കള്‍ക്കിടയിലേക്കും കുട്ടികള്‍ക്കിടയിലേക്കും കടന്നുചെന്ന് ലഹരിക്കെതിരായ സന്ദേശം നല്‍കുന്നതായിരുന്നു കാമ്പെയ്ന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.