ഇന്ത്യന്‍ വ്യോമ സേനയ്ക്ക് അധിക കരുത്തേകി എസ്-400 മിസൈല്‍ യൂണിറ്റുകള്‍; റഷ്യയില്‍ നിന്നെത്തിത്തുടങ്ങി

ഇന്ത്യന്‍ വ്യോമ സേനയ്ക്ക് അധിക കരുത്തേകി എസ്-400 മിസൈല്‍ യൂണിറ്റുകള്‍; റഷ്യയില്‍ നിന്നെത്തിത്തുടങ്ങി


മോസ്‌കോ: അത്യാധുനികമായ എസ്-400 ട്രയംഫ് സര്‍ഫസ് ടു എയര്‍ സംവിധാനം സംവിധാനം ഇന്ത്യയ്ക്ക് കൈമാറാന്‍ തുടങ്ങിയതായി റഷ്യ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി-ടെക്നിക്കല്‍ കോ ഓപ്പറേഷന്‍ (എഫ്എസ്എംടിസി) ഡയറക്ടര്‍ ദിമിത്രി ഷുഗേവ് പറഞ്ഞു. ശത്രുക്കളുടെ യുദ്ധവിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും ദീര്‍ഘദൂരത്തില്‍ നിന്ന് തകര്‍ക്കാനുള്ള ഇന്ത്യയുടെ കഴിവുകള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്ന വിശേഷണവുമായി എത്തുന്ന എസ്-400 വ്യോമ പ്രതിരോധ സംവിധാനം ലഡാക്ക് സെക്ടറില്‍ ആണ് ആദ്യമായി വിന്യസിക്കുന്നത്.

ലോകശക്തികളെല്ലാം ഭയക്കുന്ന ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400 ഉപരിതല ടു-എയര്‍ മിസൈല്‍. അമേരിക്കയുടെ ഏറ്റവും മികച്ച പോര്‍വിമാനമായ എഫ്-35 ലൈറ്റ്നിങ് ടൂ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളെ വരെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കരുത്തുണ്ട്. ഒരേസമയം വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള ശേഷിയും എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന സവിശേഷതയാണ്.

റഷ്യയില്‍ നിന്ന് ചൈന ഇതിനകം ഏതാനും എസ്-400 മിസൈല്‍ യൂണിറ്റുകള്‍ വാങ്ങിയിരുന്നു. സിന്‍ജിയാങ്ങിലെ ഹോട്ടന്‍ എയര്‍ബേസിലും ടിബറ്റിലെ നൈന്‍ചി എയര്‍ബേസിലും രണ്ട് എസ്-400 സ്‌ക്വാഡ്രണുകള്‍ അവര്‍ വിന്യസിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യ ഇക്കാര്യത്തില്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തിയത്.ഈ വര്‍ഷം അവസാനത്തോടെ ആദ്യ സ്‌ക്വാഡ്രണ്‍ ഡെലിവറി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് സംവിധാനം കൊണ്ടുവരുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ എതിര്‍പ്പു പരിഗണിക്കാതെ അഞ്ച് എസ്-400 റെജിമെന്റുകള്‍ക്കായി 2018 ഒക്ടോബറില്‍ ഇന്ത്യ റഷ്യയുമായി 5.43 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചിരുന്നു.എല്ലാ ഡെലിവറികളും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 400, 250, 120,40 കിലോ മീറ്റര്‍ എന്നിങ്ങനെ നാല് വ്യത്യസ്ത റേഞ്ചിലുള്ള മിസൈലുകളാണ് വാങ്ങുന്നത്. ബോംബറുകള്‍, സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഭീഷണികളെ നേരിടാന്‍ എസ് 400 പ്രാപ്തമാണ്.

72 മിസൈലുകള്‍ ഒറ്റയടിക്ക് തൊടുക്കാന്‍ കഴിയുന്ന എസ് 400 യൂണിറ്റിന് ഒരു സമയം 36 ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികര്‍ക്ക് മിസൈല്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം റഷ്യയില്‍ നല്‍കിരുന്നു. കൂടാതെ കൂടാതെ ഒരു സംഘം ശാസ്ത്രജ്ഞരും പരിശീലനം പൂര്‍ത്തിയാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.