ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വീണ്ടും മലയാളി ബിഷപ്പ്; ഫാ. സാജു മുതലാളി ജനുവരിയില്‍ ചുമതലയേല്‍ക്കും

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വീണ്ടും മലയാളി ബിഷപ്പ്; ഫാ. സാജു മുതലാളി ജനുവരിയില്‍ ചുമതലയേല്‍ക്കും

ലണ്ടന്‍: മലയാളിയായ ഫാ. സാജു മുതലാളി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പ്. ലെസ്റ്ററിലെ ലഫ്ബറോ രൂപതയുടെ ബിഷപ്പായാണ് ഫാ.സാജുവിനെ നിയമിച്ച് സഭയുടെ പരമാധ്യക്ഷകൂടിയായ എലിസബത്ത് രാജ്ഞി ഉത്തരവിട്ടത്. കേവലം 42 വയസു മാത്രം പ്രായമുള്ള ഫാ.സാജുവാകും ഇനി ആംഗ്ലിക്കന്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്.

ജനുവരിയില്‍ ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങിലാകും ഔദ്യോഗിക സ്ഥാനാരോഹണം. തുടര്‍ന്ന് ഫെബ്രുവരിയിലോ മാര്‍ച്ചിലോ ലഫ്ബറോയിലെത്തി ചുമതലയേല്‍ക്കും.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഫാ. സാജു മുതലാളി. മൂന്നുവര്‍ഷം മുമ്പാണ് ഈസ്റ്റ് ലണ്ടനിലെ ബാര്‍ക്കിംങില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. ജോണ്‍ പെരുമ്പലത്ത് ചെംസ്‌ഫോര്‍ഡിലെ ബ്രാഡ്വെല്‍ ബിഷപ്പായി നിയമിതനായത്.

സമാനമായ രീതിയിലാണ് കെന്റിലെ ജില്ലിംങാമില്‍ ഒരു സാധാരണ പള്ളി വികാരിയായ ഫാ.സാജുവും ബിഷപ്പായി ഉയര്‍ത്തപ്പെടുന്നത്. റോച്ചസ്റ്റര്‍ രൂപതയുടെ കീഴിലുള്ള ജില്ലിംങാം സെന്റ് മാര്‍ക്ക്‌സ് പള്ളി വികാരിയായിരുന്നു കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഫാ. സാജു മുതലാളി.

ലക്ഷക്കണക്കിനു മലയാളികളുള്ള ബ്രിട്ടണില്‍ തങ്ങളെപ്പോലെ പ്രവാസിയായെത്തിയ മറ്റൊരാളുകൂടി സഭയുടെ ഉന്നത പദവിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ആഹ്ലാദത്തിലാണ് ബ്രിട്ടണിലെ മലയാളി സമൂഹം. പുതിയ നിയമനം വലിയ ഉത്തരവാദിത്വബോധമാണ് നല്‍കുന്നതെന്ന് ഫാ. സാജുവും പ്രതികരിച്ചു. പുതിയ നിയമനം സന്തോഷം നല്‍കുമ്പോഴും കെന്റിലെ ചെറുഗ്രാമത്തിലുള്ള ഇടവക വിശ്വാസികളെ വിട്ടുപോകുന്നതില്‍ ചെറുതല്ലാത്ത പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട മണ്‍റോതുരുത്ത് മാട്ടയില്‍ വീട്ടില്‍ എം.ഐ ലൂക്കോസ് മുതലാളിയുടെയും അന്നമ്മ ലൂക്കോസിന്റെയും മകനാണ് ഫാ. സാജു. ബാംഗ്ലൂരില്‍ അഭിഭാഷകനായ സിജി മാട്ടയില്‍, ജിജി ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.

ഇംഗ്ലണ്ടുകാരിയായ കേയ്റ്റിയാണ് ഫാ. സാജുവിന്റെ ഭാര്യ. ഇവര്‍ക്ക് നാലു മക്കളുണ്ട്. ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഗാന്ധിജിയുടെ ബോഡി ഗാര്‍ഡില്‍ അംഗമായിരുന്ന ട്രവര്‍ റോബിന്‍സന്റെ മകളാണ് കെയ്റ്റി. കേരളത്തില്‍ വച്ചായിരുന്നു ഫാ. സാജുവിന്റെയും കെയ്റ്റിയുടെയും വിവാഹം.

ബാംഗ്ലൂറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാജു സതേണ്‍ ഏഷ്യാ ബൈബിള്‍ കോളജില്‍ നിന്നാണ് ഉപരിപഠനത്തിനായി ബ്രിട്ടണിലെത്തിയത്. ഓക്‌സ്‌ഫെഡിലെ ഉന്നത പഠനത്തിനു ശേഷം 2009 ല്‍ പുരോഹിതനായി. ക്രിക്കറ്റും മാരത്തണും ഇഷ്ടപ്പെടുന്ന ഫാ. സാജു നിലവില്‍ റോച്ചസ്റ്റര്‍ ആന്‍ഡ് കാന്റര്‍ബറി ഡയസീഷന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. മൂന്നു മാരത്തോണുകളിലും പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.