നിത്യതയിലേക്കു കണ്ണു നട്ടായിരിക്കട്ടെ, ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

നിത്യതയിലേക്കു കണ്ണു നട്ടായിരിക്കട്ടെ, ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ സുപ്രധാന തീരുമാനമെടുക്കേണ്ട ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍, 'നിത്യതയുടെ ഉമ്മറപ്പടിയില്‍' ക്രിസ്തുവിന്റെ മുമ്പാകെ നില്‍ക്കുന്നതായി സ്വയം സങ്കല്‍പ്പിക്കുക; അതാണ് ആത്യന്തികമായി പ്രാധാന്യമര്‍ഹിക്കുന്നത്- ഞായറാഴ്ച പ്രസംഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനം.

ക്ഷണികമായ കാര്യങ്ങള്‍ക്കാണോ അതോ ഉയര്‍ന്ന തലത്തില്‍ ലക്ഷ്യോന്മുഖമായ കാര്യങ്ങള്‍ക്കാണോ സമയം ചെലവഴിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമെന്ന് ഓരോരുത്തരും സ്വയം ചിന്തിക്കണം.'സഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാം: നമ്മള്‍ നമ്മുടെ ജീവിതം എന്തിലാണ് നിക്ഷേപിക്കുന്നത്? പണം, വിജയം, രൂപം, ശാരീരിക ക്ഷേമം എന്നിങ്ങനെ കടന്നുപോകുന്ന കാര്യങ്ങളില്‍? ... നമ്മുടെ സമയം വരുമ്പോള്‍ ... നമ്മള്‍ എല്ലാം ഉപേക്ഷിക്കേണ്ടിവരും'്- മാര്‍പാപ്പ പറഞ്ഞു.'ദൈവവചനം ഇന്ന് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു: ഈ ലോകം കടന്നുപോകും, സ്‌നേഹം മാത്രം നിലനില്‍ക്കും.'

ജീവിതം മണലിലല്ല കെട്ടിപ്പടുക്കേണ്ടത്. മറിച്ച് പാറയില്‍ ഉറച്ചതും ആഴമേറിയതുമായ അടിത്തറയിടാനാണ് യേശു പഠിപ്പിച്ചതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. 'യേശുവിന്റെ വചനമായ പാറയില്‍ തന്റെ ജീവിതം ഉറപ്പിച്ചവനാണ് ( മത്തായി 7:24-27) അവിടത്തെ വിശ്വസ്ത ശിഷ്യന്‍.
നന്മ ചെയ്യുന്നവര്‍ നിത്യതയില്‍ നിക്ഷേപിക്കുന്നു. വിശാല ഹൃദയനും സഹായമനസ്‌കനും സൗമ്യനും ക്ഷമയുള്ളവനും അസൂയപ്പെടാത്തവനും പിറുപിറുക്കാത്തവനും വീമ്പു പറയാത്തവനും അഹങ്കാരത്തോടെ പൊങ്ങച്ചം കാണിക്കാത്തവനും സര്‍വാദരമര്‍ഹിക്കുന്നവനുമായ വ്യക്തി (1 കൊറി 13:4-7), ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുന്നു.'

നന്മ ചെയ്യുന്നവര്‍ക്ക് തലക്കെട്ടുകള്‍ സൃഷ്ടിക്കാനാകണമെന്നില്ല, അവരുടെ നല്ല ശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കണമെന്നുമില്ല. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ നിഷ്ഫലമാകില്ല. കാരണം നന്മ എന്നേക്കും നിലനില്‍ക്കുന്നു.പ്രധാനമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുള്ള ചില ഉപദേശങ്ങള്‍ ഈ സുവിശേഷ ഭാഗത്ത് ഉള്‍പ്പെടുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 'എന്ത് ചെയ്യണമെന്ന് അറിയാത്തപ്പോള്‍, ജീവിതാവസാനത്തിലെന്നപോലെ യേശുവിന്റെ മുമ്പില്‍ നില്‍ക്കുന്നതായി നമുക്കു സങ്കല്‍പ്പിക്കാം, സ്‌നേഹമുള്ളവന്റെ മുമ്പാകെ. എപ്പോഴും നിത്യതയിലേക്ക് നോക്കുക, യേശുവിനെ നോക്കുക. ഇത് ഏറ്റവും എളുപ്പമായിരിക്കില്ല. പക്ഷേ, അത് ഏറ്റവും ശരിയായതായിരിക്കും, അത് ഉറപ്പാണ്, '

'ദരിദ്രര്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും' എന്ന പ്രമേയവുമായി സഭ ഈ വര്‍ഷം പാവപ്പെട്ടവരുടെ ലോകദിനം ആഘോഷിക്കുന്ന കാര്യം ഫ്രാന്‍സിസ് മാര്‍പാപ്പ ജനക്കൂട്ടത്തെ ഓര്‍മ്മിപ്പിച്ചു.' മനുഷ്യത്വം പുരോഗമിക്കുന്നു, വികസിക്കുന്നു. പക്ഷേ ദരിദ്രര്‍ എപ്പോഴും നമ്മോടൊപ്പമുണ്ട്. എവിടെയും ദരിദ്രരുണ്ട്, അവരില്‍ ക്രിസ്തുവുമുണ്ട്.' അഗതികളുടെ ലോക ദിനത്തോടനുബന്ധിച്ച് ദാരിദ്ര്യത്തില്‍ കഴിയുന്ന 2,000 പേരുടേയും അവരെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ മാര്‍പാപ്പ നേരത്തെ കുര്‍ബാന അര്‍പ്പിച്ചു.

ഭൂമിയുടെ നിലവിളിയുമായി ഐക്യപ്പെട്ട ദരിദ്രരുടെ നിലവിളി ഈയടുത്ത ദിവസങ്ങളില്‍ ഗ്ലാസ്ഗോയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ മുഴങ്ങിയ കാര്യം ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായി ഉത്തരവാദിത്തങ്ങളുള്ള എല്ലാവരും ധൈര്യത്തോടെയും വിശാല കാഴ്ചപ്പാടോടെയും ഇതുമായി ബന്ധപ്പെട്ടു കര്‍മ്മനിരതരാകണം. അതോടൊപ്പം ജീവിക്കുന്ന ഇടത്തിന്റെ സംരക്ഷണത്തിനായി സജീവമായ പൗരത്വം വിനിയോഗിക്കാന്‍, നല്ല മനസ്സുള്ള എല്ലാ ആളുകളെയും ക്ഷണിക്കുന്നു. ലോക പ്രമേഹ ദിനത്തില്‍ പ്രമേഹമുള്ളവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു.

'ഒരുവന്റെ ജീവിതത്തെ ദൈവവചനത്തില്‍ അധിഷ്ഠിതമാക്കുക എന്നത് ചരിത്രത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. മറിച്ച് ജീവിതത്തെ ദൃഢമാക്കലും, സ്‌നേഹത്താല്‍ രൂപാന്തരപ്പെടുത്തലുമാണ്. നിത്യതയുടെയും ദൈവത്തിന്റെയും അടയാളം ഭൗമിക യാഥാര്‍ത്ഥ്യങ്ങളില്‍ പതിപ്പിക്കലാണ് '- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26