തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരം മുറിയില്‍ ഫയലുകള്‍ ഒന്നും വനം മന്ത്രിക്ക് കൈമാറിയിട്ടില്ലെന്ന് വനം സെക്രട്ടറി രാജേഷ് സിന്‍ഹ. മരം മുറി ചര്‍ച്ചയായ തമിഴ്‌നാട് കേരള സെക്രട്ടറി തല യോഗങ്ങളില്‍ അനുമതിക്ക് തീരുമാനമെടുത്തിരുന്നില്ലെന്നും വനം മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
മരം മുറിക്ക് അനുമതി നല്‍കിയ ബെന്നിച്ചന്‍ തോമസിനെ തള്ളിയാണ് വിശദീകരണം. അതേ സമയം വനം സെക്രട്ടറി കൂടി പങ്കെടുത്ത യോഗമാണ് മരം മുറി തീരുമാനിച്ചതെന്നായിരുന്നു ബെന്നിച്ചന്റെ നിലപാട്. മരം മുറി ഫയലുകള്‍ മന്ത്രിമാര്‍ കണ്ടിരുന്നോ എന്ന സംശയം നിലനില്‍ക്കെയാണ് വനമന്ത്രിയെ രക്ഷിച്ചുള്ള പ്രിന്‍സിപ്പില്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയുടെ വിശദീകരണം. മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ മരം മുറിയുമായി ബന്ധപ്പെട്ട് 2017 മുതല്‍ നടന്ന കാര്യങ്ങള്‍ പറയുന്നു. പക്ഷെ അവസാന ഭാഗത്ത് ഫയലുകള്‍ ഒന്നും മന്ത്രിക്ക് നല്‍കിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നു. മരംമുറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടാന്‍ മന്ത്രിയുടെ അനുമതി വേണം. കേന്ദ്രാനുമതി വേണമെന്ന ആവശ്യം ഇതുവരെ ഉന്നയിക്കാത്തതിനാല്‍ ഫയല്‍ വനംമന്ത്രിക്ക് പോയിട്ടില്ലെന്നാണ് വിശദീകരണം.
എന്നാല്‍ സെപ്റ്റംബര്‍ 17ന് കേരള- തമിഴ്‌നാട് സെക്രട്ടറിതല യോഗത്തില്‍ മരം മുറി ചര്‍ച്ചയായിരുന്നു എന്ന് വനംസെക്രട്ടറി സമ്മതിച്ചു. തീരുമാനം എടുത്തില്ലെന്ന പറയുമ്പോഴും യോഗത്തിന്റെ മിനുട്ട്‌സ് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് രാജേഷ് കുമാര്‍ സിന്‍ഹയുടെ വിശദീകരണം. യോഗത്തിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രേഖാമൂലം ലഭിച്ചത് ഈ മാസം 11നാണ്. അതായത് മരംമുറി ഉത്തരവ് ബെന്നിച്ചന്‍ തോമസ് ഇറക്കിയ അഞ്ചിന് ശേഷം.
യോഗം ചേര്‍ന്ന 17ന് ശേഷം ബെന്നിച്ചനോട് ഉത്തരവിറക്കാന്‍ ആര് നിര്‍ദ്ദേശിച്ചു എന്നതാണ് ഇനി അറിയേണ്ടത്. മാത്രമല്ല നവംബര്‍ ഒന്നിന് ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറിയും വനംസെക്രട്ടറിയും പങ്കെടുത്ത യോഗമാണ് അന്തിമതീരുമാനമെടുത്തതെന്നാണ് ബെന്നിച്ചന്‍ വനംവകുപ്പിന് നല്‍കിയ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.