സിഖ് യൂത്ത് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റിനെ കാനഡ ഇന്ത്യയിലേക്ക് നാടു കടത്തും; കോടതിയും അനുകൂലം

സിഖ് യൂത്ത് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റിനെ കാനഡ ഇന്ത്യയിലേക്ക് നാടു കടത്തും; കോടതിയും അനുകൂലം

ടൊറന്റോ: തീവ്രവാദി ബന്ധം ആരോപിക്കപ്പെട്ട ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (ഐ എസ് വൈ എഫ്) മുന്‍ പ്രസിഡന്റ് രഞ്ജിത് സിംഗ് ഖല്‍സയെ നാടു കടത്താനുള്ള കാനഡയുടെ നടപടികള്‍ മുന്നോട്ട്. ഇതിനെതിരായ ഖല്‍സയുടെ അപേക്ഷ കനേഡിയന്‍ കോടതി തള്ളിയതോടെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള വഴിയൊരുങ്ങി. നിരോധിക്കപ്പെട്ട സംഘടനയാണ് ഐ എസ് വൈ എഫ്.

ഖല്‍സയുടെ അപേക്ഷയ്ക്കെതിരെ ഓട്ടവ ഫെഡറല്‍ കോടതി ജസ്റ്റിസ് ഗ്ലെന്നിസ് മക്വീഗ് ആണ് വിധി പുറപ്പെടുവിച്ചത്.1988ല്‍ കാനഡയിലെത്തി അഭയാര്‍ഥി ക്ലെയിം ഫയല്‍ ചെയ്യുകയും 1992ല്‍ സ്ഥിരതാമസമാക്കുകയും ചെയ്ത ഖല്‍സ ഇന്ത്യന്‍ പൗരനായാണ് തുടരുന്നത്. നാടുകടത്തല്‍ ഉത്തരവ് ഫെഡറല്‍ കോടതി ശരിവെച്ചതായി കനേഡിയന്‍ ഔട്ട്‌ലെറ്റ് ഗ്ലോബല്‍ ന്യൂസിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സ്റ്റുവര്‍ട്ട് ബെല്‍ ട്വീറ്റ് ചെയ്തു.

മെട്രോ വാന്‍കൂവര്‍ മേഖലയില്‍ താമസിക്കുന്ന ഖല്‍സ തന്റെ അഭിഭാഷകര്‍ മുഖേനയാണ് ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡിന്റെ (ഐ ആര്‍ ബി) ഇമിഗ്രേഷന്‍ ഡിവിഷനിലെ (ഐ ഡി) തീരുമാനത്തെ എതിര്‍ത്ത് കോടതിയെ സമീപിച്ചത്. 2003 ജൂണ്‍ 18 മുതല്‍ കാനഡയില്‍ തീവ്രവാദ സംഘടനയായി കണക്കാക്കുന്ന ഐ എസ് വൈ എഫിന്റെ 'അംഗമായിരുന്നു' ഖല്‍സയെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കണ്ടെത്തിയിരുന്നു. കാനഡയിലെ തീവ്രവാദ ബന്ധമുള്ള സിഖ് പ്രസ്ഥാനാംഗങ്ങളെ വലയിലാക്കനുള്ള ഉദ്യമത്തിലാണ് ഇന്ത്യയും.

കനേഡിയന്‍ പൗരത്വത്തിനുള്ള ഖല്‍സയുടെ അപേക്ഷ പരിശോധിക്കവേയാണ് ഐ എസ് വൈ എഫുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി കണ്ടെത്തിയത്.തുടര്‍ന്ന ഇമിഗ്രേഷന്‍ ആന്റ് റഫ്യൂജി ബോര്‍ഡിന്റെ ഇമിഗ്രേഷന്‍ വിഭാഗം അദ്ദേഹത്തെ സ്വീകാര്യനല്ലെന്ന് കണ്ടെത്തുകയും നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.