അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്റ്ററിന് മ്യാന്മറിലെ ജയിലില്‍ നിന്ന് അപ്രതീക്ഷിത മോചനം

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്റ്ററിന് മ്യാന്മറിലെ ജയിലില്‍ നിന്ന് അപ്രതീക്ഷിത മോചനം


യാങ്കോണ്‍ : മ്യാന്മറില്‍ 11 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായിരുന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനി ഫെന്‍സ്റ്ററിന് അപ്രതീക്ഷിതമായി മോചനം. പട്ടാള ഭരണകൂടവുമായി മുന്‍ അമേരിക്കന്‍ അംബാസഡര്‍ ബില്‍ റിച്ചാര്‍ഡ്‌സണ്‍ നടത്തിയ ഇടപെടലിനൊടുവിലാണ് 32 കാരനായ ഫെന്‍സ്റ്ററിനെ വിട്ടയക്കാന്‍ തീരുമാനമാതെന്നാണു സൂചന.

ഫെന്‍സ്റ്റര്‍ തന്നോടൊപ്പമുണ്ടെന്നും വൈകാതെ ഭരണകൂടം അദ്ദേഹത്തെ അമേരിക്കയിലേക്കു തിരികെ അയക്കുമെന്നും ഇപ്പോള്‍ മ്യാന്മറില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന റിച്ചാര്‍ഡ്‌സണ്‍ ട്വിറ്ററില്‍ അറിയിച്ചു. ഫ്രോണ്ടിയര്‍ മ്യാന്മര്‍ എന്ന ഓണ്‍ലൈന്‍ മാസികയുടെ മാനേജിങ്ങ് എഡിറ്ററായ ഫെന്‍സ്റ്റര്‍ മോചിതനായെന്ന വിവരം ഫ്രോണ്ടിയര്‍ മ്യാന്മറിന്റെ പബ്‌ളിഷര്‍ സോണി സ്വേയും ട്വീറ്റ് ചെയ്തു.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നും പ്രകോപനപരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നുമുള്‍പ്പടെ നിരവധി കേസുകള്‍ ഡാനി ഫെന്‍സ്റ്ററിനെതിരെ ചുമത്തിയിരുന്നു. നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടെന്നും വിസ ചട്ടങ്ങള്‍ ലംഘിച്ചെന്നുമുള്ള കുറ്റം തെളിഞ്ഞെന്നു പറഞ്ഞാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫെന്‍സ്റ്ററിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ആറു മാസം മുമ്പാണ്് ഫെന്‍സ്റ്ററിനെ യാങ്കോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മ്യാന്മര്‍ സൈന്യം പിടികൂടിയത്.കുടുംബത്തെ സന്ദര്‍ശിക്കാന്‍ അമേരിക്കയിലേക്ക് പോകാനായി വിമാനത്തില്‍ കയറാനാരുങ്ങവേ സൈന്യം ഇദ്ദേഹത്തെ തടഞ്ഞു വെയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനെതിരെ തീവ്രവാദ കുറ്റവും രാജ്യദ്രോഹ കുറ്റവും ചുമത്തി.

ആംഗ് സാന്‍ സ്യൂകി സര്‍ക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത്  മാധ്യമ
രംഗം വലിയ തിരിച്ചടിയാണ് നേരിടുന്നത്.100 ലധികം മാധ്യമ പ്രവര്‍ത്തകരെ വിവിധ കേസുകളില്‍ അറസ്റ്റു ചെയ്തു കഴിഞ്ഞു. പ്രധാനപ്പെട്ട പല പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടി. അടച്ചുപൂട്ടിയ ചില സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ ഇപ്പോഴും രംഗത്തുണ്ട്. ഇവിടെ ജോലി ചെയ്യുന്ന മിക്ക മാധ്യമ പ്രവര്‍ത്തകരും അറസ്റ്റ് ഭയന്ന് ഓണ്‍ലൈന്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.