ലഖിംപൂരിലെ കര്‍ഷക കൂട്ടക്കൊല: അന്വേഷണ മേല്‍നോട്ടത്തിന് റിട്ട. ജഡ്ജി

ലഖിംപൂരിലെ കര്‍ഷക കൂട്ടക്കൊല:  അന്വേഷണ മേല്‍നോട്ടത്തിന് റിട്ട. ജഡ്ജി

ന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവങ്ങളിലെ അന്വേഷണ മേല്‍നോട്ടത്തിന് റിട്ട. ജഡ്ജി. സുപ്രീം കോടതി മുന്നോട്ടുവച്ച നിർദേശത്തിൽ എതിർപ്പില്ലെന്നു യുപി സർക്കാർ അറിയിച്ചു. റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കും ഇനി അന്വേഷണം നടക്കുക. ഇതിനായി ഏതു സംസ്ഥാനത്തുനിന്നുള്ള ആളെയും കോടതിക്കു തീരുമാനിക്കാമെന്നു യുപിക്കു വേണ്ടി ഹാജരായ ഹരീഷ് സാൽവെ പറഞ്ഞു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റി കർഷകർ ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ സംഭവങ്ങളുടെ അന്വേഷണത്തിൽ യുപി പൊലീസ് വീഴ്ച വരുത്തുന്നതായി സുപ്രീം കോടതി വിമർശിച്ചിരുന്നു.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലും മാറ്റം വരും. ലഖിംപുർ ഖേരി മേഖലയിൽ നിന്നുള്ള എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണു കേസ് അന്വേഷിക്കുന്നത്. പകരം, യുപി കേഡറിലെ യുപിക്കാരല്ലാത്ത ഐപിഎസ് ഉദ്യോഗസ്ഥരുടെ പേര് നൽകാനും കോടതി നിർദേശിച്ചു. പുതിയ അന്വേഷണ സംഘത്തിന്റെ കാര്യവും ഉത്തരവിൽ ചേർക്കുമെന്നു കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ നൽകിയ കത്തിലാണ് സുപ്രീം കോടതി കേസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.