'കുറുപ്പി'ന്റെ വ്യാജന്‍ തമിഴ്നാട്ടില്‍ ; കണ്ടെത്തിയത് കൊച്ചിയിലെ സൈബര്‍ സുരക്ഷാ ടീം

'കുറുപ്പി'ന്റെ വ്യാജന്‍ തമിഴ്നാട്ടില്‍ ; കണ്ടെത്തിയത് കൊച്ചിയിലെ സൈബര്‍ സുരക്ഷാ ടീം

കൊച്ചി: ‘കുറുപ്പ്' സിനിമയുടെ വ്യാജപതിപ്പിന്റെ ഉറവിടം കണ്ടെത്തി കൊച്ചിയിലെ സൈബര്‍ സുരക്ഷാ ടീം. തമിഴ്നാട്ടില്‍നിന്ന് ഇറക്കിയ വ്യാജപതിപ്പ് ടെലിഗ്രാമിലും വെബ്സൈറ്റുകളിലും പ്രചരിക്കുന്നത് തടയാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ എം സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്സാണ് സൈബര്‍ സുരക്ഷാ സംഘത്തെ നിയോഗിച്ചത്.

ഒബ്സ്ക്യുറ, ബ്ലോക്ക് എക്സ് എന്നീ സൈബര്‍ സുരക്ഷാദാതാക്കളുടെ സഹായത്തോടെ വ്യാജനെ പിടികൂടി നശിപ്പിക്കും. തമിഴ്നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബെറ്റ് മാസ്റ്റര്‍ കമ്പനിയുടെ വണ്‍ എക്സ് ബെറ്റ് ഡോട്ട് കോം എന്ന വാതുവയ്പ് സൈറ്റ് കുറുപ്പിന്റെ വ്യാജപതിപ്പ് ഇറക്കുന്നവര്‍ക്ക് 23,000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട്ടിലെ തിയറ്ററില്‍നിന്ന് റെക്കോഡ് ചെയ്ത പ്രിന്റാണ് ഇതില്‍ അപ്ലോഡ് ചെയ്തത്. കേരളത്തിലെ തിയറ്ററില്‍നിന്ന് റെക്കോഡ് ചെയ്ത മലയാളം ഓഡിയോയും ചേര്‍ത്തിട്ടുണ്ട്. ഈ വ്യാജപതിപ്പാണ് ടൊറന്റ് വെബ്സൈറ്റിലും ടെലിഗ്രാമിലും പ്രചരിക്കുന്നത്.

സൈബര്‍ ടീമിലെ പ്രത്യേക വാട്സാപ്പ് ഗ്രൂപ്പിലുള്ളവര്‍ മൂന്നു ടീമായി തിരിഞ്ഞ് 24 മണിക്കൂറും നിരീക്ഷണം നടത്തും. ടെലിഗ്രാമില്‍ വ്യാജപതിപ്പ് പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ടെലിഗ്രാമിന് ലിങ്ക് വച്ച്‌ പരാതി നല്‍കും. ടെലിഗ്രാം ലിങ്ക് നീക്കം ചെയ്യും. ലിങ്കുകള്‍ പ്രചരിപ്പിക്കുന്നവരുടെ ഫോണ്‍ നമ്പർ ഇമെയില്‍ വിലാസവും ട്രാക്ക് ചെയ്യാനും ടീമിന് കഴിയും. ഇവരോട് ലിങ്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെടും. തയ്യാറാകാത്തവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറും. പ്രചരിപ്പിക്കുന്നവരില്‍ 90 ശതമാനവും 18 വയസില്‍ താഴെയുള്ളവരാണ്.

കുറുപ്പിന്റെ വ്യാജന്‍ അതിവേഗം പ്രചരിക്കുന്നത് തടയാന്‍ സൈബര്‍ ടീമിന് സാധിച്ചതായി എം സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്സ് ഡയറക്ടര്‍ അനീഷ് മോഹന്‍ പറഞ്ഞു. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവരുടെ സ്ക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ സഹിതം സൈബര്‍ ഡോമിന് പരാതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.