വിശ്വാസ പ്രചാരണം മൗലിക അവകാശം: പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്

വിശ്വാസ പ്രചാരണം മൗലിക അവകാശം: പാസ്റ്റര്‍ ജെയ്‌സ്  പാണ്ടനാട്

ബാംഗ്ലൂര്‍: വിശ്വാസ സ്വാതന്ത്ര്യവും മത പ്രചാരണവും ഭരണഘടനാപരമായ മൗലിക അവകാശമാണെന്ന് പ്രഭാഷകനും സാമൂഹിക ചിന്തകനുമായ പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട് പറഞ്ഞു. ബാംഗ്ലൂര്‍ ക്രിസ്റ്റ്യന്‍ പ്രസ്സ് അസോസിയേഷന്‍ (ബി.സി.പി.എ) സംഘടിപ്പിച്ച മുഖാമുഖ ചര്‍ച്ചയില്‍ 'മതപരിവര്‍ത്തനം: ചരിത്രം, പ്രത്യയ ശാസ്ത്രം, രാഷ്ട്രീയം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15,19,25,26,29,30 അനുസരിച്ച് 'നിയമത്തിന്റെ മുമ്പാകെ എല്ലാവരും തുല്യരാണെന്നും മതത്തിന്റെ പേരില്‍ രാഷ്ട്രം ഏതൊരു പൗരനോടും വിവേചനം കാണിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്ന ഭരണഘടന സംസാരത്തിനും ആശയ പ്രകടനത്തിനും സമാധാനപരമായി സമ്മേളിക്കാനുമുള്ള സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. മനസാക്ഷിക്കും സ്വതന്ത്രമായ മത വിശ്വാസത്തിനും മതാചരണത്തിനും മത പ്രചാരണത്തിനും മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനും അനുവാദം ഉണ്ട്.

ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരണം നടത്താനും അവകാശം ഭരണഘടന നല്‍കുന്നുണ്ട.് ഈ വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. രാഷ്ട്രീയ സംഘാടനത്തിന് മതത്തെയും ജാതിയെയും കൂട്ടുപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സാമുദായിക ധ്രുവീകരണത്തിന് വേണ്ടി നടത്തുന്ന പൊളിറ്റിക്കല്‍ എന്‍ജിനീയറിങ് ആണ് വിവാദങ്ങളുടെ പിന്നില്‍. ഒരു സെക്കുലര്‍ സ്റ്റേറ്റില്‍ നടക്കാന്‍ പാടില്ലാത്തതാണ് രാജ്യത്ത് നടക്കുന്നതെന്നും ജെയ്‌സ് പാണ്ടനാട് പറഞ്ഞു.

മത പ്രചാരണ സ്വാതന്ത്ര്യം എക്‌സിക്യൂട്ടീവിന്റെ അമിതമായ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കര്‍ണാടകയില്‍ വിവിധ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ ഉണ്ടായിരിക്കെ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ്.

സഭാഹാളുകളുടെ സര്‍വേ എടുക്കുന്നതും മിഷനറിമാരെ നിരീക്ഷിക്കുന്നതും കഴിഞ്ഞ 25 വര്‍ഷത്തെ മതപരിവര്‍ത്തനങ്ങളെ ക്കുറിച്ച് അന്വേഷിക്കുന്നതും മത പരിവര്‍ത്തന നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണ്. ഇക്കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യനിര ശക്തിപ്പെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഡോ. സാജന്‍ ജോര്‍ജ് പരിപാടി ഉത്ഘാടനം ചെയ്തു. ബ്രദര്‍ ചാക്കോ കെ തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജോസ് മാത്യു ചര്‍ച്ച നയിച്ചു. പാസ്റ്റര്‍ന്മാരായ എം. കുഞ്ഞപ്പി, രവി മാണി, ടി.ഡി തോമസ്, ഡോ. റിജു തരകന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പാസ്റ്റര്‍ ജോസഫ് ജോണ്‍ സ്വാഗതവും പാസ്റ്റര്‍ ജോമോന്‍ ജോണ്‍ നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.