ആഗോള സമ്പത്ത്: അമേരിക്കയെ പിന്നിലാക്കി ചൈന; രണ്ട് പതിറ്റാണ്ടിനിടെ വര്‍ദ്ധന മൂന്നിരട്ടി

  ആഗോള സമ്പത്ത്: അമേരിക്കയെ പിന്നിലാക്കി ചൈന; രണ്ട് പതിറ്റാണ്ടിനിടെ വര്‍ദ്ധന മൂന്നിരട്ടി

സൂറിച്ച്: ആഗോള സമ്പത്ത് രണ്ട് പതിറ്റാണ്ടിനിടെ മൂന്നിരട്ടിയായി വര്‍ധിച്ചതായും വമ്പന്‍ സമ്പദ് വ്യവസ്ഥകളുടെ നിരയില്‍ യു.എസിനെ പിന്തള്ളി ചൈന മുന്നിലെത്തിയതായും വിദഗ്ധ നിരീക്ഷണ റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലും സമ്പത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സമ്പന്നരായ 10 ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക വരുമാനത്തിന്റെ 60 ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചാണ് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റുമാരായ മക്കിന്‍സി ആന്‍ഡ് കമ്പനിയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2000 ലെ 156 ലക്ഷം കോടി ഡോളറില്‍നിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ല്‍ 514 ലക്ഷം കോടി ഡോളറായാണ് ഉയര്‍ന്നത്. വര്‍ധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000 ലെ ഏഴ് ലക്ഷം കോടി ഡോളറില്‍ നിന്ന് 120 ലക്ഷം കോടിയായാണ് ചൈനയുടെ സമ്പത്ത് വര്‍ധിച്ചതെന്നും സൂറിച്ചില്‍ നിന്നുള്ള ഒരു അഭിമുഖത്തില്‍ മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധനായ ഡോ. ജാന്‍ മിഷ്‌കെ വ്യക്തമാക്കി.

യു.എസിന്റെ ആസ്തി ഈ കാലയളവില്‍ ഇരട്ടിയലധികംവര്‍ധിച്ച് 90 ലക്ഷം കോടി ഡോളറായി. മക്കിന്‍സിയുടെ നിരീക്ഷണത്തില്‍ ആഗോള ആസ്തിയുടെ 68 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍, യന്ത്രസാമഗ്രികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലും ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് എന്നിവയിലും ഏറെക്കുറെ സന്തുലിതാവസ്ഥ നിലനിര്‍ത്തിയാണ് സമ്പത്ത് വിന്യസിക്കപ്പെടുന്നത്. കൂടുതല്‍ ഉത്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപം പ്രയോജനപ്പെടുത്തി ആഗോള തലത്തില്‍ ജിഡിപി വിപുലീകരിക്കേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു പതിറ്റാണ്ടായി അറ്റാദായത്തിലുണ്ടായ വര്‍ധന ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തെ മറികടന്നു. പലിശ നിരക്കിലെ കുറവു മൂലം വസ്തുവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതാണ് അതിന് സഹായിച്ചത്. വസ്തുവിലയിലെ കുതിപ്പുമൂലം പലര്‍ക്കും വീട് സ്വന്തമാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. അത് പലരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തു. എവര്‍ ഗ്രാന്‍ഡെയെ പോലുള്ള വന്‍കിട റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ കടവുമായി ബന്ധപ്പെട്ട് ചൈനയും സമാനമായ പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യത മക്കിന്‍സി ചൂണ്ടിക്കാട്ടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.