ബീജിംഗ്: രണ്ടാഴ്ച മുന്‍പ് ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത വത്തിക്കാന്‍ അംഗീകൃത കത്തോലിക്ക ബിഷപ്പ് തന്റെ രൂപതയില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനയിലെ വെന്‍ഷോ രൂപതയിലെ ബിഷപ്പ് പീറ്റര്‍ ഷാവോ സുമിനെയാണ് അറസ്റ്റ് ചെയ്തത്. സഭാ അധികാരികളും വിശ്വാസികളും അദ്ദേഹത്തിന്റെ മടങ്ങിവരവില്‍ സന്തോഷം പ്രകടിപ്പിച്ചു.
ഒക്ടോബര്‍ 25-നാണ് 58 വയസുകാരനായ ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ എപ്പോഴാണ് മോചിപ്പിച്ചതെന്നത് ഇപ്പോഴും അജ്ഞാതമാണ്. അതേസമയം ബിഷപ്പിനെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോയതാണെന്നാണ് അധികൃതരുടെ അവകാശവാദം.
ഇതാദ്യമായല്ല, ബിഷപ്പ് പീറ്റര്‍ ഷാവോ സുമിനെ അറസ്റ്റ് ചെയ്യുന്നത്. 2011-ല്‍ കോഡ്ജൂറ്റര്‍ ബിഷപ്പായി മാര്‍പ്പാപ്പയുടെ നിയമനം ലഭിച്ച ബിഷപ്പ് ഷാവോ, മുന്‍പ് ആറ് തവണ അറസ്റ്റിലായിട്ടുണ്ട്. ചൈനയിലെ ഭരണകൂട ഭീകരതയ്‌ക്കെതിരേ നിരന്തരം കലഹിച്ചിരുന്ന വ്യക്തിയാണിദ്ദേഹം.
ചൈനയിലെ കത്തോലിക്ക സഭയുടെ സര്‍ക്കാര്‍ അംഗീകാരമുള്ള ബിഷപ്പ് കോണ്‍ഫറന്‍സും ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനും ബിഷപ്പിന്റെ നിയമനം അംഗീകരിക്കാത്തതിനാല്‍ അദ്ദേഹം സര്‍ക്കാരുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായി ചേരാനും സഹകരിക്കാനും അദ്ദേഹം വിസമ്മതിച്ചത് അറസ്റ്റുകളുടെയും തടങ്കലുകളുടെയും ഒരു പരമ്പരയിലേക്കു നയിച്ചു.
ബിഷപ്പ് ഷാവോയെ അഞ്ച് തവണ അറസ്റ്റ് ചെയ്യുകയും ഒറ്റപ്പെടുത്തുകയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ പ്രബോധനത്തിനു വിധേയനാക്കിയെന്നും പൊന്തിഫിക്കല്‍ ചാരിറ്റി എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് 2018 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 മേയിലെ അറസ്റ്റിനെ തുടര്‍ന്ന് ഏഴ് മാസത്തോളം തടവില്‍ കഴിഞ്ഞു.
ചൈനയില്‍, കമ്മ്യൂണിസ്റ്റ് ഭരണത്തെ വെല്ലുവിളിക്കുന്ന കത്തോലിക്കാ ബിഷപ്പുമാരെ അറസ്റ്റുചെയ്യുന്നതും തടങ്കലില്‍ വയ്ക്കുന്നതും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
മേയില്‍ അറസ്റ്റ് ചെയ്ത സിന്‍ഷിയാങ്ങിലെ ബിഷപ്പ് ജോസഫ് ഷാങ് വെയ്ഷു എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. 10 വൈദികര്‍ക്കൊപ്പമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26