അതിര്‍ത്തി കടന്ന് അക്രമത്തിനു മുതിര്‍ന്ന കുടിയേറ്റക്കാരെ ജലപീരങ്കിയും കണ്ണീര്‍ വാതകവുമായി നേരിട്ട് പോളണ്ട്

 അതിര്‍ത്തി കടന്ന് അക്രമത്തിനു മുതിര്‍ന്ന കുടിയേറ്റക്കാരെ ജലപീരങ്കിയും കണ്ണീര്‍ വാതകവുമായി നേരിട്ട് പോളണ്ട്

വാഴ്സോ: ബെലാറസില്‍ നിന്ന് പോളണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ അക്രമത്തിനു മുതിര്‍ന്നപ്പോള്‍ പോളിഷ് സൈന്യം കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോളിഷ് സേനയ്ക്ക് നേരെ കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതാണ് പ്രകോപന കാരണം.അതിര്‍ത്തിക്കിപ്പുറത്തേക്ക് വലിച്ചെറിയപ്പെട്ട വസ്തു മൂലം ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായി പോളണ്ട് പോലീസ് പറഞ്ഞു.

ഈ മാസം ഇതുവരെ ബെലാറസില്‍ നിന്ന് പോളണ്ടിലേക്ക് അതിര്‍ത്തി കടക്കാന്‍ കുടിയേറ്റക്കാര്‍ അയ്യായിരത്തിലധികം ശ്രമങ്ങളാണു നടത്തിയത്. ആഴ്ചകളായി മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യൂറോപ്യന്‍ യൂണിയനില്‍ എത്താനുള്ള ശ്രമത്തില്‍ ബെലാറസ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ താല്‍ക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.

അതിനിടെയാണ് പലരും വേലി പൊട്ടിച്ച് അതിര്‍ത്തി കടന്നത്. പോളിഷ് സൈന്യം അവരെ തടഞ്ഞു.ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പിന്നാലെ കുസ്‌നിക്കയിലെ അതിര്‍ത്തി വേലി ആക്രമിച്ച കുടിയേറ്റക്കാര്‍ക്ക് സൈന്യം മറുപടി നല്‍കിയതായി പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.അതേസമയം, കുടിയേറ്റക്കാര്‍ക്കെതിരെ പോളണ്ട് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതിനെ ബെലാറസിന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യ അപലപിച്ചു.

'കുടിയേറ്റക്കാര്‍ ഞങ്ങളുടെ സൈനികരെയും ഉദ്യോഗസ്ഥരെയും കല്ലുകൊണ്ട് ആക്രമിക്കുകയും വേലി തകര്‍ത്ത് പോളണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെ ആക്രമണം തടയാന്‍ ഞങ്ങള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു,' മന്ത്രാലയം ട്വീറ്റ് ചെയ്തു. കുടിയേറ്റക്കാര്‍ സ്റ്റണ്‍ ഗ്രനേഡുകളും റോക്കറ്റുകളും പ്രയോഗിക്കുമ്പോള്‍ ബെലാറസ് സേന നോക്കിനിന്നുവെന്നും പോലീസ് ആരോപിച്ചു.എന്നാല്‍ കുടിയേറ്റക്കാര്‍ക്ക് അതിര്‍ത്തി ലംഘിക്കാന്‍ കഴിഞ്ഞില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.